കേരളത്തിൽ പഠിക്കുന്ന അസം ബാലൻ; ഏഴാംക്ലാസുകാരൻ മുനവ്വർ സംസാരിക്കും ഏഴു ഭാഷകൾ

മുനവ്വർ ഹുസൈന്റെ മുൻപിൽ അൽപ്പനേരമിരുന്നാൽ ഇന്ത്യയെന്ന വൈവിധ്യത്തെ തൊട്ടും കേട്ടുമറിയാം. മലപ്പുറം കൂട്ടിലങ്ങാടി ഗവ. യു.പി. സ്‌കൂളിൽ ഏഴാംക്ലാസിൽ പഠിക്കുന്ന ഈ അസം ബാലൻ ഏഴുഭാഷകൾ സംസാരിക്കും. അസമീസ്, ബംഗ്ല, ഹിന്ദി, ഉറുദു, അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളാണ് മുനവ്വറിനു വഴങ്ങുക. പിതാവ് ഷാഹിദ് റഹ്‌മാൻ നേരത്തേ മലപ്പുറത്തെത്തിയിരുന്നെങ്കിലും നാലുവർഷം മുൻപാണ് അസമിൽനിന്ന് കുടുംബത്തെ കൊണ്ടുവന്നത്.
മൂന്നാംക്ലാസുവരെ അസമിൽ പഠിച്ച മുനവ്വറിന് അസമീസ്, ബംഗ്ല ഭാഷകൾ മാത്രമേ അറിയുമായിരുന്നുള്ളൂ. കൂട്ടിലങ്ങാടി ഗവ. യു.പി. സ്‌കൂളിൽ ചേർന്ന അവൻ പിന്നീട് സ്വന്തം അധ്വാനംകൊണ്ട് ബാക്കി ഭാഷകൾകൂടി പഠിച്ചു. ഇപ്പോൾ 'മൽപ്രം മലയാളം' മണിമണിയായി സംസാരിക്കും. കേട്ടാൽ മലപ്പുറത്തുകാരനാണെന്നേ തോന്നൂ. വിദ്യാഭ്യാസവകുപ്പിന്റെ ഇത്തവണത്തെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലെ മികച്ച പെർഫോർമർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ മിടുക്കൻ. ശനിയാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തുവെച്ച് അവാർഡ് സ്വീകരിക്കും.
മക്കൾക്ക് മികച്ച വിദ്യാഭ്യാസവും തനിക്ക് നല്ല തൊഴിലും തേടിയാണ് ഷാഹിദ് റഹ്‌മാൻ ഭാര്യ മാജിദ ബീഗത്തെയും മക്കളായ മുനവ്വറിനെയും സുൽത്താന പർവീനിനെയുംകൊണ്ട് മലപ്പുറത്തെത്തിയത്. ഷാഹിദ് ഇപ്പോൾ കടുങ്ങൂത്ത് എന്ന സ്ഥലത്ത് ചാക്കുകച്ചവടം നടത്തുകയാണ്. ഇവിടെത്തന്നെ യു.കെ.ജി. വിദ്യാർഥിനിയാണ് സുൽത്താന പർവീൻ.
അസമിലെ കർഷകകുടുംബമാണ് ഇവരുടേത്. കൂട്ടിലങ്ങാടിയിൽ താമസിക്കുന്ന ക്വാർട്ടേഴ്സിൽ അയൽവാസികൾ ഉത്തരേന്ത്യക്കാരാണ്. അവരിൽനിന്നാണ് ഹിന്ദി പഠിച്ചതെന്ന് മുനവ്വർ പറയുന്നു. മറ്റുഭാഷകളെല്ലാം താത്പര്യംകൊണ്ട് പഠിച്ചതാണ്. ഇനിയും കൂടുതൽ ഭാഷകൾ പഠിക്കണമെന്നും കേരളത്തിൽത്തന്നെ ഉയർന്ന വിദ്യാഭ്യാസംചെയ്ത് മികച്ച ജോലി നേടണമെന്നുമൊക്കെയാണ് അവന്റെ ആഗ്രഹം. ബന്ധുക്കളൊക്കെ ഇപ്പോഴും അസമിലുണ്ട്. ഉപയോഗിക്കാത്തതുകൊണ്ട് അസമീസ് ഭാഷ കുറേശ്ശെ മറന്നുപോകുന്നുണ്ടോ എന്ന ആശങ്കയിലാണ് മുനവ്വർ. കൂട്ടുകാർക്കിടയിലും അവൻ ഇപ്പോൾ താരമാണ്.
ഈ സ്‌കൂളിൽ 17 ഇതരസംസ്ഥാന വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് പ്രഥമാധ്യാപകൻ അബ്ദുൾ അസീസ് വരിക്കോടൻ പറഞ്ഞു. മറ്റുപല സ്‌കൂളുകളും പ്രായോഗിക ബുദ്ധിമുട്ടുപറഞ്ഞ് ഒഴിവാക്കുമ്പോൾ ഞങ്ങൾ അവരെ ചേർത്തുപിടിക്കുകയാണ്. അധ്യാപകരും അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. 'കേരൾ സാഥ് ഹൈ' എന്ന ഒരു സമന്വയപദ്ധതിതന്നെ ഇവർക്കായി സ്‌കൂളിൽ നടപ്പാക്കിയിട്ടുണ്ട്.
Content Highlights: assamese boy studying in kerala speaks seven languages