13 ലക്ഷത്തിന്റെ നെക്ക്‌ളേസ്, ആറ് ലക്ഷത്തിന്റെ സ്റ്റഡ്; വിന്റേജ് ലുക്കിൽ മനം കവർന്ന് കങ്കണ

നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിന്റെ ഏറ്റവും പുതിയ ചിത്രം 'ഭാരത് ഭാഗ്യ വിധാത' തിയേറ്ററുകളിൽ എത്താനുള്ള ഒരുക്കത്തിലാണ്. ജൂൺ 12-നാണ് ചിത്രത്തിന്റെ റിലീസ്. ഇതിന് മുന്നോടിയായി നടന്ന പ്രൊമോഷൻ പരിപാടിയിൽ കങ്കണ ധരിച്ച സാരിയും നെക്ക്‌ളേസുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. വിന്റേജ് ലുക്കിനെ ഓർമിപ്പിക്കുന്ന രീതിയിൽ പോൾക്ക ഫ്‌ളോറൽ സാരിയായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റ്. ഇതിന് ഏകദേശം 15,500 രൂപയാണ് വില വരുന്നത്.
കറുത്ത പോൾക്ക ഡോട്ടുകളും പൂക്കളുടെ പാറ്റേണുകളുമാണ് ഈ സാരിയെ വ്യത്യസ്തമാക്കുന്നത്. ഇതിനൊപ്പം പൂക്കളുടെ അതേ പാറ്റേണുകൾ വരുന്ന ക്രീം കളർ സ്ലീവ്‌ലെസ് ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്. മുൻവശത്ത് വി നെക്കും പിന്നിൽ സ്‌ക്വയർ നെക്കുമാണ് ഈ ബ്ലൗസിനുള്ളത്.
ലക്ഷ്വറി ബ്രാൻഡായ അമാരിസിന്റെ ആഭരണങ്ങളാണ് ഇതിനൊപ്പം കങ്കണ അണിഞ്ഞത്. ഇതിൽ 'ദി നിസാംസ് പേൾ നെക്ക്‌ളേസ്' ആയിരുന്നു ഏറ്റവും ആകർഷണീയമായത്. വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച പെൻഡന്റാണ് ഈ നെക്ക്‌ളേസിന്റെ പ്രത്യേകത. ഇതിന് ഏകദേശം പതിമൂന്നര ലക്ഷം രൂപ വില വരും. ആറര ലക്ഷം രൂപ വരുന്ന 'സവേര സ്റ്റഡ്'ആയിരുന്നു കാതിൽ അണിഞ്ഞത്. മലേഷ്യൻ ഫാഷൻ ഡിസൈനറായ ജിമ്മി ചൂ ഒരുക്കിയ 73000 രൂപ വില വരുന്ന ഷൂ കൂടി ആയതോടെ കങ്കണയുടെ ലുക്ക് പൂർണമായി.
വിന്റേജ് ലുക്കിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഹെയർസ്റ്റൈലാണ് നടി പരീക്ഷിച്ചത്. പിന്നിൽ ഉയർത്തിക്കെട്ടിയ 'പോണിടെയിൽ' ഹെയർസ്‌റ്റൈലാണ് താരം പരീക്ഷിച്ചത്. ഇതിനൊപ്പം പിങ്ക് ഐഷാഡോയും ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷും കൺപീലിക്ക് താഴെ ബ്രൗൺ നിറത്തിലുള്ള ഷാഡോയും തിരഞ്ഞെടുത്തു. ഒപ്പം ഫ്രഞ്ച് നെയിൽ ടിപ്പുകൾ കൂടി ചേർന്നതോടെ കങ്കണ പഴയകാല നടിമാരുടെ ലുക്കിലേക്ക് മാറി.