ശീമാട്ടി യങ് 'ഫെയ്‌സ് ഓഫ് ദി യങ് 2026' ഗ്രാൻഡ് ഫിനാലെ വേദിയിൽ കിരീടമണിഞ്ഞ് വിജയികൾ

കൊച്ചി: കേരളത്തിലെ യുവതലമുറയുടെ ആത്മവിശ്വാസവും വ്യക്തിത്വവും കഴിവുകളും കണ്ടെത്തുന്നതിനായി ശീമാട്ടി യങ് സംഘടിപ്പിച്ച 'ഫെയ്‌സ് ഓഫ് ദി യങ് ഗ്രാൻഡ് ഫിനാലെ 2026' (സീസൺ 3) കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് വിജയകരമായി നടന്നു. കേരളത്തിലുടനീളമുള്ള യുവതീയുവാക്കളിൽ നിന്ന് 2,000-ത്തിലധികം എൻട്രികളാണ് മത്സരത്തിന് ലഭിച്ചത്.
ശീമാട്ടി കൊച്ചിയിൽ വെച്ച് നടന്ന രണ്ട് റൗണ്ട് ഓഡിഷനുകൾക്ക് ശേഷമാണ് അവസാന മത്സരത്തിലേക്ക് അർഹത നേടിയ 20 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ടീൻ (13-18 വയസ്സ്), യങ് (19-25 വയസ്സ്) എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ശീമാട്ടിയുടെ വരാനിരിക്കുന്ന ക്യാമ്പെയ്‌നുകളുടെ പ്രധാന മുഖങ്ങളായി മാറുക എന്നതാണ് ഈ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ കാത്തിരിക്കുന്ന ഏറ്റവും വലിയ സവിശേഷത.
ഗംഭീരമായ മത്സരത്തിനൊടുവിൽ ടീൻ വിഭാഗത്തിൽ വേദ അനിൽകുമാർ ജേതാവായി കിരീടമണിഞ്ഞു. അനാനിക വിഷ്ണു ഒന്നാം റണ്ണറപ്പായും, വിവാൻ വിനോദ് രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. യങ് വിഭാഗത്തിൽ വർണ രാജൻ വിജയിയായി മാറി. ആതിര അജിത്ത് ഒന്നാം റണ്ണറപ്പ് സ്ഥാനവും, ടോം പോൾജി രണ്ടാം റണ്ണറപ്പ് സ്ഥാനവും സ്വന്തമാക്കി.
ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ, ശീമാട്ടി ഹെഡ് ഡിസൈനർ ജോബിൻ ജോയ്, മോഡലും ഫിലിം മേക്കറുമായ മോനിഷ മോഹൻ മേനോൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ വെച്ച് ബീന കണ്ണൻ വിജയികളെ കിരീടം അണിയിച്ച് ആദരിച്ചു. ഫാഷൻ രംഗത്തെ പ്രമുഖരും ഫൈനലിസ്റ്റുകളുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സമാപനത്തോട് അനുബന്ധിച്ച്, പ്രശസ്ത റാപ്പർമാരായ എം.സി. കൂപ്പർ, എം.എച്ച്.ആർ. എന്നിവരുടെ തകർപ്പൻ ലൈവ് കൺസേർട്ടും അരങ്ങേറി. ഇരുവരുടെയും ആവേശകരമായ സംഗീത വിരുന്നോടെയാണ് ഈ വർഷത്തെ ഫെയ്‌സ് ഓഫ് ദി യങ് മത്സരങ്ങൾക്ക് സമാപനമായത്.
Content Highlights: The grand finale of Seematti Young's 'Face of the Young 2026' (Season 3) concluded successfully in Kochi. Over 2,000 entries were filtered down to 20 finalists. Veda Anilkumar won the Teen category, and Varna Rajan secured the Young title.