മൊട്ടകളുടെ 'സംസ്ഥാന സമ്മേളനം'; സംഘടനയുണ്ടാക്കി മൊട്ടത്തലയന്മാർ

തൃശ്ശൂര്‍: വടക്കുന്നാഥന്റെ തെക്കേനടയില്‍ രാവിലെ ഒരു കൂട്ടം മൊട്ടത്തലകള്‍. വെയില്‍തട്ടി തിളങ്ങുന്ന മൊട്ടകള് പൊട്ടിച്ചിരിക്കുന്നു, വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. കണ്ടവര്‍ പതിവ് ചോദ്യമെറിഞ്ഞു, ഇതെന്താ, ഇവിടെ മൊട്ടകളുടെ സംസ്ഥാന സമ്മേളനമാണോ. അതെ, സമ്മേളനം തന്നെ. മൊട്ടത്തലയന്മാര് പുതിയ സംഘടനയുണ്ടാക്കാന്‍ കൂട്ടം ചേര്‍ന്നിരിക്കുകയാണ്. കൂട്ടായ്മയില്‍ 'മൊട്ട' എന്ന സംഘടന രൂപവത്കരിക്കുകയും ചെയ്തു.
തീരെ മുടിയില്ലാത്ത കഷണ്ടിത്തലയന്മാരല്ലിത്. കുറച്ചെങ്കിലും മുടിയുള്ളവര്‍. പക്ഷേ ദിവസവും തലമുടി വടിച്ച് നടക്കുന്നവര്‍. ഇതിന് വലിയ ധൈര്യംതന്നെ വേണം. ഇങ്ങനെയുള്ളവര്‍ക്ക് വലിയ ആത്മവിശ്വാസം ഉണ്ടാകുമെന്നും കൂട്ടായ്മയ്ക്ക് തുടക്കമിട്ട സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയായ സജീഷ് കുട്ടനെല്ലൂര്‍ പറയുന്നു.'ഇതൊരു തുടക്കമാണ്. കഷണ്ടിത്തലയന്മാരുടെ കൂട്ടായ്മകളുണ്ടെങ്കിലും തലമൊട്ടയടിക്കുന്നവരുടെ കൂട്ടായ്മ ആദ്യമായാണ്. ആഗോളതലത്തില്‍ത്തന്നെ ഇങ്ങനെയുള്ള കൂട്ടായ്മ ആദ്യത്തെയാണ്' -സജീഷ് അവകാശപ്പെടുന്നു.
സജീഷിന്റെ ആശയം മലപ്പുറത്തുള്ള യൂസഫ് കൊടിഞ്ഞിയും പട്ടാമ്പിയിലുള്ള അരുണ്‍ ജി. നായരും ഏറ്റെടുത്തപ്പോഴാണ് ഈ കൂട്ടായ്മ ഉണ്ടാകുന്നത്. സംസ്ഥാനത്തിന്റെ പല സ്ഥലത്തുള്ളവരുണ്ട് കൂട്ടായ്മയില്‍. കൂടാതെ കാനഡ, ആഫ്രിക്ക, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.
കേരളത്തിലാണ് മുടിക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്. വിദേശങ്ങളില്‍ മൊട്ടകളാണ് സുന്ദരന്മാരെന്നാണ് ഇവരുടെ പക്ഷം. സമൂഹത്തിന് പോസിറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യാനും കൂടിയാണ് കൂട്ടായ്മ. ബോഡി ഷെയിമിങ്ങിനെതിരേ പ്രചാരണമാണ് ആദ്യ തീരുമാനം. 'മൊട്ടയടിച്ചാല്‍ ഫ്രീക്കാവും അല്ലെങ്കില്‍ പെട്ടയാകും', 'വിഗ്ഗ് വെച്ചാല്‍ ഹാപ്പിയാവില്ല, വിഗ്ഗുകള്‍ വലിച്ചെറിയൂ, മുടിവടിക്കൂ' ഇത്തരം മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്.
Content Highlights: bald head association by malayalees