45 വര്‍ഷം പഴക്കമുള്ള ബനാറസ് സാരി സ്‌കേര്‍ട്ട് സെറ്റും ബ്രാലെറ്റുമായി മാറി; പിന്നില്‍ പൂര്‍ണിമ

#ടി.എസ് പ്രതീഷ്
പൂർണിമയ്ക്കൊപ്പം ദിവ്യ പ്രഭ, ദിവ്യ പ്രഭ  | photo: special arrangements, afp
പൂർണിമയ്ക്കൊപ്പം ദിവ്യ പ്രഭ, ദിവ്യ പ്രഭ | photo: special arrangements, afp

കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പറ്റില്‍ നടി ദിവ്യപ്രഭയുടെ ബ്രൗണ്‍ സ്‌കേര്‍ട്ട് സെറ്റ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പഴമയും പുതുമയും ഇഴ ചേര്‍ന്നാണ് ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത് നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ 'പ്രാണ' ബൊട്ടീക്കാണ്. 

സ്‌കേര്‍ട്ട് സെറ്റ് ഡിസൈന്‍ ചെയ്യുന്ന വീഡിയോ പൂര്‍ണിമ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സ്‌കേര്‍ട്ട്, ഷര്‍ട്ട്, വിന്റേജ് ബ്രാലെറ്റ് എന്നിവ ഉള്‍പ്പെട്ടതാണ് ഈ ഔട്ട്ഫിറ്റ്. ഇത് പൂര്‍ണിമ തയ്‌ച്ചെടുക്കുന്നതും ദിവ്യപ്രഭ അണിഞ്ഞുനോക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ദിവ്യപ്രഭയെ സ്റ്റൈല്‍ ചെയ്തത് സാന്ദ്ര രശ്മിയാണ്. 

'45 വര്‍ഷം പഴക്കമുള്ള ഒറിജിനല്‍ ബനാറസ് സാരി പുനരുപയോഗിച്ചാണ് സ്‌കേര്‍ട്ട്  സെറ്റും  ബ്രാലെറ്റും ഒരുക്കിയത്. ബനാറസ് സാരിയുടെ ബോര്‍ഡറാണ് ബ്രാലെറ്റിനായി ഉപയോഗിച്ചത്. ഫാഷന്‍ സസ്റ്റൈനബിലിറ്റി എന്ന ആശയം കൂടി ഈ വസ്ത്രം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഒരു അന്താരാഷ്ട്ര വേദി കിട്ടുമ്പോള്‍ നമ്മുടെ വ്യക്തിത്വവും അവിടെ പ്രതിഫലിക്കണമെന്ന് കരുതി വ്യത്യസ്തമായ ഡിസൈന്‍ സ്വീകരിച്ചു.'  പൂര്‍ണിമ പറയുന്നു. 

പ്രാണ അപ്‌സൈക്കിള്‍ വിഭാഗത്തില്‍ പഴയ തലമുറയിലുള്ളവരുടെ ശേഖരത്തിലുള്ളതുപോലുള്ള സാരികളുണ്ട്. അവ ഉള്‍പ്പെടുത്തി പ്രത്യേകം ഡിസൈന്‍ ചെയ്യാമെന്ന് പൂര്‍ണിമ നിര്‍ദേശിച്ചപ്പോള്‍ ദിവ്യപ്രഭയ്ക്കും സമ്മതം. അങ്ങനെയാണ് ഈ ഔട്ട്ഫിറ്റിലേക്കെത്തുന്നത്. 

മഷ്രു സില്‍ക്കിന്റെ ഷര്‍ട്ടും സ്‌കേര്‍ട്ടുമാണ് ബ്രാലെറ്റിനൊപ്പം ദിവ്യപ്രഭ ധരിച്ചത്. അധിക വോള്യമുള്ള സ്‌കേര്‍ട്ട് തന്നെ ഇതിനായി തയ്യാറാക്കി. സ്‌കേര്‍ട്ട് വിടര്‍ന്നുനില്‍ക്കാനായി താഴ്ഭാഗത്ത് കാന്‍കാനും ഉള്‍പ്പെടുത്തി.  

Content Highlights: divya prabha cannes 2024 red carpet outfit skirt set designed by poornima indrajith