മൗനി റോയിയുടെ വിവാഹ ലെഹംഗയിലും സബ്യസാചി ടച്ച്; ദുപ്പട്ടയില്‍ സ്‌പെഷല്‍ സന്ദേശം കുറിച്ച് ഡിസൈന്‍

ജനുവരി 27-ന് ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടില്‍വെച്ചായിരുന്നു ബോളിവുഡ് നടി മൗനി റോയിയുടെയും മലയാളിയായ സൂരജ് നമ്പ്യാരുടെയും വിവാഹം. പരമ്പരാഗത കേരളശൈലിയിലുള്ള വിവാഹചടങ്ങുകള്‍ക്കുശേഷം ബംഗാളി ശൈലിയുള്ള വിവാഹവും നടന്നിരുന്നു. ഇരുവിവാഹച്ചടങ്ങുകളില്‍നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. കേരളശൈലീ വിവാഹത്തിന് വെള്ളയില്‍ ചുവന്ന ബോര്‍ഡറുള്ള ബംഗാളി സാരി കേരള സ്‌റ്റൈലിലാണ് മൗനി ഉടുത്തത്.
ബോളിവുഡ് നടിമാരുടെ ഇഷ്ട ഡിസൈനറായ സബ്യസാചി ഡിസൈന്‍ ചെയ്ത ലെഹംഗയാണ് ബംഗാളി ശൈലിയിലുള്ള വിവാഹത്തിന് മൗനി ധരിച്ചത്. ചുവപ്പില്‍ സ്വര്‍ണനിറമുള്ള എംബ്രോയ്ഡറി വര്‍ക്ക് ചെയ്തതാണ് ലെഹംഗ. ബ്ലൗസിലും സമാന ഡിസൈനോടുകൂടിയ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. രണ്ട് ദുപ്പട്ടകളാണ് ലെഹംഗയ്ക്ക് ഉള്ളത്. ഒന്ന് തലയില്‍ ധരിച്ചപ്പോള്‍ മറ്റേത് ലെഹംഗയ്‌ക്കൊപ്പം അണിഞ്ഞു.
തലയില്‍ അണിഞ്ഞ ദുപ്പട്ടയില്‍ മൗനിക്കായി സ്‌പെഷ്യല്‍ സന്ദേശവും സബ്യസാചി തുന്നിച്ചേര്‍ത്തിരുന്നു. 'ആയുഷ്മതി ഭവ' എന്ന സംസ്‌കൃത പദമാണ് ദുപ്പട്ടയില്‍ തുന്നിച്ചേര്‍ത്തത്. ദീര്‍ഘായുസ്സുണ്ടാകട്ടെ എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം.
ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ വിവാഹ ലെഹംഗയുടെ ദുപ്പട്ടയുമായി ഏറെ സാമ്യതയുണ്ട് മൗനിയുടേതിനുമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. സബ്യസാചി തന്നെയാണ് ദീപികയുടെ ലെഹംഗയും ഡിസൈന്‍ ചെയ്തത്.
ദുബായില്‍ ബാങ്കറാണ് മൗനിയുടെ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.
Content highlights: sabyasachi touch on mouni roys wedding dress dupatta with special message
Content Highlights: