മല്ലിയിലയും സെലറിയുമൊന്നുമല്ല, കറിവെയ്ക്കാന്‍ കൊണ്ടുപോകുന്നതുമല്ല, ബാഗാണ്; വില വെറും 4.9 ലക്ഷം

ഫാഷന്‍ ലോകത്തെ പല ട്രെന്‍ഡുകളും നമുക്ക് വിചിത്രമെന്ന് തോന്നുന്നതാണ്. വസ്ത്രങ്ങളിലും ചെരുപ്പുകളിലും ആഭരണങ്ങിലുമൊക്കെ വൈവിധ്യം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ലോകപ്രശസ്തമായ ആഡംബര ബ്രാന്‍ഡുകളും. ഫാഷന്‍ ലോകത്തെ പുതിയ താരം ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ മോഷീനോ അവതരിപ്പിച്ച സെലറി ബാഗാണ്.
പച്ചനിറത്തില്‍ ഇലക്കറിയായ സെലറിയുടെ രൂപത്തിലുള്ള ഈ ക്ലച്ച് ബാഗിന്റെ വില 5,921 യു.എസ്. ഡോളറാണ്. അതായത് ഏകദേശം 4.9 ലക്ഷം ഇന്ത്യന്‍ രൂപ. ലെതറില്‍ നിര്‍മിച്ചിരിക്കുന്ന ബാഗില്‍ റിയലിസ്റ്റിക് എഫക്ട് കിട്ടാന്‍ ത്രീഡി ഷേഡിങ് നല്‍കിയിട്ടുണ്ട്. സ്വാഭാവികത ഉറപ്പുവരുത്താന്‍ അനക്കാന്‍ കഴിയുന്ന രീതിയിലാണ് ഇലകളും തണ്ടുകളും രൂപകല്‍പന ചെയ്തിരിക്കുന്നത്.
കാണാന്‍ കൗതുകമുണ്ടെങ്കിലും ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ അത്ര നല്ല സ്വീകരണമല്ല സെലറി ബാഗിന് ലഭിച്ചത്. എന്തിന് ഇത്ര വില മുടക്കി ബാഗ് വാങ്ങണം ഫാഷന്‍ സ്റ്റേറ്റ്‌മെന്റായി ഒരു സെലറി വാങ്ങി കൈയില്‍ വെച്ചാല്‍ പോരെ എന്നൊക്കെയാണ് കമന്റുകള്‍. ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ആല്‍ഡി ഞങ്ങള്‍ സെലറി ഒരു ഡോളറിനാണ് നല്‍കുന്നത് എന്ന് മോഷീനോയെ പരിഹസിച്ച് പോസ്റ്ററിറക്കുകയും ചെയ്തു.
Content Highlights: Moschino`s latest creation, a $5,921 celery bag, is dividing the fashion world