കാമുകന്റെ പ്രണയലേഖനങ്ങൾ എഴുതിയത് ചാറ്റ് ജിപിടി! സത്യമറിഞ്ഞപ്പോൾ കാമുകി ഞെട്ടി; പ്രണയത്തിലും എ.ഐ കടന്നുകയറുമ്പോൾ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സാൻ ഫ്രാൻസിസ്‌കോയിലെ അലാമോ സ്‌ക്വയർ പാർക്കിൽ ഒലീവിയ തായ് എന്ന യുവതി പർപ്പിൾ നിറമുള്ള ഒരു പെട്ടി സ്ഥാപിച്ചു. കുമ്പസാരപ്പെട്ടി എന്നായിരുന്നു അതിന് നൽകിയ പേര്. ആ കുമ്പസാരപ്പെട്ടിയിൽ നിങ്ങൾ പങ്കുവയ്‌ക്കേണ്ടത് നിങ്ങളുമായി ബന്ധപ്പെട്ട ഒരു എഐ രഹസ്യമാണ്. ഒലീവിയയെപ്പോലും ഞെട്ടിക്കുന്ന പ്രതികരണമാണ് പെട്ടിക്കുള്ളിൽനിന്ന് കിട്ടിയത്. ബന്ധങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രത്തോളം കടന്നുകയറിയിരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായിരുന്നു ആ കുറിപ്പുകൾ. എന്റെ കാമുകനുമായുള്ള എല്ലാ ചാറ്റുകളും ചാറ്റ് ജി.പി.ടിയുടെ സഹായത്തോടെയാണ് ചെയ്തത്. 'തർക്കത്തിൽ ജയിക്കാൻ ഞാൻ എ.ഐ ഉപയോഗിച്ചു; അഭിമാനമില്ല, പക്ഷേ ഞാൻ ജയിച്ചു', ബ്രേക്കപ്പ് മെസേജിന് എഐയുടെ സഹായം തേടി...എന്നിങ്ങനെ നീളുന്നു ആ രഹസ്യങ്ങൾ.

അടുത്തിടെ ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു ലേഖനത്തിൽ റിലേഷൻഷിപ്പ് വിദഗ്ധയോട് ഒരു പെൺകുട്ടി ചോദിക്കുന്നുണ്ട്. കാമുകൻ എന്നും പ്രണയാതുരമായ കത്തുകൾ എഴുതുമായിരുന്നു. പക്ഷെ, കുറേനാൾ കഴിഞ്ഞാണ് അതെല്ലാം എഐ ആണെന്ന് കണ്ടെത്തിയതെന്ന്. തനിക്ക് തിരിച്ചുതോന്നിയ സ്‌നേഹം എഐയുടെ ചാറ്റിനോടായിരുന്നു എന്നു മനസ്സിലാക്കിയ പെൺകുട്ടി ബന്ധം തുടരണോ വേണ്ടയോ എന്ന സംശയത്തിലാണ്. ജോലിഭാരം കുറയ്ക്കാനും ഇ-മെയിലുകൾ അയക്കാനും എ.ഐ ടൂളുകളെ ആശ്രയിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ, പ്രണയലേഖനങ്ങൾ, ജന്മദിന ആശംസകൾ, വിവാഹപ്രതിജ്ഞകൾ തുടങ്ങിയ തികച്ചും വ്യക്തിപരമായ സന്ദേശങ്ങൾ എഴുതാൻ ചാറ്റ്ബോട്ടുകളെ ഉപയോഗിക്കുന്നത് അതിരുകടക്കലാണോ?

എ.ഐ ഉപയോഗിക്കുന്നവർക്ക് ഉള്ളിൽ 'കുറ്റബോധം'

വ്യക്തിപരമായ സന്ദേശങ്ങൾ എഴുതാൻ എ.ഐ ഉപയോഗിക്കുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് ജോർജിയയിലെ കെന്നസോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡാനിയേൽ ഹാസ് നടത്തിയ പഠനം ശ്രദ്ധേയമാണ്. എ.ഐ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുന്ന എല്ലാവരിലും ഉള്ളിന്റെ ഉള്ളിൽ ഒരുതരം കുറ്റബോധം നിലനിൽക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. മറ്റൊരാളെ വഞ്ചിക്കുകയാണെന്നോ കൃത്രിമത്വം കാണിക്കുകയാണെന്നോ ഉള്ള തോന്നലാണ് ഈ കുറ്റബോധത്തിന് പിന്നിൽ.

