ലോക ഫാഷൻ മേളയിൽ പരവതാനി വിരിച്ച് കേരളം

#കെ.പി ജയകുമാര്‍
മെറ്റ് ഗാലയിലെ പരവതാനിയില്‍ കരണ്‍ ജോഹര്‍ | Photo: AFP
മെറ്റ് ഗാലയിലെ പരവതാനിയില്‍ കരണ്‍ ജോഹര്‍ | Photo: AFP

ന്യൂയോർക്കിൽ തിങ്കളാഴ്ച നടന്ന ലോക ഫാഷൻ മേളയ്ക്ക് വീണ്ടും ചുവപ്പു പരവതാനി വിരിച്ച് കേരളം. ഫാഷൻ ലോകത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന മെറ്റ്ഗാല 2026-ലാണ് കേരളത്തിലൊരുക്കിയ പരവതാനി തിളങ്ങിയത്. 'ഫാഷൻ ഈസ് ആർട്ട്' എന്ന ആശയത്തിൽ നടക്കുന്ന മേളയുടെ അതേ ആശയത്തിൽ നിന്ന് തന്നെയാണ് പരവതാനിയും ഒരുക്കിയിരിക്കുന്നത്.

വസ്ത്രധാരണത്തിനപ്പുറം കലയുടേയും സംസ്‌കാരത്തിന്റേയും സംഗമവേദിയിലെ കാർപെറ്റ് ഒരുക്കിയത് ആലപ്പുഴ ചേർത്തലിയിൽ നിന്നുള്ള നെയ്ത്ത് ബൈ എസ്ട്രാവീവാണ്. 500-ന് അടുത്ത കരകൗശല വിദഗ്ദ്ധർ 90 ദിവസമെടുത്താണ് ക്രീമിൽ പച്ച കലർന്ന ഈ പരവതാനി ഒരുക്കിയത്. നാലുമീറ്റർ വീതിയിൽ 30 മീറ്റർ നീളത്തിലാണ് (6840 ചതുരശ്ര അടി) പരവതാനി.

സീസൽ നാര് (അഗാവെ സിസലാന എന്ന ചെടിയുടെ ഇലയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നാര്) ഇറക്കുമതി ചെയ്ത് ചേർത്തലയിലെ ഫാക്ടറിയിൽ പ്രത്യേക സാങ്കേതിക വിദ്യയിൽ ചിത്രകലയും കൂട്ടിയാണ് പരവതാനി നെയ്‌തെടുത്തതെന്ന് എസ്ട്രാവീവ്-നെയ്റ്റ് സി.ഇ.ഒ ശിവൻ സന്തോഷ് പറഞ്ഞു.