'നിങ്ങൾ പോരാട്ടം തുടരുക'; ഡാനിഷ് സുന്ദരിക്ക് മിസ് യൂണിവേഴ്സ് കിരീടം നേടിക്കൊടുത്ത ഉത്തരം ഇതാ

തന്റെ 21-ാം വയസില്‍ മിസ് യൂണിവേഴ്സ് കിരീടം അണിഞ്ഞുകൊണ്ട് ചരിത്രം രചിച്ചിരിക്കുകയാണ് ഡാനിഷ് സുന്ദരി വിക്ടോറിയ കെയ തീവില്ഗ്. ഡെന്മാര്ക്കില് നിന്ന് മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നിലയില്‍ കൂടിയാണ് വിക്ടോറിയയുടെ നേട്ടത്തിന് തിളക്കമേറുന്നത്.
ബാര്‍ബി ഡോളുമായുള്ള സാദൃശ്യം കാരണം 'മനുഷ്യ ബാര്‍ബി' അഥവാ ഹ്യൂമന്‍ ബാര്‍ബി എന്ന വിളിപ്പേരുള്ള വിക്ടോറിയയെ വിജയകിരീടമണിയിച്ചത് ഫൈനല്‍ റൗണ്ടില്‍ അവസാനം നല്കിയ മറുപടിയാണ്. പ്രതിരോധത്തിന്റേയും പ്രതീക്ഷയുടേയും ശക്തമായ സന്ദേശമായി മാറിയ വിക്ടോറിയയുടെ മറുപടി നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. ഈ ഉത്തരത്തോടെ തന്നെ കിരീടം വിക്ടോറിയയ്ക്കാണെന്നും കാണികള്‍ ഉറപ്പിച്ചിരുന്നു.
'ഇത് കാണുന്ന ലോകമെമ്പാടുമുള്ളവര്‍ക്കായി എനിക്ക് നല്‍കാനുള്ള സന്ദേശം ഇതാണ്, നിങ്ങള്‍ എവിടെ നിന്നുള്ളവരാണ് എന്നതോ നിങ്ങളുടെ ഭൂതകാലം എന്താണ് എന്നതോ ഒന്നും പ്രശ്നമല്ല. അതിനെയെല്ലാം നിങ്ങള്‍ക്ക് നിങ്ങളുടെ കരുത്താക്കി മാറ്റാം.' -വിക്ടോറിയ പറഞ്ഞു.
'നിങ്ങള്‍ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുക. മാറ്റം വേണം എന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എനിക്ക് ചരിത്രം സൃഷ്ടിക്കണം. ഇന്നത്തെ രാത്രിയില്‍ ഞാന്‍ ചെയ്യുന്നത് അതാണ്. അതിനാല്‍ ഒരിക്കലും തളരരുത്. നിങ്ങളിലും നിങ്ങളുടെ സ്വപ്നങ്ങളിലും വിശ്വസിക്കുക.' -വിക്ടോറിയ പറഞ്ഞുനിര്‍ത്തി.
ഹ്യൂമന്‍ ബാര്‍ബിക്ക് തന്നെയാണ് കിരീടം എന്ന് ഉറപ്പിക്കുന്നതായിരുന്നു വിക്ടോറിയ പറഞ്ഞതിനോടുള്ള വിധികര്‍ത്താക്കളുടെ ഉള്‍പ്പെടെ പ്രതികരണം. മെക്സിക്കോ സിറ്റിയിലെ അരീന സി.ഡി.എം.എക്സില്‍ വിക്ടോറിയ വിശ്വസുന്ദരിപ്പട്ടമണിയുമ്പോള് ഡെന്മാര്‍ക്കെന്ന രാജ്യവും അഭിമാനത്താല്‍ പുളകിതമാകുകയാണ്.
Content Highlights: Know the answer that won Denmark’s Victoria Theilvig the title of Miss Universe 2024