ബന്ധങ്ങളിൽ വിശ്വാസ്യത കുറയുന്നു

എ.ഐ ഉപയോഗിച്ചാണ് സന്ദേശം അയച്ചതെന്ന് തുറന്നുപറഞ്ഞാൽ പോലും, അയക്കുന്ന വ്യക്തിയെക്കുറിച്ച് മറ്റുള്ളവരിൽ നെഗറ്റീവ് ചിന്താഗതിയാണ് ഉണ്ടാകുന്നതെന്ന് ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഗവേഷകൻ സ്‌കോട്ട് ക്ലേസെൻസ് ചൂണ്ടിക്കാട്ടുന്നു. എ.ഐയെ ആശ്രയിക്കുന്നവരെ മടിയന്മാരായും കഴിവുകുറഞ്ഞവരായും, വിശ്വസിക്കാൻ കൊള്ളാത്തവരായുമാണ് സമൂഹം വിലയിരുത്തുന്നത്.

പണ്ടുകാലത്തും ആളുകൾ ആശംസാ കാർഡുകളിലെയും കവിതകളിലെയും വരികൾ കടമെടുക്കാറുണ്ടായിരുന്നു. എന്നാൽ, ഒരു പ്രയത്‌നവുമില്ലാതെ എ.ഐ നിർമ്മിച്ചു നൽകുന്ന വരികൾ ബന്ധങ്ങളുടെ ഊഷ്മളത കെടുത്തുന്നു. 'നമ്മുടെ സാമൂഹിക ബന്ധങ്ങളിൽ മറ്റുള്ളവരിൽനിന്ന് നമ്മൾ ആഗ്രഹിക്കുന്നത് അവരുടെ പരിശ്രമമാണ്. ആ ബന്ധത്തിന് അവർ എത്രത്തോളം വില നൽകുന്നു എന്നതിന്റെ അടയാളമാണത്.' ക്ലേസെൻസ് പറയുന്നു.

എപ്പോഴാണ് എ.ഐ ഉപയോഗം അതിരുകടക്കുന്നത്?

വ്യക്തിപരമായ സന്ദേശങ്ങളിൽ എ.ഐ ഉപയോഗിക്കാമോ എന്നറിയാൻ ഹാർവാർഡ് സർവ്വകലാശാലയിലെ സാറാ ന്യൂമാൻ മുന്നോട്ടുവെക്കുന്ന മാനദണ്ഡം ലളിതമാണ്. നിങ്ങളുടെ വിവാഹപ്രതിജ്ഞ എഴുതാൻ എ.ഐ ഉപയോഗിച്ചുവെന്ന് പങ്കാളിയോട് തുറന്നുപറയാൻ നിങ്ങൾക്ക് മടിയുണ്ടെങ്കിൽ, അത് ഉപയോഗിക്കരുത്. വ്യക്തിപരമായ സന്ദേശങ്ങൾ എപ്പോഴും കുറ്റമറ്റതാകണമെന്നില്ല. അവയിലെ ചെറിയ അപൂർണ്ണതകളാണ് ആ സന്ദേശങ്ങളെ കൂടുതൽ ആത്മാർത്ഥവും ഹൃദ്യവുമാക്കുന്നത്.

അതേസമയം, ചില പ്രത്യേക സാഹചര്യങ്ങളിൽ എ.ഐ ബന്ധങ്ങളെ സഹായിക്കാറുണ്ടെന്നും വിദഗ്ധർ സമ്മതിക്കുന്നു. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന പങ്കാളികൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ എ.ഐ സഹായകമാകും. ഡിസെലെക്‌സിയ പോലുള്ള പഠനവൈകല്യമുള്ളവർക്ക് തങ്ങളുടെ വികാരങ്ങൾ കൃത്യമായി എഴുതി ഫലിപ്പിക്കാൻ എ.ഐ ടൂളുകൾ ഉപയോഗിക്കാം. എങ്കിലും, വൈകാരികമായ നിമിഷങ്ങളിൽ മനുഷ്യൻ മനുഷ്യനായിത്തന്നെ നിൽക്കണമെന്നാണ് മനഃശാസ്ത്രജ്ഞരുടെ പക്ഷം. 'വ്യക്തിപരമായ സന്ദേശങ്ങൾ അയക്കുമ്പോൾ തോന്നുന്ന ആ കുറ്റബോധം യഥാർത്ഥത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഇവിടെയാണ് നിങ്ങൾ ഒരു മനുഷ്യനായി ഇടപെടേണ്ടത് എന്നാണത്.' പ്രൊഫസർ ഡാനിയേൽ ഹാസ് പറയുന്നു.

Content Highlights: Explore how AI tools affect trust in relationships, with experts debating the ethical boundaries of AI in personal communication and emotional expression.