'പേടിച്ച് നാല് ദിവസം വീടിന് പുറത്തിറങ്ങിയില്ല'; സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ച് രാധിക ആപ്‌തെ

തന്റെ നിലപാടുകളിലും വേഷങ്ങളിലും എന്നും വേറിട്ടുനിൽക്കുന്ന ബോളിവുഡ് താരമാണ് രാധിക ആപ്‌തെ. എന്നാൽ കരിയറിലെ ചില ഘട്ടങ്ങൾ തന്നെ എത്രത്തോളം ബുദ്ധിമുട്ടിച്ചുവെന്ന് താരം തുറന്നുപറഞ്ഞിരിക്കുകയാണ്. അടുത്തിയിടെ നൽകിയ അഭിമുഖത്തിലാണ് രാധിക ഇതിനെക്കുറിച്ച് മനസ് തുറന്നത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു ഷോർട്ടിഫിമിലെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തെക്കുറിച്ചും, അത് തന്റെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും എങ്ങനെയെല്ലാം ബാധിച്ചുവെന്നുമാണ് രാധിക ആപ്‌തെ വെളിപ്പെടുത്തിയത്. ആ സംഭവം നടന്ന് ദിവസങ്ങളോളം ആഘാതത്തിൽ നിന്ന് മുക്തയാകാൻ സാധിച്ചില്ലെന്നും, ജനങ്ങളെയും മാധ്യമങ്ങളെയും ഭയന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നും അവർ പറഞ്ഞു.
അനുരാഗ് കശ്യപിന്റെ അന്താരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായി ചിത്രീകരിച്ച സീനുകളാണ് അന്ന് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ആ ദൃശ്യങ്ങൾ ചോരുകയായിരുന്നു. 'ആ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി. നാല് ദിവസത്തോളം എനിക്ക് വീടിന് പുറത്തിറങ്ങാൻ പോലും സാധിച്ചില്ല. എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ അവർ മുന്നിൽ കണ്ട ചിത്രങ്ങളിലൂടെയാകും വിലയിരുത്തുക എന്ന് ഞാൻ ഭയന്നു. ഈ സംഭവം വലിയ രീതിയിലുള്ള മാനസിക സമ്മർദമാണ് തനിക്ക് ഉണ്ടാക്കിയതെന്നും രാധിക പറഞ്ഞു.
ഈ സംഭവത്തിന് ശേഷവും രാധികയ്ക്ക് സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റൊരാളുടെ ചിത്രങ്ങൾ രാധികയുടേതാണെന്ന പേരിൽ പ്രചരിപ്പിച്ച സംഭവവും ഉണ്ടായതായി താരം വ്യക്തമാക്കി. അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. ആളുകൾ എന്നെക്കുറിച്ചുണ്ടാക്കിയ ധാരണകൾ തെറ്റാണെന്ന് സ്ഥാപിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ലെന്നും രാധിക പറഞ്ഞു.
ആരെങ്കിലും ആ ദൃശ്യം കണ്ട് പ്രകോപിതനായി നേരിട്ട് വീട്ടിലെത്തുമോ എന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്ന് അവർ വ്യക്തമാക്കി. ആ സമയത്ത് താൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ സുരക്ഷയെക്കുറിച്ചുള്ള ഭയം കൂടുതൽ ശക്തമായിരുന്നുവെന്നും രാധിക പറഞ്ഞു. തന്റെ ഡ്രൈവറെയും സ്‌പോട്ട് ദാദയെയും വിളിച്ച് സംഭവത്തെക്കുറിച്ച് സംസാരിച്ചെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒപ്പം നിൽക്കാൻ കഴിയുമോ എന്ന് അവരോട് ചോദിച്ചെന്നും നടി വെളിപ്പെടുത്തി. ഇരുവരും തനിക്കൊപ്പം നിൽക്കാമെന്ന് ഉറപ്പുനൽകിയതോടെ കുറച്ചെങ്കിലും ആശ്വാസം ലഭിച്ചുവെന്നും രാധിക പറഞ്ഞു.
അഭിനേതാക്കൾ ഒരു സിനിമയ്ക്കായി സമ്മതിച്ച് ചെയ്യുന്ന സ്വകാര്യ രംഗങ്ങളും പിന്നീട് അനുമതിയില്ലാതെ പുറത്തുപോകുന്ന ദൃശ്യങ്ങളും തമ്മിലുള്ള വ്യത്യാസമാണ് രാധികയുടെ അനുഭവം വ്യക്തമാകുന്നത്. ഒരു നടി ഒരു രംഗം സിനിമയുടെ ഭാഗമായാണ് ചെയ്യുന്നത്. എന്നാൽ അതേ ദൃശ്യം നിയന്ത്രണമില്ലാതെ പുറത്തേക്ക് പോകുമ്പോൾ അത് വ്യക്തിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന സാഹചര്യമാകാം. സിനിമാസെറ്റിൽ അവസാനിക്കുന്നതായി കരുതുന്ന ഒരു സംഭവം എങ്ങനെ വീടിന്റെ വാതിൽക്കൽവരെ എത്താമെന്നതിന്റെ അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും രാധിക പറഞ്ഞു.
തുടക്കത്തിൽ വലിയ ഭയം തോന്നിയെങ്കിലും, പിന്നീട് തന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരം ഭയങ്ങളെ അതിജീവിക്കാനും രാധികയ്ക്ക് സാധിച്ചു. 'പാർച്ച്ഡ്' പോലുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും അഭിനയത്തിലൂടെത്തന്നെ താരം മറുപടി നൽകി. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാനിക്കാത്ത സൈബർ അന്തരീക്ഷത്തിനെതിരെ പലപ്പോഴും ശബ്ദമുയർത്തിയിട്ടുള്ള രാധിക, ഇത്തരം ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ മനോഭാവത്തെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
Content Highlights: Radhika Apte discussed the trauma of her leaked private video from an Anurag Kashyap short film., She admitted staying indoors for four days due to fear, anxiety, and societal judgment., She highlighted the severe impact of privacy breaches on actors' mental health and safety.