അമേരിക്കൻ സെനറ്റിൽ ചരിത്രം കുറിച്ച് അബ്ദുൾ എൽ-സയീദ്; ആഹ്ലാദത്തിമിർപ്പിൽ കർണാടകയിലെ തീരദേശ നഗരം 'ഭട്കൽ'

TOPSHOT - Democratic US Senate candidate Abdul El-Sayed and his wife, Dr. Sarah Jukaku, take the stage after he declares victory during a midterm election night party at The Department at Hudson's in Detroit, Michigan, early on November 4, 2026. Democrat Abdul El-Sayed said early Wednesday that he had won a US Senate seat in Michigan over former Republican lawmaker Mike Rogers, which would make him the first Muslim elected to the upper chamber of Congress. "Michigan, we did it!" El-Sayed said in a speech at his election headquarters in Detroit. (Photo by Jeff Kowalsky / AFP)
TOPSHOT - Democratic US Senate candidate Abdul El-Sayed and his wife, Dr. Sarah Jukaku, take the stage after he declares victory during a midterm election night party at The Department at Hudson's in Detroit, Michigan, early on November 4, 2026. Democrat Abdul El-Sayed said early Wednesday that he had won a US Senate seat in Michigan over former Republican lawmaker Mike Rogers, which would make him the first Muslim elected to the upper chamber of Congress. "Michigan, we did it!" El-Sayed said in a speech at his election headquarters in Detroit. (Photo by Jeff Kowalsky / AFP)

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ വേറിട്ടൊരു അധ്യായം കുറിച്ചുകൊണ്ട് മിഷിഗണിൽനിന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൾ എൽ-സയീദ് യു.എസ്. സെനറ്റിലേക്ക് വിജയിച്ചുകയറുമ്പോൾ, അതിന്റെ ആഹ്ലാദവും ആവേശവും 8,000 കിലോമീറ്ററുകൾക്കപ്പുറം ഇന്ത്യയിലെ കർണാടക തീരത്തെ ഒരു ചെറിയ പട്ടണത്തിലും പ്രതിധ്വനിക്കുകയാണ്. യു.എസ്. സെനറ്റിലെത്തുന്ന ആദ്യ മുസ്ലിം അംഗമെന്ന ചരിത്രനേട്ടം എൽ-സയീദ് സ്വന്തമാക്കുമ്പോൾ, കർണാടകയിലെ ഭട്കൽ എന്ന തീരദേശ നഗരത്തിന് ഇത് തങ്ങളുടെ കുടുംബപ്പെരുമയുടെ വിജയസാഫല്യം കൂടിയാണ്.

അബ്ദുൾ എൽ-സയീദിന്റെ പത്‌നിയും പ്രശസ്ത സൈക്യാട്രിസ്റ്റുമായ ഡോ. സാറാ ജുക്കാക്കുവിന്റെ കുടുംബവേരുകൾ തിരഞ്ഞുചെല്ലുന്നത് ഭട്കലിലേക്കാണ്. കർണാടക സംസ്ഥാന രൂപീകരണത്തിനും മുൻപ്, അതായത് ഏതാണ്ട് ഏഴര പതിറ്റാണ്ട് മുമ്പ് തന്നെ ഈ പ്രദേശത്തിന്റെ വികസനത്തിന് അടിത്തറയിട്ട പ്രമുഖ 'ജുക്കാക്കു' കുടുംബത്തിലെ അംഗമാണ് സാറ.

അറേബ്യൻ കടലിനും പശ്ചിമഘട്ട മലനിരകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഭട്കൽ നഗരം നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്രവ്യാപാര ചരിത്രത്തിന് പേരു കേട്ടതാണ്. ഏകദേശം 600 വർഷങ്ങൾക്ക് മുമ്പ് യെമൻ, പേർഷ്യ, ഇറാഖ് എന്നിവിടങ്ങളിൽനിന്ന് കച്ചവടത്തിനായി ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തെത്തി തമ്പടിച്ച നവായത് എന്ന മുസ്ലിം വ്യാപാരി സമൂഹമാണ് ഈ പ്രദേശത്തിന്റെ സാംസ്‌കാരിക അടയാളം. കൊങ്കണി, പേർഷ്യൻ, അറബിക്, ഉറുദു ഭാഷകൾ ചേർന്ന തനതായ 'നവായതി' ഭാഷ സംസാരിക്കുന്ന ഈ ജനവിഭാഗത്തിലെ ഏറ്റവും പ്രമുഖ കുടുംബങ്ങളിലൊന്നാണ് ജുക്കാക്കു കുടുംബം.

സാറാ ജുക്കാക്കുവിന്റെ മുത്തശ്ശനായ ജെ.എച്ച്. ഷംസുദ്ദീൻ ജുക്കാക്കു പ്രദേശത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകനും ഭരണകർത്താവുമായിരുന്നു. നവായത് സമൂഹത്തിൽ നിന്നുള്ള ആദ്യ വക്കീലും മൈസൂരു സംസ്ഥാനത്തെ (ഇന്നത്തെ കർണാടക) മുൻ മുഖ്യമന്ത്രി ബി.ഡി. ജാട്ടിയുടെ മന്ത്രിസഭയിൽ ഡെപ്യൂട്ടി ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച ആദ്യ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം.

'ഭട്കലിന്റെ ടൗൺ പ്ലാനിങ്, വിശാലമായ റോഡുകൾ, വൈദ്യുതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഈ നാടിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കെല്ലാം ആദ്യം ആസൂത്രണം നടത്തിയത് ഷംസുദ്ദീൻ സാഹിബാണ്,' എന്ന് പ്രാദേശിക മാധ്യമപ്രവർത്തകനും ജെ.എച്ച്. ഷംസുദ്ദീൻ - സർവീസ് എബൗ സെൽഫ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ അഫ്താബ് ഹുസൈൻ കോള പറയുന്നു.

