ഗോൾഡൻ സീക്വിൻ സാരിയിൽ കരീന കപൂർ; ദീപാവലി പാർട്ടിയിൽ തിളങ്ങി താരം

ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതും അവിടുത്തെ സെൻട്രൽ ഓഫ് അട്രാക്ഷൻ ആകുന്നതും രണ്ടാണ്. ഇക്കാര്യത്തിൽ തന്റേതായ ഫാഷൻ സെൻസുള്ള താരമാണ് കരീന കപൂർ. മുംബൈയിൽ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ വസതിയിൽ നടന്ന ദീപാവലി ആഘോഷത്തിൽ കരീന എത്തിയതും അത്തരമൊരു ശ്രദ്ധേയമായ ലുക്കിലാണ്.ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, മാധുരി ദീക്ഷിത്, ജാൻവി കപൂർ, മലൈക അറോറ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ് കരീന എത്തിയത്. ക്ലാസിക് നേവി ബ്ലൂ നിറത്തിലുള്ള കുർത്തയായിരുന്നു സെയ്ഫിന്റെ വേഷം. ആഘോഷവേദിയിൽ തിളങ്ങുന്ന വസ്ത്രധാരണത്തിലൂടെ കരീന വീണ്ടും ഫാഷൻ ട്രെൻഡ് സെറ്ററായി.
Y2K ഫാഷൻ ഓർമകൾ
ഷാംപെയ്ൻ ഗോൾഡ് നിറത്തിലുള്ള സീക്വിൻ സാരിയാണ് കരീന തിരഞ്ഞെടുത്തത്. മനീഷ് മൽഹോത്രയുടെ പഴയകാല ഡിസൈനുകളെ ഓർമിപ്പിക്കുന്നതായിരുന്നു ഈ വസ്ത്രം. വെളിച്ചം പതിക്കുമ്പോൾ തിളങ്ങുന്ന ചെറിയ മെറ്റാലിക് സീക്വിനുകൾ സാരിക്ക് പ്രത്യേക ഭംഗി നൽകി. താരം നടക്കുമ്പോഴും തിരിയുമ്പോഴും ഒഴുകിപ്പരക്കുന്ന സ്വർണത്തിളക്കമായിരുന്നു വസ്ത്രത്തിന്റെ പ്രധാന ആകർഷണം. ബാക്ക്ലെസ് ഡിസൈനിലുള്ള ഹാൾട്ടർ നെക്ക് ബ്ലൗസാണ് സാരിക്കൊപ്പം അണിഞ്ഞത്. 2000-കളുടെ തുടക്കത്തിൽ മനീഷ് മൽഹോത്രയുടെ ഡിസൈനുകളിൽ ശ്രദ്ധേയമായിരുന്ന ഗ്ലാമറസ് ശൈലിയെ ഇത് ഓർമിപ്പിച്ചു. എന്നാൽ പഴയ ഫാഷൻ അതേപടി പകർത്തുകയായിരുന്നില്ല കരീന. അന്നത്തെ ശൈലിയിലുണ്ടായിരുന്ന വലിയ ചോക്കറുകൾ, മാംഗ്ടിക്ക, കൈ നിറയെ വളകൾ, അമിതമായ ഹൈലൈറ്റർ എന്നിവയെല്ലാം ഒഴിവാക്കി. സാരിയുടെ തിളക്കത്തിന് പ്രാധാന്യം നൽകിക്കൊണ്ട് മറ്റെല്ലാ സ്റ്റൈലിങ്ങും ലളിതമായിരുന്നു.
