ഗ്ലാമറസായി ഉദ്ഘാടനത്തിനെത്തി ഐശ്വര്യ ലക്ഷ്മി, സോഷ്യൽ മീഡിയയിൽ വിമർശനം

ഐശ്വര്യ ലക്ഷ്മി | Photo: instagram/aishwarya lekshmi
ഐശ്വര്യ ലക്ഷ്മി | Photo: instagram/aishwarya lekshmi

കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളൊന്നും ആരാധകർക്ക് മുന്നിലെത്താറില്ല. ഇപ്പോഴിതാ തിരുവനന്തപുരത്ത് നടന്ന ഒരു ഉദ്ഘാടനത്തിനായി ഗ്ലാമറസായി എത്തിയിരിക്കുകയാണ് ഐശ്വര്യ.

ഓഫ് വൈറ്റ് നിറത്തിലുള്ള ലോങ് ടോപ്പും പാന്റ്‌സും ധരിച്ചാണ് നടി ഉദ്ഘാടനത്തിനെത്തിയത്. ഇതിനൊപ്പം കല്ലുകൾ പതിച്ച ഒരു ചോക്കറും താരം ആഭരണമായി അണിഞ്ഞു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

എന്നാൽ ഇതിന് താഴെ ഒട്ടേറെപ്പേരാണ് താരത്തെ പരിഹസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. സിനിമകളിൽ അവസരം കുറഞ്ഞതിനാലാണോ ഇത്തരത്തിലുള്ള ഔട്ട്ഫിറ്റ് ധരിക്കുന്നത് എന്നായിരുന്നു ഒരു ചോദ്യം. ഇത് അൽപം കടന്നുപോയെന്നും മാന്യമായി വസ്ത്രം ധരിക്കുന്ന ആരേയും കിട്ടിയില്ലേ എന്നും കമന്റുകളുണ്ട്.

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ വെള്ളിത്തിരയിലെത്തിയത്. മായാനദിയിലെ 'അപ്പു' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തമിഴ് സിനിമയും മികച്ച കഥാപാത്രങ്ങൾ ചെയ്തു. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിലും പ്രധാന കഥാപാത്രമായെത്തി.