ഇരുണ്ടനിറമുള്ളവർക്ക് അനുയോജ്യമായ ഷേഡ് ഇല്ല; ലേഡി ഗാഗയുടെ മേക്കപ്പ് ബ്രാൻഡ് വിവാദത്തിൽ

പ്രശസ്ത അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ മേക്കപ്പ് ബ്രാൻഡായ ഹാവ്‌സ് ലാബ്‌സ് വിവാദത്തിൽ. പ്രമുഖ ബ്യൂട്ടി ഇൻഫ്‌ളുവൻസറായ ഗൊല്ലോറിയാ ജോർജ് ഹാവ്‌സ് ലാബ്‌സ് പുതിയ ഉത്പന്നങ്ങളെ കുറിച്ച് ചില ആശങ്കകൾ പങ്കുവെച്ചതോടെയാണ് ബ്രാൻഡിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരിക്കുന്നത്. ഹാവ്‌സ് ലാബ്‌സിന്റെ പുതിയ ഉത്പന്നമായ ലിക്വിഡ് ബ്രോൺസർ കളക്ഷനാണ് വിപണിയിലെത്തും മുമ്പ് തന്നെ വിവാദത്തിലായിരിക്കുന്നത്.
ഹാവ്‌സ് ലാബ്‌സിന്റെ മൂന്ന് ഇരുണ്ട ഷെയ്ഡ് ബ്രോൺസറുകളാണ് തനിക്ക് ലഭിച്ചതെന്ന് ഗൊല്ലോറിയാ ജോർജ് പറയുന്നു. ഇവ ക്യാമറയ്ക്ക് മുന്നിൽ തന്നെയാണ് അവർ പരീക്ഷിച്ചത്. എന്നാൽ ഇവ ഉപയോഗിച്ച ശേഷം ഈ ഷെയ്ഡുകൾ ഇരുണ്ട ചർമമുള്ളവർക്ക് അനുയോജ്യമാണോ എന്ന് അവർ ചോദ്യമുയർത്തി. കൂടാതെ, മുമ്പ് ഇതേ ബ്രാൻഡിന്റെ ഉത്പന്നങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചതിൽ നിരാശയും ഗൊല്ലോറിയ പ്രകടിപ്പിച്ചു. ഇതോടെയാണ് വിവാദമുയർന്നത്.
താൻ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തുവെന്ന ആരോപണം പിന്നീട് ഗൊല്ലോറിയ ഉന്നയിച്ചു. ഹാവ്‌സ് ലാബ്‌സ് താനുമായി ബന്ധപ്പെട്ടെന്നും വിപണിയിലെത്താത്ത ഉത്പന്നത്തെ കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് അവർ തന്നോട് പറഞ്ഞത്. ഇത്തരത്തിൽ നിയമമുള്ളതായി തന്നോട് ആരും പറഞ്ഞിട്ടില്ലെന്നാണ് അതിന് മറുപടി നൽകിയതെന്നും അവർ പറഞ്ഞു. തനിക്ക് ലഭിച്ച പാക്കേജിനൊപ്പമുണ്ടായിരുന്ന നോട്ടും അവർ വീഡിയോയിൽ കാണിച്ചു.
'ഗാഗാ, സഹോദരീ, നിങ്ങൾ ആ ലാബിൽ ഉണ്ടായിരുന്നോ? ഇതാണ് ഹാവ്‌സ് ലാബ്‌സിന്റെ ഏറ്റവും പുതിയ ബ്രോൺസറുകൾ. അവരെനിക്ക് ഈ മൂന്ന് ഇരുണ്ട ഷെയ്ഡുകളാണ് അയച്ചുതന്നത്. നിങ്ങളുടെ ടീമിൽ എന്തെങ്കിലും മാറ്റമുണ്ടായോ? ഓരോ ഷെയ്ഡും ഒന്നിനേക്കാൾ ഇരുണ്ടതാണ്. നിങ്ങൾ സാധാരണ ഇങ്ങനെ ചെയ്യാറില്ല. പൊതുവേ ഹാവ്‌സ് ലാബ്‌സിന്റെ കോംപ്ലക്ഷൻ ഉത്പന്നങ്ങൾ എനിക്ക് ഇഷ്ടമാണ്. എന്നാൽ ഇത് അങ്ങനെയുള്ളതല്ല. ആ ലാബിൽ നിങ്ങൾ എന്താണ് അല്ലെങ്കിൽ ആരെയാണ് മാറ്റിയതെന്ന് എനിക്കറിയില്ല. എന്തായാലും അത് പഴയപടിയാക്കുക. നന്ദി.' -ഇതാണ് ഹൊല്ലോറിയ ആദ്യ വീഡിയോയിൽ പറഞ്ഞത്.
രണ്ടാമത്തെ വീഡിയോയിൽ രൂക്ഷമായ വിമർശനമാണ് അവർ ഉന്നയിച്ചത്. 'ഹാവ്‌സ് ലാബ്‌സ്, നിങ്ങൾ എന്നെ കേൾക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. നിങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ്. വർഷങ്ങളായി നിങ്ങളെ ഞാൻ പിന്തുണച്ചിരുന്നു. ഉത്പന്നങ്ങൾ പലർക്കും നിർദേശിച്ചിരുന്നു. ഇത് ഹാവ്‌സ് ലാബ്‌സ് ഉത്പന്നത്തെ കുറിച്ചുള്ള എന്റെ ആദ്യ മോശം റിവ്യൂ ആണ്. വീഡിയോ നീക്കം ചെയ്യണമെന്നാണ് നിങ്ങൾ എന്റെ ടീമിനോട് പറഞ്ഞത്. മോശം റിവ്യൂ ചെയ്യാൻ പാടില്ല എന്ന നിയമമുണ്ടെന്ന് (എംബാർഗോ) പിആർ പാക്കേജിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവരെന്നോട് പറഞ്ഞു. എന്നാൽ അങ്ങനെ ഇല്ലായിരുന്നു.' -അവർ പറഞ്ഞു.
പലയിടത്തും ലഭ്യമായ വിവരങ്ങളാണെന്നിരിക്കെ തന്റെ വീഡിയോ മാത്രം നീക്കം ചെയ്തതെന്തിനാണെന്ന് ഗൊല്ലോറിയ ചോദിച്ചു. തന്റെ സത്യസന്ധമായ റിവ്യൂ കാരണമാകാം അത്. ഹാവ്‌സ് ലാബ്‌സിന്റെ ബ്രോൺസറുകളുടെ തനിക്ക് ലഭിച്ച ഒരു ഷേഡ് പോലും തന്റെ സ്‌കിൻ ടോണിന് അനുയോജ്യമായിരുന്നില്ലെന്നും ഗൊല്ലോറിയ കൂട്ടിച്ചേർത്തു.
Content Highlights: Lady Gaga's makeup brand Haus Labs faced intense backlash after beauty influencer Golloria George revealed that the brand's unreleased liquid bronzers failed to provide suitable dark shades for deeper skin tones.