രണ്ടുലക്ഷം രൂപയുടെ ലെഹങ്ക തിളങ്ങി കങ്കണ; നവരാത്രി ആഘോഷത്തിന് വേറിട്ട ലുക്ക്

Kangana Ranaut|photo:instagram.com/kanganaranaut/
Kangana Ranaut|photo:instagram.com/kanganaranaut/

നിറങ്ങളുടെ ആഘോഷമാണ് നവരാത്രി. പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് ഗർബ നൃത്തത്തിന്റെ ഭാഗമാകുന്നവരുടെ ആഘോഷക്കാഴ്ചകൾക്കിടയിൽ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുകയാണ് ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. കടുംനിറങ്ങൾ നിറഞ്ഞ ലെഹങ്കയും വലിയ വെള്ളി ആഭരണങ്ങളും അണിഞ്ഞാണ് കങ്കണ ഗർബ ആഘോഷത്തിനെത്തിയത്. വസ്ത്രത്തിന്റെ വിലയും ഡിസൈനിലെ പ്രത്യേകതകളുമാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ച. ഛത്തീസ്ഗഢിലെ നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത കങ്കണ തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറക്കാഴ്ചകളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ പാരമ്പര്യവും കരകൗശലവിദ്യയും പ്രതിഫലിപ്പിക്കുന്ന വസ്ത്രം ധരിക്കാനായതിന്റെ സന്തോഷവും താരം പങ്കുവച്ചു.

ലെഹങ്കയുടെ വില 2.10 ലക്ഷം രൂപ

പ്രശസ്ത ഇന്ത്യൻ ഡിസൈനർ ബ്രാൻഡായ ടൊറാനിയുടെ ലെഹങ്ക ചോളിയാണ് കങ്കണ ധരിച്ചത്. ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ സിൽക്ക് ലെഹങ്ക സെറ്റിന്റെ വില 2,10,500 രൂപയാണ്. ഇന്ത്യൻ പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വസ്ത്രത്തിന്റെ രൂപകൽപന. സിന്ധുനദീതട സംസ്‌കാരത്തിന്റെ പൈതൃകവും സഞ്ചാരികളായ സമൂഹങ്ങളുടെ വസ്ത്രശൈലിയും നിറങ്ങളുടെ വൈവിധ്യവുമാണ് ഡിസൈനിന് പ്രചോദനമായതെന്ന് ബ്രാൻഡ് പറയുന്നു. മെറൂൺ നിറത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ലെഹങ്കയിൽ പല നിറങ്ങളിലുള്ള പ്രിന്റുകളും എംബ്രോയ്ഡറിയുമുണ്ട്. ഡിജിറ്റൽ പ്രിന്റുകൾക്കൊപ്പം മനോഹരമായ ബോർഡറുകളും തൂങ്ങിക്കിടക്കുന്ന ടാസലുകളും ചേർത്തിട്ടുണ്ട്. ധാരാളം ഞൊറികളോടെ വിടർന്നുനിൽക്കുന്ന ലെഹങ്ക സ്‌കർട്ടാണ് വസ്ത്രത്തിന്റെ പ്രധാന ആകർഷണം. ഗർബ നൃത്തത്തിനനുസരിച്ച് ചലിക്കുമ്പോൾ വസ്ത്രത്തിന്റെ ഭംഗി കൂടുതൽ പ്രകടമാകുന്ന രീതിയിലാണ് ഡിസൈൻ.

ലെഹങ്കയ്‌ക്കൊപ്പം ധരിച്ച ചോളിയും വ്യത്യസ്തമാണ്. എംബ്രോയ്ഡറി ചെയ്ത ബ്ലൗസിന്റെ പിൻഭാഗത്ത് ക്രിസ്‌ക്രോസ് രീതിയിൽ കെട്ടാവുന്ന ചരടുകളാണുള്ളത്. ചരടുകളുടെ അറ്റത്ത് വലിയ ടാസലുകളും നൽകിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രത്തിന് ആധുനികമായ ബൊഹീമിയൻ ശൈലി നൽകുന്നതാണ് ഈ ഡിസൈൻ. ലെഹങ്കയ്‌ക്കൊപ്പം അതേ പ്രിന്റിലുള്ള ദുപ്പട്ടയും കങ്കണ ധരിച്ചിട്ടുണ്ട്. ദുപ്പട്ടയുടെ അരികുകളിലെ ടാസലുകളും ലുക്കിന് കൂടുതൽ ഭംഗി നൽകി.

ഓക്‌സിഡൈസ്ഡ് ആഭരണങ്ങൾ

കങ്കണയുടെ ലുക്കിലെ മറ്റൊരു പ്രധാന ആകർഷണം ആഭരണങ്ങളാണ്. സാധാരണ ആഘോഷവസ്ത്രങ്ങൾക്കൊപ്പം കാണുന്ന സ്വർണാഭരണങ്ങൾക്കും കുന്ദൻ ആഭരണങ്ങൾക്കും പകരം ഓക്‌സിഡൈസ്ഡ് സിൽവർ ആഭരണങ്ങളാണ് താരം തിരഞ്ഞെടുത്തത്. ഒന്നിലധികം വലിയ നെക്ലേസുകൾ അടുക്കുകളായി ധരിച്ചിട്ടുണ്ട്. കൈകളിൽ വീതിയേറിയ വളകളും ആം കഫുകളും വിരലുകളിൽ വലിയ മോതിരങ്ങളും താരം അണിഞ്ഞിട്ടുണ്ട്. വൃത്താകൃതിയിലുള്ള മാങ് ടിക്കയും ലുക്കിന്റെ ഭാഗമാണ്.വസ്ത്രത്തിലെ കടുംനിറങ്ങൾക്കൊപ്പം വെള്ളിആഭരണങ്ങൾ ചേർന്നപ്പോൾ പരമ്പരാഗത ഗർബ വസ്ത്രം കൂടുതൽ ശ്രദ്ധേയമായി.മുടി ഭംഗിയായി പിന്നിയിട്ടാണ് കങ്കണയുടെ ഹെയർസ്‌റ്റൈൽ ഒരുക്കിയത്. കണ്ണുകൾക്ക് പ്രാധാന്യം നൽകുന്ന വിങ്ഡ് ഐലൈനറാണ് മേക്കപ്പിലെ പ്രധാന ആകർഷണം. ചുണ്ടുകളിൽ ന്യൂഡ് ലിപ് കളറും ഉപയോഗിച്ചു.

നവരാത്രി സ്ത്രീശക്തിയുടെ ആഘോഷമാണെന്നും ഗർബ ജീവിതത്തിന്റെ നൃത്തമാണെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യൻ പാരമ്പര്യ കരകൗശലവിദ്യയും സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഏറെ സന്തോഷം നൽകുന്നതായും കങ്കണ പറഞ്ഞു.

Content Highlights: Kangana Ranaut wore a Torani silk lehenga choli worth Rs 2,10,500 for Navratri celebrations., The maroon lehenga features intricate digital prints, embroidery, and traditional motifs., She paired the outfit with layered oxidized silver jewelry and a bohemian-inspired hairstyle., The actress shared her look on Instagram, celebrating Indian tradition and craftsmanship.