ഒരു മലയാളി മിസ് യൂണിവേഴ്സ് ആകുമോ? പ്രതീക്ഷകളുമായി പ്യൂർട്ടോ റിക്കോയിലേക്ക് വിമാനം കയറി കെസിയ

'ഒരു രാജ്ഞി കേവലം ഒരു കിരീടം മാത്രമല്ല വഹിക്കുന്നത്; ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അവൾ ചുമലിലേറ്റുന്നത്,' മിസ് യൂണിവേഴ്സ് കിരീടപോരാട്ടം നടക്കുന്ന പ്യൂർട്ടോ റിക്കോയിലേക്ക് യാത്ര തിരിക്കും മുൻപ് ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് മുന്നിൽനിന്നുള്ള 2026 ലെ മിസ്സ് യൂണിവേഴ്സ് ഇന്ത്യയായ കെസിയ ലിസ് മെജോയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മിസ് യൂണിവേഴ്സ് ഇന്ത്യ ഓർഗനൈസേഷൻ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ കുറിച്ചത് ഇങ്ങനെയാണ്. ദേശീയ പതാകയുമായി മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടമണിഞ്ഞാണ് കെസിയ സാൻ ഹുആനിലേക്ക് വിമാനം കയറിയത്.
2026 നവംബർ 24-നാണ് ലോകം ഉറ്റുനോക്കുന്ന ഫിനാലെ നടക്കുന്നത്. പ്യൂർട്ടോ റിക്കോയിലെ ഹൊസെ മിഗേൽ അഗ്രെലോട്ട് കൊളീസിയം ആണ് മത്സരവേദി. .130-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള സൗന്ദര്യരാജ്ഞിമാരാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. റോയൽ മെറൂൺ നിറത്തിലുള്ള, അതിസൂക്ഷ്മമായ എംബ്രോയഡറി നിറഞ്ഞ പരമ്പരാഗത സാരിയിലായിരുന്നു കെസിയ വിമാനത്താവളത്തിൽ എത്തിയത്. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടത്തിനൊപ്പം കല്ലുകൾ പതിപ്പിച്ച നെക്ലേസും മാച്ചിംഗ് കമ്മലുകളും ആക്സസറിയായി കെസിയ അണിഞ്ഞിരുന്നു.
അലപ്പുഴ മാവേലിക്കര സ്വദേശിയും 19-കാരിയുമായ കെസിയ ലിസ് മേജോ, മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം ചൂടുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ പെൺകുട്ടിയാണ്. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 മത്സരത്തിൽ 52 സുന്ദരിമാരെ പിന്തള്ളിയാണ് കെസിയ കിരീടമണിഞ്ഞത്. ഇന്ത്യയുടെ ആദ്യ മിസ് യൂണിവേഴ്സായ സുസ്മിത സെൻ നേതൃത്വം നൽകിയ ജൂറിയാണ് കാസിയയെ കിരീടത്തിന് അർഹയായി തിരഞ്ഞെടുത്തത്.ചോദ്യോത്തര വേളയിലെ ഉത്തരങ്ങളും, ആത്മവിശ്വാസവുമാണ് കെസിയയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയതെന്ന് വിധികർത്താക്കൾ പറയുന്നു. 1994-ൽ സുസ്മിത സെന്നും 2000-ൽ ലാറ ദത്തയും 2021-ൽ ഹർനാസ് സന്ധുവും ഉയർത്തിയ അതേ സ്വപ്നകിരീടത്തിലേക്ക് ഒരു ദശാബ്ദത്തിന് ശേഷം ഇന്ത്യയുടെ പേര് ഒരിക്കൽകൂടി ചേർത്തുവയ്ക്കാൻ കെസിയക്ക് സാധിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ബാഹ്യസൗന്ദര്യത്തിന് അപ്പുറം കെസിയ മുന്നോട്ടുവെക്കുന്ന സാമൂഹിക സന്ദേശങ്ങളും ശ്രദ്ധേയമാണ്. സ്ത്രീകളുടെ ആർത്തവ ശുചിത്വം, സുസ്ഥിര പരിസ്ഥിതി ജീവിതരീതികൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണത്തിൽ കെസിയ സജീവമായി പ്രവർത്തിക്കുന്നുണ്ട്.അന്താരാഷ്ട്ര മത്സരവേദിയിലും ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ പെൺകുട്ടികൾ നേരിടുന്ന ആരോഗ്യ-ശുചിത്വ പ്രശ്നങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനാണ് കെസിയ ലക്ഷ്യമിടുന്നത്. 'ഓരോ വ്യക്തിയുടെയും ശരീരം അവരുടെ ക്ഷേത്രമാണ്. അതിനെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് വ്യക്തിപരമായ അവകാശമാണ്,' കെസിയ പറയുന്നു.
2024-ൽ മിസ് ടീൻ ദിവ കിരീടം സ്വന്തമാക്കിയ കെസിയ, 2025-ലെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഒന്നാം റണ്ണറപ്പായിരുന്നു. അബുദാബിയിൽ വളർന്ന താരം നിലവിൽ നിയമവിദ്യാർത്ഥിനിയാണ്. 12 വർഷത്തോളം ക്ലാസിക്കൽ നൃത്തം പരിശീലിച്ച ഇവർ, ഡ്രംസിലും വയലിനിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
Content Highlights: Kaziah Liz Mejo, the first from Kerala to win Miss Universe India, is set for the 2026 final in Puerto Rico, representing India.