ട്രംപിനെ ഇംപീച്ച് ചെയ്യാനെത്തിയ സ്പീക്കര്‍ പെലോസി അണിഞ്ഞ കറുത്തവസ്ത്രത്തിലാണ് ഫാഷന്‍ ആരാധകരുടെ കണ്ണ്

അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി രണ്ട് ഈംപീച്ച്‌മെന്റ് വേളകളിലും,twitter.com|TravisAllen02
അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി രണ്ട് ഈംപീച്ച്‌മെന്റ് വേളകളിലും,twitter.com|TravisAllen02

അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വനിത. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം അംഗീകരിച്ച ജനപ്രതിനിധി സഭ നിയന്ത്രിച്ചത് സ്പീക്കര്‍ നാന്‍സി പെലോസിയായിരുന്നു. ഈ ധീരമായ തീരുമാനം കൊണ്ടു മാത്രമല്ല വേഷം കൊണ്ടും പെലോസി ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോള്‍.

പൂര്‍ണമായും കറുത്ത വേഷത്തിലായിരുന്നു ചരിത്ര സന്ദര്‍ഭത്തില്‍ പെലോസി സഭയില്‍ എത്തിയത്. പെലോസിയുടെ വേഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചിലരാണ് കൗതുകകരമായ ഒരു കാര്യം കണ്ടെത്തിയത്. 2019 -ല്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അംഗീകരിച്ചപ്പോഴും പെലോസി ധരിച്ചത് ഇതേ കറുത്ത വസ്ത്രം തന്നെ. ഒരേയൊരു മാറ്റം ഇപ്പോള്‍ ധരിച്ചിരിക്കുന്ന മാസ്‌ക് മാത്രം.  പ്രസിഡന്റിന്റെ കുറ്റവിചാരണയ്ക്ക് അംഗീകാരം നല്‍കുന്ന ചടങ്ങില്‍ ധരിക്കാന്‍വേണ്ടി മാത്രം വാങ്ങിയതാണോ ഈ കറുത്ത വസ്ത്രമെന്നാണ് ചിലരുടെ സംശയം. അമേരിക്കയുടെ പുതിയ വൈസ്പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന കമലാഹാരിസിന്റെ ബന്ധു മീനാ ഹാരിസും പെലോസിയുടെ ഈ രണ്ട് സന്ദര്‍ഭങ്ങളിലെയും ഔട്ട് ഫിറ്റിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.  പെലോസിയുടെ ഈ വേഷത്തിന് ഫാഷന്‍ ആരാധകര്‍ ഈംപീച്ച്മെന്റ് ഡ്രെസ് എന്ന് പേരും നല്‍കി കഴിഞ്ഞു.

വസ്ത്രധാരണത്തിലൂടെ പെലോസി ജനങ്ങള്‍ക്കു വ്യക്തമായ സന്ദേശം നല്‍കുകയാണ് എന്നാണ് പലരുടെയും അഭിപ്രായം. ഞങ്ങള്‍ക്കും ഇത്തരത്തില്‍ ഒരു വസ്ത്രം വേണമെന്നും, നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ തങ്ങളും ട്രംപിനെതിരായ പ്രമേയം പാസ്സാക്കുന്ന ദിവസം കറുത്ത വേഷം ധരിക്കുമായിരുന്നെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ക്ക് പലരും നല്‍കിയ കമന്റ്. ദ് ക്യൂന്‍ ഓഫ് ഷെയ്ഡ് എന്നാണു ഒരാള്‍ പെലോസിയെ വിശേഷിപ്പിക്കുന്നത്.

അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രസിഡന്റ് രണ്ടു തവണ ഈംപീച്ച്മെന്റ് നടപടികള്‍ക്കു വിധേയനാകുന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും അധികാരം കൈമാറാതെ അക്രമത്തിനു പ്രോത്സാഹനം നല്‍കി എന്ന കുറ്റമാരോപിച്ചാണ് ഇത്തവണ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ സഭ ഒരുങ്ങുന്നത്.

Content Highlights: Speaker of the United States Nancy Pelosi  has an official Impeachment outfit

Content Highlights: