വിഗ് പറിച്ചോടുന്ന മോഷ്ടാക്കൾ; നെയ്‌റോബിയിലെ സ്ത്രീകൾക്ക് ജാഗ്രതാ നിർദേശവുമായി പ്രദേശവാസികൾ

കെനിയൻ തലസ്ഥാനമായ നെയ്റോബിയുടെ പ്രധാന വാണിജ്യ കേന്ദ്രമായ സി.ബി.ഡിയിൽ തെരുവുകളിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ മുടിയിൽനിന്ന് വിഗ് പറിച്ച് ഓടുന്ന മോഷണസംഘങ്ങൾ സജീവമാകുന്നതായി റിപ്പോർട്ട്. നഗരത്തിലെ തിരക്കേറിയ തെരുവുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലുമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിലപിടിപ്പുള്ള ഹ്യൂമൻ ഹെയർ വിഗ്ഗുകൾ ധരിച്ച് നടക്കുന്ന സ്ത്രീകളെയാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
തിരക്കുള്ള സമയങ്ങളിൽ കാൽനടയായി പോകുന്ന സ്ത്രീകളുടെ പിന്നിലൂടെയോ, ബൈക്കുകളിലെത്തിയോ അതിവേഗത്തിൽ തലയിലെ വിഗ്ഗ് അപഹരിച്ച് കടന്നുകളയുകയാണ് ഇവരുടെ രീതി. ഗുണനിലവാരമുള്ള ഹ്യൂമൻ ഹെയർ വിഗ്ഗുകൾക്ക് വിപണിയിൽ പതിനായിരക്കണക്കിന് കെനിയൻ ഷില്ലിങ്‌സ് വിലയുണ്ട്. ഇതാണ് മോഷ്ടാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇവ പിന്നീട് ബ്ലാക്ക് മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുകയാണ് മോഷ്ടാക്കളുടെ ലക്ഷ്യം. കെനിയയിലെ നെയ്റോബി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇത്തരം ഹ്യൂമൻ ഹെയർ വിഗ്ഗുകൾ ഫാഷൻ രംഗത്ത് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
തനിയെ യാത്ര ചെയ്യുമ്പോഴും തിരക്കേറിയ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക സുരക്ഷാ അധികൃതരും പോലീസും സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോഷണത്തിനിരയാകുന്ന സ്ത്രീകൾക്ക് സാമ്പത്തിക നഷ്ടത്തിന് പുറമെ പരസ്യമായി നേരിടേണ്ടി വരുന്ന അപമാനവും വലിയ മാനസിക വിഷമമുണ്ടാക്കുന്നതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു. ഇത്തരം കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം നഗരത്തിൽ ശക്തമാണ്.
ഒരു ഭംഗിയുള്ള വസ്ത്രം ധരിക്കുകയോ മേക്കപ്പ് ചെയ്യുകയോ ചെയ്യുന്നതുപോലെ ലളിതമായ ഒന്നല്ല കെനിയൻ സ്ത്രീകൾക്ക് ഇന്ന് വിഗ് വയ്ക്കുന്നത്. സൗന്ദര്യസംരക്ഷണത്തിനപ്പുറം തങ്ങളുടെ ആത്മവിശ്വാസവും വ്യക്തിത്വവും ഉയർത്താനുള്ള മാർഗം കൂടിയാണ്. സാധാരണ രീതിയിൽ തലയിൽ വിഗ്ഗുകൾ വെറുതെ വെയ്ക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, പ്രൊഫഷണൽ ഹെയർ സ്‌റ്റൈലിസ്റ്റുകളുടെ സഹായത്തോടെ മാസങ്ങളോളം സുരക്ഷിതമായി നിലനിൽക്കുന്ന രീതിയിലാണ് ചിലർ വിഗ് ധരിക്കുന്നത്.
സ്വാഭാവികമായ മുടിയെ കഠിനമായ വെയിൽ, മലിനീകരണം, കെമിക്കലുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ വിഗ് ഉപയോഗം സഹായിക്കും. ദിവസവും രാവിലെ മുടി ഭംഗിയാക്കാൻ മണിക്കൂറുകൾ ചെലവഴിക്കുന്നതിന് പകരം, കൃത്യമായി 'ഇൻസ്റ്റാൾ' ചെയ്ത വിഗ്ഗുകൾ സമയം വൻതോതിൽ ലാഭിക്കാൻ സഹായിക്കുന്നു. ദിവസേനയോ ആഴ്ചയിലോ സ്‌റ്റൈലുകൾ മാറ്റാനുള്ള സ്വാതന്ത്ര്യം ഇത് നൽകുന്നു. ജോലിസ്ഥലത്തും ആഘോഷങ്ങളിലും ഒരുപോലെ തിളങ്ങാൻ ഇത് സ്ത്രീകളെ പ്രാപ്തരാക്കുന്നു.
വിഗ്ഗുകൾ വാങ്ങുന്നതിന് പുറമേ മാസത്തിലൊരിക്കലോ രണ്ട് മാസം കൂടുമ്പോഴോ അവ കൃത്യമായി തലയോട്ടിയിൽ ഉറപ്പിക്കാനും സ്‌റ്റൈൽ ചെയ്യാനും സാമാന്യം വലിയ തുക തന്നെയാണ് സലൂണുകളിൽ ഇവർ ചെലവാകുന്നത്. എങ്കിലും നെയ്റോബി ഉൾപ്പെടെയുള്ള പ്രധാന കെനിയൻ നഗരങ്ങളിൽ വിഗ് വയ്ക്കുന്നതിനായി പ്രത്യേകമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ സലൂണുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. കെനിയയിലെ സൗന്ദര്യ മേഖലയിലെ പ്രധാന വ്യവസായമായി കൂടി ഇത് മാറിയിരിക്കുകയാണ്.
Content Highlights: Nairobi streets witness a surge in human hair wigs theft, targeting women wearing expensive wigs, causing financial and emotional distress.