ലൈം ഗ്രീൻ നിറത്തിലുള്ള ലെഹങ്കയിൽ നിറവയറുമായി സോനം; സീമന്തം ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് നടി

സീമന്തം ചടങ്ങിനിടെ സോനം കപൂര്‍/ ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം | Photo: instagram/ sonam kapoor
സീമന്തം ചടങ്ങിനിടെ സോനം കപൂര്‍/ ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം | Photo: instagram/ sonam kapoor

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നടി സോനം കപൂറും ഭർത്താവും ബിസിനസുകാരനുമായ ആനന്ദ് അഹൂജയും. കഴിഞ്ഞ ദിവസം സോനത്തിന്റെ സീമന്തം (ഗോധ് ഭരായ്) ചടങ്ങുകൾ നടന്നു. ബോളിവുഡ് സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോനം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.

പ്രിയപ്പട്ടെ കൂട്ടുകാരെല്ലാം ചടങ്ങിനെത്തിയത് കൂടുതൽ സന്തോഷം നൽകുന്നുവെന്നും ഇത് സംഘടിപ്പിച്ചതിന് അമ്മയ്ക്കും സഹോദരിക്കും ഭർതൃമാതാവിനും നന്ദി പറയുന്നുവെന്നും സോനം കുറിച്ചു. ഗർഭിണിയുടെ സന്തോഷത്തിനും മനോവികാസത്തിനും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും അനായാസകരമായ വളർച്ചയ്ക്കുമാണ് ഈ ചടങ്ങ് നടത്തിയതെന്നും സോനം പോസ്റ്റിൽ പറയുന്നുണ്ട്.

കരീനാ കപൂർ, അർജുൻ കപൂർ, ശബാന ആസ്മി, അൻഷുല കപൂർ തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികൾ ചടങ്ങിനെത്തി.

ഷെഹ്ല ഖാൻ ഡിസൈൻ ചെയ്ത ലൈം ഗ്രീൻ ലെഹങ്കയായിരുന്നു സോനത്തിന്റെ ഔട്ട്ഫിറ്റ്. ഫ്‌ളോറൽ ഹാൻഡ് എംബ്രോയ്ഡറി ഇതിനെ വ്യത്യസ്തമാക്കി. ഏറെ മൃദുലമായ വസ്ത്രമായിരുന്നു അതെന്നും വളരെ ശ്രദ്ധയോടെ തനിക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ആ ലെഹങ്കയെന്നും സോനം കുറിച്ചു. സഹോദരി റിയാ കപൂറും ഈ ഡിസൈനിന്റെ ഭാഗമാണെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ നവംബറിലാണ് താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത സോനം അറിയിച്ചത്. 'MOTHER' എന്ന അടിക്കുറിപ്പോടെ പിങ്ക് സ്യൂട്ടിലുള്ള ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ഇത്. 2018-ലായിരുന്നു സോനത്തിന്റേയും ആനന്ദിന്റേയും വിവാഹം. 2022 ഓഗസ്റ്റിൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് 'വായു' ജനിച്ചു. 2023-ൽ പുറത്തിറങ്ങിയ 'ബ്ലൈൻഡ്' എന്ന ചിത്രത്തിലാണ് സോനം അവസാനമായി അഭിനയിച്ചത്.

Content Highlights: sonam kapoor shares baby shower video