നെക്ക് ഡിസൈൻ വ്യക്തമായി കാണാൻ വലിയ ചോക്കർ മാലകൾ കരീന ഒഴിവാക്കി. പകരം ചെറിയ ഡയമണ്ട് സ്റ്റഡ് കമ്മലുകളും നേർത്ത മോതിരങ്ങളും തിരഞ്ഞെടുത്തു. ഗോൾഡൻ മെറ്റാലിക് നെയിൽ പോളിഷും ലുക്കിന് കൂടുതൽ ഭംഗി നൽകി. മുടിയിൽ അയഞ്ഞ രീതിയിൽ വശത്തേക്ക് ഒതുക്കിയ വേവ്സ് സ്റ്റൈലാണ് താരം പരീക്ഷിച്ചത്. സ്വാഭാവികമായ ഹെയർസ്റ്റൈൽ സാരിലുക്കിനെ കൂടുതൽ മോഡേണാക്കി. മേക്കപ്പിൽ നാച്വറൽ ന്യൂഡ്-പിങ്ക് ലിപ്സ്റ്റിക്, സ്മോക്കി ഐ മേക്കപ്പ് എന്നിവയായിരുന്നു കരീനയുടെ ലുക്കിന്റെ പ്രത്യേകത. സാരിയുടെ തിളക്കവും ലളിതമായ സ്റ്റൈലിങ്ങും ചേർന്നപ്പോൾ അതിമനോഹരിയായി കരീന മാറി.
സീക്വിൻ സാരി ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കരീനയുടെ ലുക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. സാരിയിൽ കടുത്ത മെറ്റാലിക് തിളക്കമുണ്ടെങ്കിൽ ബ്ലൗസിന്റെ ഡിസൈൻ ലളിതമായി നിലനിർത്താം. ഹാൾട്ടർ നെക്ക്, മിനിമൽ കോർസെറ്റ് ഡിസൈൻ എന്നിവ ഇതിനൊപ്പം നന്നായി ചേരും. തിളക്കമുള്ള സാരിക്കൊപ്പം വലിയ മാലകളും അമിതമായ ആഭരണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. പകരം സ്റ്റേറ്റ്മെന്റ് സ്റ്റഡ് കമ്മലുകളോ ചെറിയ ഡ്രോപ്പ് കമ്മലുകളോ തിരഞ്ഞെടുക്കാം. ഇത് കഴുത്തിന്റെ ഭംഗി എടുത്തുകാട്ടുന്നതിനൊപ്പം വസ്ത്രത്തിന് കൂടുതൽ ആകർഷകത്വം നൽകും.നിറങ്ങളുടെ കാര്യത്തിൽ ഷാംപെയ്ൻ ഗോൾഡ്, റോസ് ഗോൾഡ് തുടങ്ങിയ ഇളം മെറ്റാലിക് ഷേഡുകൾ തിരഞ്ഞെടുക്കാം. ആഘോഷങ്ങളിലെ വെളിച്ചത്തിൽ ഇവയ്ക്ക് കൂടുതൽ മനോഹരമായ തിളക്കമുണ്ടാകും.മേക്കപ്പിൽ ബ്രോൺസ്ഡ് സ്കിൻ, ന്യൂഡ്-പിങ്ക് ലിപ്സ്റ്റിക്, സോഫ്റ്റ് സ്മോക്കി ഐ എന്നിവ പരീക്ഷിക്കാം. സാരിക്ക് തന്നെ തിളക്കവും ആകർഷണവുമുള്ളതിനാൽ മേക്കപ്പും ആഭരണങ്ങളും അമിതമാകാതിരിക്കാൻ ശ്രദ്ധിക്കാം. ദീപാവലി ആഘോഷങ്ങൾക്കും വിവാഹസീസണിലെ പാർട്ടികൾക്കും ഒരുപോലെ പരീക്ഷിക്കാവുന്ന സ്റ്റൈലാണ് കരീനയുടെ ഈ ഗോൾഡൻ സീക്വിൻ സാരി ലുക്ക്.
Content Highlights: Kareena Kapoor wore a champagne gold sequin saree designed by Manish Malhotra., She attended the star-studded Diwali party with her husband Saif Ali Khan., Her look featured Y2K-inspired glam with a backless halter-neck blouse., She kept accessories minimal, skipping heavy chokers for diamond studs., Provides expert styling tips for wearing metallic sequin sarees.