തത്വദീക്ഷയും മൂല്യബോധവും കൈമുതലാക്കിയ അദ്ദേഹം തന്റെ 52-ാം വയസ്സിൽ അന്തരിക്കുമ്പോൾ ഭാര്യ സുബൈദ ബീഗത്തെയും ആറ് പെൺമക്കളെയും നാല് ആൺമക്കളെയും നാടിന് മാതൃകയായ ഒരു വലിയ പാരമ്പര്യത്തെയുമാണ് ബാക്കിവെച്ചത്. ഭട്കലിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ചാരിറ്റബിൾ ട്രസ്റ്റായ 'അഞ്ചുമൻ ഹാമി-ഇ-മുസ്ലിമീൻ' തങ്ങളുടെ ഭരണനിർവഹണ മന്ദിരത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി 'ഷംസുദ്ദീൻ മന്ദിർ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. നഗരത്തിലെ ഒരു പ്രധാന കവല ദീർഘകാലം 'ഷംസുദ്ദീൻ സർക്കിൾ' എന്നറിയപ്പെട്ടിരുന്നു.

ഷംസുദ്ദീന്റെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ മക്കൾ ഉന്നത വിദ്യാഭ്യാസത്തിനും ബിസിനസ്സിനുമായി ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്ക് ചേക്കേറി. സാറയുടെ പിതാവായ ഡോ. ജുക്കാക്കു എസ്. തായെബ് 1976-ൽ ബെംഗളൂരു മെഡിക്കൽ കോളേജിൽ നിന്നാണ് മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് മിഡിൽ ഈസ്റ്റിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1980-കളിൽ അമേരിക്കയിലേക്ക് കുടിയേറുകയും മിഷിഗണിലെ പ്രശസ്തനായ നെഫ്രോളജിസ്റ്റായി മാറുകയും ചെയ്തു.

അമേരിക്കയിൽ ജനിച്ചുവളർന്ന സാറ, മിഷിഗൺ സർവകലാശാലയിലെ പഠനകാലത്താണ് അബ്ദുൾ എൽ-സയീദുമായി പരിചയപ്പെടുന്നത്. തുടർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ ഉപരിപഠനം നടത്തുകയും കൊളംബിയ സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. നിലവിൽ പ്രശസ്തമായ മിഷിഗൺ യൂണിവേഴ്‌സിറ്റി ഹെൽത്തിൽ സൈക്യാട്രി വിഭാഗത്തിൽ ഉന്നത തസ്തികയിൽ ജോലി ചെയ്യുകയാണ് സാറ.

'ദാമ്പത്യത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഞാൻ ഒരു ഈജിപ്ഷ്യൻ വംശജനേക്കാൾ കൂടുതൽ ഇന്ത്യക്കാരനായി മാറിയിരിക്കുന്നു' എന്ന് ഒരു അഭിമുഖത്തിൽ എൽ-സയീദ് തമാശയായി പറഞ്ഞത് വാർത്തകളിൽ ഇടംനേടിയിരുന്നു. താൻ എപ്പോഴും 'ദേസി' സ്ത്രീകളാൽ ചുറ്റപ്പെട്ടാണുള്ളതെന്നും ഭാര്യ സാറയും രണ്ട് പെൺമക്കളും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്താണെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

എൽ-സയീദിന്റെ വിജയം ഭട്കലിലുള്ളവർ ആഘോഷിക്കുകയാണ്. 'ഞങ്ങളുടെ മുത്തശ്ശന്റെ പാരമ്പര്യം ജനങ്ങൾ ഇന്നും ഓർക്കുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട്. കുറച്ചുകാലം മുൻപുവരെ സാറയും കുടുംബവും ബെംഗളൂരുവിലും ഭട്കലിലുമുള്ള ഞങ്ങളുടെ തറവാട്ടു വീട്ടിൽ വരുമായിരുന്നു. വേരുകൾ മറക്കാതിരിക്കാൻ കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ആ നിമിഷങ്ങൾ എന്നും പ്രിയപ്പെട്ടതാണ്' എന്ന് സാറയുടെ ബന്ധുവായ ജുക്കാക്കു ഷംസുദ്ദീൻ സിയ പറഞ്ഞു. യു.എ.ഇയിലും ബെംഗളൂരുവിലുമായി ബിസിനസ് ചെയ്യുകയാണ് ഇയാൾ.

തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളിൽ എതിരാളികളിൽനിന്നു വലിയ വംശീയ അധിക്ഷേപങ്ങളും ഹിജാബ് അടക്കമുള്ള വ്യക്തിപരമായ വിഷയങ്ങളിൽ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നെങ്കിലും, അതൊന്നും കൂട്ടാക്കാതെ തങ്ങളുടെ കർത്തവ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു എൽ-സയീദും സാറയും മുന്നോട്ടുപോയത്.

ഏഷ്യൻ, അറബ് സമൂഹങ്ങൾക്ക് യു.എസ്. ജനപ്രതിനിധി സഭയിലും സെനറ്റിലും വർധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവുകൂടിയാണ് എൽ-സയീദിന്റെ ഈ ചരിത്രനേട്ടം. ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രോഗ്രസീവ് വിഭാഗത്തിന്റെ ശക്തനായ നേതാവായ എൽ-സയീദ്, സാർവത്രിക ആരോഗ്യ ഇൻഷുറൻസ്, പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്.

Content Highlights: Discover Abdul El-Sayed's deep connections to Bhatkal, Karnataka, highlighting his family's rich history and cultural legacy in the region.