'പൂന്തോട്ടത്തില്‍ നടക്കുന്നതുപോലെ'; ലാക്‌മെ ഫാഷന്‍ വീക്കില്‍ വിമര്‍ശനമേറ്റു വാങ്ങി താരങ്ങള്‍

ലാക്‌മെ ഫാഷന്‍ വീക്കിന്റെ താരത്തിളക്കത്തിലാണ് ഇപ്പോള്‍ ബോളിവുഡ് സിനിമാലോകം. ഒക്ടോബര്‍ പത്തിന് ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ഫാഷന്‍ വീക്കിലെ റാംപില്‍ ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങളാണ് ചുവടുവെച്ചത്. ചിലരുടെ റാംപ് വാക്ക് മോഡലുകളേക്കാള്‍ മനോഹരമായപ്പോള്‍ മറ്റു ചിലരുടേത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
കിയാര അദ്വാനി, മലൈക അറോറ, രാകുല്‍ പ്രീത് സിങ്ങ്, വിജയ് വര്‍മ, തമന്ന ഭാട്ടിയ, ദിഷ പഠാനി, പരിണീതി ചോപ്ര, ആതിയ ഷെട്ടി, ദിയ മിര്‍സ, സബ ആസാദ്, ജാന്‍വി കപൂര്‍ തുടങ്ങിയ താരങ്ങളാണ് റാംപില്‍ ചുവടുവെച്ചത്. എന്നാല്‍ ഇതില്‍ കിയാരയുടേയും മലൈകയുടേയും രാകുല്‍പ്രീത് സിങ്ങിന്റേയും വിജയ് വര്‍മയുടേയും റാംപ് വാക്കുകള്‍ മാത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മറ്റുള്ളവരെല്ലാം മോഡലുകളേക്കാള്‍ ദയനീയമായാണ് റാംപില്‍ ചുവടുവെച്ചതെന്ന് ഫാഷന്‍ ലോകം വിലയിരുത്തുന്നു.
കറുപ്പും ബ്രൗണും നിറങ്ങള്‍ ഇടകലര്‍ന്ന ബോഡികോണ്‍ ഗൗണിലാണ് കിയാര പ്രത്യക്ഷപ്പെട്ടത്. വളരെ മനോഹരമായിരുന്നു അവരുടെ റാംപ് വാക്ക്. ഫാഷന്‍ ഡിസൈനര്‍ ശ്വേത കപൂറിന്റെ ഷോ സ്‌റ്റോപ്പറായാണ് മലൈക റാംപിലെത്തിയത്. ക്ലാസ് റാംപ് വാക്ക് എന്നാണ് ഇതിന് ആരാധകര്‍ കമന്റ് ചെയ്തത്.
ചുവപ്പില്‍ നിറയെ സില്‍വര്‍ വര്‍ക്കുകള്‍ വരുന്ന ലെഹങ്ക ചോളി ധരിച്ചാണ് രാകുല്‍ പ്രീത് പ്രത്യക്ഷപ്പെട്ടത്. കൂളിങ് ഗ്ലാസില്‍ പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു വിജയ് വര്‍മ പ്രത്യക്ഷപ്പെട്ടത്. കണ്ണുകളില്‍ സുറുമ എഴുതിയത് കൂടുതല്‍ ആകര്‍ഷണീയത നല്‍കി.
പരീണിതിയുടെ വിവാഹശേഷമുള്ള ആദ്യ റാംപ് വാക്കായിരുന്നു ഇത്. സില്‍വര്‍ സാരിയില്‍ പ്രത്യക്ഷപ്പെട്ട അവര്‍ നെറ്റിയില്‍ സിന്ദൂരം അണിഞ്ഞിട്ടുണ്ടായിരുന്നു. ഔട്ട്ഫിറ്റും ലുക്കും മികച്ചതായിരുന്നെങ്കിലും റാംപ് വാക്കില്‍ തീര്‍ത്തും പരാജയപ്പെട്ടു. സില്‍വര്‍ നിറത്തിലുള്ള ലെഹങ്ക ചോളിയായിരുന്നു തമന്ന തിരഞ്ഞെടുത്തത്. ഡീപ് നെക്കുള്ള ചോളി താരത്തിന് ഹോട്ട്‌ലുക്ക് നല്‍കി. എന്നാല്‍ റാംപ് വാക്ക് തനിക്ക് ചേരില്ലെന്ന് തമന്ന തെളിയിച്ചു. ഇതേ തരത്തിലാണ് ദിഷ പഠാനിയും റാംപ് വാക്ക് ചെയ്തത്. നിറയെ വര്‍ക്കുകള്‍ നിറഞ്ഞ ലെഹങ്കയും ബിക്ക്‌നി ടോപ്പ് ടൈപ്പ് ചോളിയുമായിരുന്നു ദിഷയുടെ വേഷം.
സ്ട്രാപ്പ് ഗൗണിലായിരുന്നു ആതിയ ഷെട്ടി പ്രത്യക്ഷപ്പെട്ടത്. താരത്തിനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. പ്രിയങ്ക ചോപ്രയേയും ബിപാഷ ബസുവിനേയും തിരിച്ചുകൊണ്ടുവരൂ എന്നാണ് ഒരു ആരാധകന്‍ ആതിയയുടെ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.
കറുപ്പ് ഗൗണാണ് ജാന്‍വി തിരഞ്ഞെടുത്തത്. താരപുത്രിയുടെ മേക്കപ്പും ഔട്ട്ഫിറ്റും മനോഹരമായിരുന്നു. പക്ഷേ റാംപ് വാക്കില്‍ നിലവാരത്തിലേക്ക് ഉയരാനായില്ലെന്ന് ഫാഷന്‍ലോകം വിലയിരുത്തുന്നു. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ക്ലാസ് ലുക്കിലാണ് ദിയ മിര്‍സയെത്തിയത്. എന്നാല്‍ റാംപ് വാക്ക് പൂന്തോട്ടത്തില്‍ നടക്കുന്നതുപോലെയായി എന്നാണ് ആരാധകരുടെ വിമര്‍ശനം.
എന്നാല്‍ ഇതിനേക്കാളേറെ വിമര്‍ശനം ഏറ്റുവാങ്ങിയത് നടിയും ഗായികയും ഹൃത്വിക് റോഷന്റെ കാമുകിയുമായ സബ ആസാദായിരുന്നു. റാംപ് വാക്കിനിടെ അപ്രതീക്ഷിതമായി സബ പാട്ടുപാടി നൃത്തച്ചുവടുകള്‍ വെയ്ക്കുകയായിരുന്നു. എന്നാല്‍ പലര്‍ക്കു അത് ദഹിച്ചില്ല. റാംപ് വാക്ക് എന്ന സങ്കല്‍പത്തെ നശിപ്പിച്ചുവെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. എന്നാല്‍ ഇതിനെല്ലാം സബ മറുപടി നല്‍കി. സബയുടെ റാംപ് വാക്ക് വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച് ഹൃത്വിക്കും കാമുകിക്ക് പിന്തുണ പ്രഖ്യാപിച്ചു.
Content Highlights: lakme fashion week bollywood celebrities ramp walk