ഇത് രാമായണമോ, ഏക്ത കപൂറിന്റെ സീരിയലോ? ലാറ ദത്തയുടെ ലുക്കിനെ ട്രോളി സോഷ്യൽ മീഡിയ

ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിതീഷ് തിവാരി ഒരുക്കുന്ന രാമായണം സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ലാറ ദത്തയുടെ ലുക്കിനെ ചൊല്ലി വിമർശനം. കൈകേയിയായുള്ള ലാറയുടെ പ്രകടനത്തെ പലരും പ്രകീർത്തിച്ചെങ്കിലും അവരുടെ കോസ്റ്റ്യൂം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവെച്ചത്.
ട്രെയ്‌ലറിൽ, ഗോൾഡൻ ബോർഡറുള്ള മെറൂൺ സാരിക്കൊപ്പം പച്ച ബ്ലൗസ് ധരിച്ചാണ് ലാറയെ കാണുന്നത്. നീണ്ടമുടി അഴിച്ചിട്ട് ലളിതമായ ആഭരണങ്ങളുമായി നിൽക്കുന്ന ലാറയുടേത് ത്രേതായുഗത്തിലെ ഒരു കഥാപാത്രത്തിന് ചേരാത്ത വിധം മോഡേൺ ആയിപ്പോയെന്നാണ് വിമർശനം. കോസ്റ്റ്യൂം ഡിസൈനിങ്ങിനെ ചിലർ വിമർശിച്ചപ്പോൾ
മറ്റു ചിലർ ഏക്താ കപൂറിന്റെ ടെലിവിഷൻ പരമ്പരകളിലെ നായികമാരുടെ ലുക്കുമായി ഇതിനെ താരതമ്യം ചെയ്തു.
'ത്രേതായുഗത്തിൽ ഹെവി സ്റ്റോൺ എംബ്രോയിഡറിയുള്ള പ്ലെയിൻ റോ സിൽക്ക് സാരിയും കോൺട്രാസ്റ്റ് ബ്ലൗസും ആരാണ് ഡിസൈൻ ചെയ്തത്?','മോഡേൺ സാരി, സലൂണിൽ പോയി വശത്തേക്ക് ചീകിയ മുടി... ഇത് ത്രേതായുഗമാണോ അതോ 2026 ആണോ?', 'ലാറ ദത്ത രാമായണത്തിലല്ല, മറിച്ച് ഏതെങ്കിലും ടിവി സീരിയലിൽ അഭിനയിക്കുന്നത് പോലെയാണ് കാണപ്പെടുന്നത്.' 'കൈകേയിയായി ലാറ ദത്തയെ കണ്ടപ്പോൾ വലിയ നിരാശ തോന്നി, ഏക്താ കപൂർ സീരിയലിന്റെ വൈബാണ് നൽകുന്നത്.' ലാറ ദത്ത കഭി ഖുഷി കഭി ഖമിലെ ജയാജിയെപ്പോലെയാണ് കാണപ്പെടുന്നത്.' തുടങ്ങി ലുക്കിനെ വിമർശിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാമായണത്തിലെ ഏറ്റവും നിർണായകവും സങ്കീർണ്ണവുമായ കഥാപാത്രമായ കൈകേയിയെയാണ് ലാറ ദത്ത അവതരിപ്പിക്കുന്നത്. അവരുടെ തീരുമാനങ്ങളാണ് ശ്രീരാമന്റെ വനവാസത്തിലേക്ക് നയിക്കുന്നതും ഇതിഹാസത്തിലെ പ്രധാന സംഭവങ്ങൾക്ക് തുടക്കമിടുന്നതും.
'രാമായണം: പാർട്ട് വൺ' വാൽമീകിയുടെ പൗരാണിക ഗ്രന്ഥമായ രാമായണത്തിന്റെയും, ഗോസ്വാമി തുളസീദാസിന്റെ രാമചരിതമാനസത്തിന്റെയും ചലച്ചിത്രാവിഷ്‌കാരമാണ്. ആദ്യ ഭാഗത്തിൽ രൺബീർ കപൂർ, യാഷ്, സായ് പല്ലവി, രവി ദുബെ, അരുൺ ഗോവിൽ, വിവേക് ഒബ്റോയ്, രാകുൽ പ്രീത് സിങ്് എന്നിവരുൾപ്പെടെ പ്രമുഖ താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. നിതീഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്ര നിർമ്മിക്കുന്ന ചിത്രം 2026 ദീപാവലിക്ക് തിയേറ്ററുകളിൽ എത്തും.