മത്സരത്തിനിടെ കാമുകനെ കാണാന്‍ ഹോട്ടല്‍മുറിയിലേക്ക് പോയി; മിസ് യൂണിവേഴ്‌സ് മത്സരാര്‍ഥിയെ പുറത്താക്കി

മെക്‌സിക്കോ സിറ്റിയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ നിന്ന് മത്സരാര്‍ഥി പുറത്ത്. പനാമയില്‍ നിന്നുള്ള മത്സരാര്‍ഥിയായ ഇറ്റലി മോറയെയാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുറത്തായത്. ഇറ്റലി മോറയെ പുറത്താക്കിയതിന്റെ കാരണം ഔദ്യോഗികമായി ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
അനധികൃതമായി കാമുകനെ ഹോട്ടല്‍ മുറിയിലേക്ക് പോയി സന്ദര്‍ശിച്ചതാണ് ഇറ്റലിയെ പുറത്താക്കിയതിന് കാരണമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജുവാന്‍ അബാദിയ എന്ന ബിസിനസുകാരനാണ് 19-കാരിയായ ഇറ്റലി മോറയുടെ കാമുകന്‍. അതേസമയം ഇക്കാര്യം ഇറ്റലി മോറ നിഷേധിച്ചു.
മിസ് യൂണിവേഴ്‌സ് പനാമയുടെ ഡയറക്ടറായ സീസര്‍ അനെല്‍ റോഡ്രിഗസുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് താന്‍ പുറത്താക്കപ്പെട്ടത് എന്ന് അവര്‍ പറഞ്ഞു. ഈ സമയത്ത് കാമുകനും ഒപ്പമുണ്ടായിരുന്നു. സംഘാടകരുടെ അനാസ്ഥ കാരണം ഇറ്റലി മോറയുടെ ചിലവുകള്‍ താനാണ് വഹിച്ചതെന്നും അതില്‍ 7000 ഡോളര്‍ വിലയുള്ള വസ്ത്രവും ഉള്‍പ്പെടുന്നുവെന്നും കാമുകനായ ജുവാന്‍ അബാദിയ ഡയറക്ടറോട് പറഞ്ഞു.
നവംബര്‍ 16-നാണ് മിസ് യൂണിവേഴ്‌സ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക. ഇറ്റലി മോറയടക്കം 130 പേരായിരുന്നു മത്സരാര്‍ഥികള്‍. ഇറ്റലി പുറത്താക്കപ്പെട്ടതോടെ വിശ്വസുന്ദരി ആരെന്നറിയാനുള്ള മത്സരത്തില്‍ ഇനി 129 പേരാണുള്ളത്. ഇറ്റലി മോറയ്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മിസ് പനാമ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
Content Highlights: An Unauthorised Trip To Boyfriend's Room Costs The Miss Universe Pageant To A Contestant