അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹച്ചടങ്ങ്‌ പെരിയാറിന്റെ പാതയിൽ; തിരഞ്ഞെടുത്തത് സ്വാഭിമാന വിവാഹം

#ലൈഫ്സ്റ്റൈല് ഡെസ്ക്

പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും തമ്മിലുള്ള വിവാഹത്തിന്റെ അലയൊലികൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. നവംബർ 11-നായിരുന്നു ഇരുവരുടെയും വിവാഹം. ഗ്രീസിൽവെച്ച് നടന്ന ആഡംബര വിവാഹച്ചടങ്ങിലെ ആചാരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ, ഇരുവരും സെൽഫ്-റെസ്‌പെക്ട് മാര്യേജ്(സ്വാഭിമാന വിവാഹം) ആണോ തിരഞ്ഞെടുത്തതെന്ന ആകാംക്ഷയിലാണ് ആരാധകർ.

Read Also: അനിരുദ്ധിന്റെ ജീവിതത്തിൽ പുതിയ സംഗീതം;; അനിരുദ്ധും കാവ്യ മാരനും വിവാഹിതരായി;ആദ്യ ചിത്രം പുറത്ത് 

അനിരുദ്ധ് കാവ്യയുടെ കഴുത്തിൽ മാല അണിയിക്കുന്ന ചിത്രം വൈറലായതോടെയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമായത്. ഇപ്പോഴിതാ, വിവാഹച്ചടങ്ങിൽ നടന്ന കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഡിഎംകെ ഐടി വിഭാഗം സെക്രട്ടറി ഡോ. ടി.ആർ.ബി. രാജ. ഇരുവരും സ്വാഭിമാന വിവാഹമാണ്‌ നടത്തിയതെന്ന് അദ്ദേഹം ‘എക്‌സി’ലൂടെ സ്ഥിരീകരിച്ചു. ചടങ്ങിൽ അനിരുദ്ധും കാവ്യയും ഹാരമണിയിക്കുകയും മാലകൾ കൈമാറുകയും ചെയ്തതായും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'കാവ്യയും അനിരുദ്ധും പരസ്പരം ഹാരമണിയിച്ചു... 'തലൈവർ' (എം.കെ. സ്റ്റാലിൻ) കാവ്യയ്ക്ക് മാല കൈമാറി, 'സൂപ്പർസ്റ്റാർ' (രജനികാന്ത്) അനിരുദ്ധിനും മാല കൈമാറി... വധൂവരന്മാർ പരസ്പരം മാലകൾ അണിയിക്കുകയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആശീർവാദത്തോടെ രണ്ട് ഹൃദയങ്ങൾ ഒന്നാവുകയും ചെയ്തു.' എന്നായിരുന്നു രാജയുടെ കുറിപ്പ്.

സാമൂഹിക പരിഷ്‌കർത്താവായ പെരിയാർ ഇ.വി. രാമസാമി തമിഴ്നാട്ടിൽ തുടക്കമിട്ട സ്വാഭിമാന പ്രസ്ഥാനത്തിൽ (Self Respect Movement) നിന്നാണ് ഇത്തരം വിവാഹരീതി ഉടലെടുത്തത്. പരമ്പരാഗത വിവാഹാചാരങ്ങളെയും ജാതിവിവേചനങ്ങളെയും വിവാഹച്ചടങ്ങുകളിലെ പുരോഹിതന്മാരുടെ ഇടപെടലുകളെയും ഒഴിവാക്കിക്കൊണ്ടാണ് ഈ രീതി രൂപപ്പെട്ടത്.

സ്വാഭിമാന വിവാഹത്തിൽ, സാക്ഷികളുടെ സാന്നിധ്യത്തിലാണ് വധൂവരന്മാർ പരസ്പരം പ്രതിജ്ഞയെടുക്കുകയും ഹാരങ്ങളോ മോതിരങ്ങളോ കൈമാറുകയും ചെയ്യുക. ഇതിന് പുരോഹിതന്മാരുടെയോ വിപുലമായ മതാചാരങ്ങളുടെയോ ആവശ്യമില്ല. 1967-ൽ ഹിന്ദു വിവാഹനിയമത്തിൽ ഭേദഗതി വരുത്തിയതോടെ, പരമ്പരാഗത മതാചാരങ്ങളില്ലാതെ നടത്തുന്ന സ്വാഭിമാന വിവാഹങ്ങൾക്ക് തമിഴ്നാട്ടിൽ നിയമപരമായ അംഗീകാരം ലഭിച്ചിരുന്നു.

Content Highlights: Photos from Anirudh Ravichander and Kavya Maran's luxurious Greece wedding have gone viral, sparking interest in their self-respect marriage ceremony.