പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ; കറുപ്പ് ഗൗണില്‍ സ്റ്റൈലിഷായി പ്രീതിയുടെ പാരിസ് റീല്‍

90സ് കിഡ്‌സിന്റെ മനസില്‍ എപ്പോഴും സൗന്ദര്യത്തിന്റെ പ്രതീകമായ മുഖങ്ങളിലൊന്നാണ് പ്രീതി സിന്റയുടേത്. 90-കളുടെ അവസാനിത്തിലും 2000-ത്തിലും പ്രീതി ബോളിവുഡിന്റെ താരറാണിയായിരുന്നു. സ്‌ക്രീനില്‍ അവരെ കണ്ട് നമ്മള്‍ 'എന്തൊരു സൗന്ദര്യമാണെ'ന്ന് മനസില്‍ പറഞ്ഞിട്ടുണ്ട്.
അടുത്ത ജനുവരി 31-ന് പ്രീതിക്ക് 50 വയസ് പൂര്‍ത്തിയാകും. പക്ഷേ ഇപ്പോഴും ആ പഴയ സൗന്ദര്യത്തിൽ യാതൊരു ഒരു കുറവും വന്നിട്ടില്ല. ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മത്സരങ്ങള്‍ക്കായി ഗാലറിയിലെത്താറുള്ള പ്രീതിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രായത്തെ തോല്‍പ്പിക്കുന്ന അവരുടെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ളതായിരുന്നു ഈ പോസ്റ്റുകളെല്ലാം.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലും തന്റെ സ്‌റ്റൈലിഷ് വീഡിയോകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് പ്രീതി. കറുപ്പ് ഗൗണ്‍ ധരിച്ച് ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ പാരിസിലൂടെ നടക്കുന്ന പ്രീതിയെ വീഡിയോയില്‍ കാണാം. ഡീപ് നെക്ക് വരുന്ന തിളങ്ങുന്ന ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. എല്‍ബോ ലെങ്ത് സ്ലീവില്‍ ശരീരത്തോട് ഒട്ടിനില്‍ക്കുന്ന ഗൗണിന്റെ മധ്യത്തില്‍ ഒരു സ്ലിറ്റും നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഡയമണ്ട് മാലയും കമ്മലും താരം ധരിച്ചു. കറുപ്പ് നിറത്തിലുള്ള ക്ലച്ച് ബാഗും വെള്ള നിറത്തിലുള്ള ഹൈ ഹീല്‍ ഷൂവും ചേര്‍ന്നതോടെ പ്രീതിയുടെ ലുക്ക് പൂര്‍ണമായി. ചുവപ്പ് ലിപ്സ്റ്റിക്കും അഴിച്ചിട്ട മുടിയും താരത്തെ കൂടുതല്‍ മനോഹരിയാക്കി.
40 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഹൃത്വിക് റോഷന്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 49 വയസായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സിനിമയിലേക്ക് തിരിച്ചുവരണമെന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് പ്രീതിയുടെ സൗന്ദര്യമെന്നും കമന്റിലുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കറുപ്പ് നിറത്തിലുള്ള വണ്‍ ഷോള്‍ഡര്‍ ഗൗണിലുള്ള വീഡിയോയും പ്രീതി പങ്കുവെച്ചിരുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള ഹൈ ഹീല്‍ ഷൂവായിരുന്നു ഈ ഔട്ട്ഫിറ്റിനൊപ്പം ധരിച്ചത്. ഫാഷന്‍ വീക്കിന്റെ ഭാഗമായാണ് താരം പാരിസിലെത്തിയത്.
കാന്‍സ് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് റെഡ് കാര്‍പറ്റിലും ഇത്തവണ താരം ചുവടുവെച്ചിരുന്നു. വെള്ള നിറത്തിലുള്ള പേള്‍ ഗൗണും പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള സാരിയുമായിരുന്നു പ്രീതിയുടെ ഔട്ട്ഫിറ്റുകള്‍. ബൗ സ്റ്റൈലിലുള്ള സ്ലീവുകളുള്ള ഗൗണ്‍ വൈറ്റ് സില്‍ക്കിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഫിനാന്‍സ് അനലിസ്റ്റായ ജീന്‍ ഗുഡ്ഇനഫാണ് പ്രീതിയുടെ ഭര്‍ത്താവ്. 2016-ലാണ് ഇരുവരുടേയും വിവാഹം. 2021-ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ജിയ, ജയ് എന്നു പേരുള്ള ഇരട്ടക്കുട്ടികളെ ഇരുവരും ജീവിതത്തിലേക്ക് വരവേറ്റു. നിലവില്‍ കുടുംബത്തോടൊപ്പം ലോസ് ആഞ്ചലീസിലാണ് പ്രീതി താമസിക്കുന്നത്.
Content Highlights: preity zinta in sequin embellished black dress