'ഇത് ദീപികയുടെ ലെഹംഗയുടെ കോപ്പിയല്ലേ?';മൗനിയുടെ ലെഹംഗ ഡിസൈനെ ചൊല്ലി സബ്യസാചിക്ക് ട്രോൾ

ജനുവരി 27-നാണ് ബോളിവുഡ്താരം മൗനി റോയിയുടെയും മലയാളിയായ സൂരജ് നമ്പ്യാരുടെയും വിവാഹം കഴിഞ്ഞത്. ഗോവയിലെ ഹിൽട്ടൺ റിസോർട്ടിൽവെച്ചായിരുന്നു വിവാഹം. വിവാഹത്തിനും തുടർന്നുള്ള ചടങ്ങുകൾക്കുമായി മൗനി ധരിച്ച വസ്ത്രങ്ങൾ സമൂഹമാധ്യമത്തിൽ നിറഞ്ഞുനിന്നിരുന്നു. വിവാഹത്തിനുള്ള ലെഹംഗ ഡിസൈൻ ചെയ്തത് പ്രശസ്ത സെലിബ്രിറ്റി ഡിസൈനർ സബ്യസാചിയായിരുന്നു. എന്നാൽ ഇപ്പോൾ മൗനിക്കായി ഡിസൈൻ ചെയ്ത ലെഹംഗയുടെ പേരിൽ ട്രോളുകൾ നേരിടുകയാണ് സബ്യസാചി.
പരമ്പരാഗത കേരളശൈലിയിലുള്ള വിവാഹചടങ്ങുകൾക്കുശേഷം ബംഗാളി ശൈലിയുള്ള വിവാഹം നടന്നിരുന്നു. കേരളശൈലീ വിവാഹത്തിന് വെള്ളയിൽ ചുവന്ന ബോർഡറുള്ള ബംഗാളി സാരി കേരള സ്‌റ്റൈലിലാണ് മൗനി ഉടുത്തത്. ബംഗാളി ശൈലിയിലുള്ള വിവാഹത്തിന് ധരിച്ച ലെഹംഗയാണ് ട്രോളുകൾക്ക് ഇടയാക്കിയത്. ചുവപ്പിൽ സ്വർണനിറമുള്ള എംബ്രോയ്ഡറി വർക്ക് ചെയ്തതാണ് ലെഹംഗ.
ബ്ലൗസിലും സമാന ഡിസൈനോടുകൂടിയ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. രണ്ട് ദുപ്പട്ടകളാണ് ലെഹംഗയ്ക്ക് ഉള്ളത്. ഒന്ന് തലയിൽ ധരിച്ചപ്പോൾ മറ്റേത് ലെഹംഗയ്‌ക്കൊപ്പം അണിഞ്ഞു. തലയിൽ അണിഞ്ഞ ദുപ്പട്ടയിൽ മൗനിക്കായി സ്‌പെഷ്യൽ സന്ദേശവും സബ്യസാചി തുന്നിച്ചേർത്തിരുന്നു. 'ആയുഷ്മതി ഭവ' എന്ന സംസ്‌കൃത പദമാണ് ദുപ്പട്ടയിൽ തുന്നിച്ചേർത്തത്. ദീർഘായുസ്സുണ്ടാകട്ടെ എന്നാണ് ഈ പദത്തിന്റെ അർത്ഥം.
എന്നാൽ ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ വിവാഹ ലെഹംഗയുടെ കോപ്പിയാണ് മൗനിയുടേത് എന്നാണ് ചിത്രങ്ങൾക്ക് കീഴെ പലരും കമന്റ് ചെയ്തത്. സബ്യസാചി തന്നെയാണ് ദീപികയുടെ ലെഹംഗയും ഡിസൈൻ ചെയ്തത്. ഇത് ദീപികയുടെ ലെഹംഗ പോലെ തന്നെ, പുതിയതായി ഒന്നുമില്ല എന്ന് ചിലർ കമന്റ് ചെയ്തു.
സബ്യസാചി മടിയനായ ഡിസൈനറാണ് എന്നും പുതിയതായി ഒന്നും ചെയ്യുന്നില്ല എന്നും മറ്റു ചിലർ കമന്റ് ചെയ്തു. എല്ലാവർക്കും ഒരേ ഡിസൈൻ നൽകാനാണെങ്കിൽ എന്തിനാണ് സബ്യസാചിയെപ്പോലൊരു ഡിസൈനർ എന്നും ചോദിക്കുന്നവരുണ്ട്.
ദുബായിൽ ബാങ്കറാണ് മൗനിയുടെ ഭർത്താവ് സൂരജ് നമ്പ്യാർ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.
Content Highlights: mouni roy wedding lehenga, sabyasachi designs, deepika padukone wedding dress, bollywood fashion
Content Highlights: