'ഒരിക്കല്‍ കൊല്‍ക്കത്തയിലെ നടപ്പാതയില്‍വെച്ച് 350 രൂപയുടെ ആറ് സാരികള്‍ വാങ്ങി'-സിമ്രാന്

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയായിരുന്നു സിമ്രാന്‍. മോഡേണ്‍ വസ്ത്രത്തിലും പരമ്പരാഗത വേഷത്തിലും ഒരുപോലെ സുന്ദരിയാകാന്‍ അവര്‍ക്ക് കഴിഞ്ഞു. തൊണ്ണൂറുകളില്‍ പലരുടേയും സ്റ്റൈല്‍ ഐക്കണും അവരായിരുന്നു. എന്നാല്‍ മോഡേണ്‍ വസ്ത്രങ്ങളേക്കാള്‍ സാരിയാണ് സിമ്രാന് ഇഷ്ടം. അടുത്തിടെ ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സാരിപ്രിയത്തെ കുറിച്ച് അവര്‍ മനസ് തുറന്നു. കോട്ടണ്‍ സാരിയോടാണ് കൂടുതല്‍ പ്രിയമെന്നും 350 രൂപ മുതല്‍ 15000 രൂപ വരെ വിലയുള്ള കോട്ടണ്‍ സാരികള്‍ താന്‍ വാങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
'ചിലര്‍ക്ക് സാരിയുടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറയാറുണ്ട്. എന്നാല്‍ എനിക്ക് ഏറ്റവും കംഫര്‍ട്ടബ്‌ളായ വസ്ത്രമാണ് സാരി. ജീന്‍സും ടീഷര്‍ട്ടും ജീന്‍സും കുര്‍ത്തയും പോലെ തന്നെയാണിതും. വലിയ ബോര്‍ഡറുകളുള്ള സാരിയാണ് ഏറ്റവും ഇഷ്ടം. ഒരേ പാറ്റേണില്‍ തന്നെയുള്ള പല നിറത്തിലുള്ള സാരികള്‍ എന്റെ കളക്ഷനിലുണ്ട്. ചിലപ്പോള്‍ സാരിയേക്കാള്‍ കൂടുതല്‍ പൈസ ബ്ലൗസ് തയ്ക്കാന്‍ ചെലവാകും. പേസ്റ്റല്‍ നിറങ്ങളിലുള്ള സാരികളോടാണ് കൂടുതല്‍ ഇഷ്ടം. ബേബി പിങ്ക്, ബെയ്ജ്, ലാവന്‍ഡര്‍, പിസ്ത എന്നീ നിറങ്ങളിലുള്ള സാരികള്‍ മനോഹരമാണ്. ഓര്‍ഗാന്‍സ സാരികളോടും പ്രത്യേക താത്പര്യമുണ്ട്.
ആദ്യമായി സാരി വാങ്ങുന്നത് കോളേജില്‍ പഠിക്കുമ്പോഴാണ്. ആ സാരി ഇപ്പോഴും ഓര്‍മയിലുണ്ട്. പച്ചയും മഞ്ഞയും കലര്‍ന്ന ഒരു ഷിഫോണ്‍ സാരി. കോളോജിലെ പരിപാടികള്‍ക്ക് മിക്കപ്പോഴും അമ്മയുടെ സാരിയാണ് ധരിക്കാറുള്ളത്. ഇപ്പോഴത്തെ പ്രശസ്ത ഹെയര്‍ സ്റ്റൈലിസ്റ്റായ നാഗമണിയാണ് ഞാന്‍ സാരിയുടുത്താല്‍ എങ്ങനെയുണ്ടാകുമെന്ന് ആദ്യം ചിന്തിച്ചത്. അന്ന് അവര്‍ അസിസ്റ്റന്റായിരുന്നു. ഇന്നത്തെപ്പോലെ ഡ്രേപിസ്റ്റ് ഒന്നും ഇല്ലാത്തതിനാല്‍ നാഗമണി തന്നെയാണ് സാരിയുടുപ്പിച്ച് തന്നത്.
നല്ല സാരിയാണെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ എവിടെ നിന്നും വാങ്ങും. ബ്രാന്‍ഡും വിലയുമൊന്നും നോക്കില്ല. എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ 100 രൂപ കൊടുത്തും ലക്ഷങ്ങള്‍ കൊടുത്തും സാരി വാങ്ങും. വലിയ വില കൊടുത്ത് വാങ്ങുന്ന സാരിയാണ് ഏറ്റവും നല്ലതെന്ന് കരുതുന്നില്ല. 'നേരുക്കുനേര്‍' എന്ന സിനിമയുടെ ഗാനരംഗം ചിത്രീകരിക്കാന്‍ കൊല്‍ക്കത്തയില്‍ പോയിരുന്നു. ആ സമയം നടപ്പാതയില്‍ ഒട്ടേറെപ്പേര്‍ സാരി വില്‍ക്കുന്നത് കണ്ടു. അവരില്‍നിന്ന് ആറ് സാരികള്‍ വാങ്ങി. ചിലതിന് 350 രൂപയും മറ്റ് ചിലതിന് 450 രൂപയുമായിരുന്നു വില. ഒറിസ കോട്ടണ്‍, ബംഗാള്‍ കോട്ടണ്‍ എന്നീ മെറ്റീരിയലുകള്‍ കൊണ്ടുണ്ടാക്കിയ സാരികളായിരുന്നു അത്. അതില്‍ രണ്ടെണ്ണം ഇപ്പോഴും എന്റെ കൈയിലുണ്ട്.
സാരി മെറ്റീരിയലുകളും കളറും എനിക്ക് കംഫര്‍ട്ടബ്ള്‍ ആണെങ്കില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സാരിയുടുത്ത് നില്‍ക്കണമെന്ന് പറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല. ഒരു തവണ ഉപയോഗിച്ച സാരി വീണ്ടും ഉപയോഗിക്കാറുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ ഉപയോഗിച്ച സാരികള്‍ പിന്നീട് സ്വകാര്യ പരിപാടികളിലായിരിക്കും ധരിക്കുക.
കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയില്‍ ഉപയോഗിച്ച സാരികളുടെ അതേ സ്‌റ്റൈലാണ് ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലും ഫോളോ ചെയ്തത്. കോട്ടണ്‍ സാരിയും കലംകാരി സാരിയുമാണ് ഇതില്‍ കൂടുതലും ഉപയോഗിച്ചത്. മിക്കതും പേസ്റ്റല്‍ നിറങ്ങളില്‍ ഉള്ളവയായിരുന്നു. വാരണം ആയിരം എന്ന ചിത്രത്തില്‍ റെട്രോ സ്‌റ്റൈല്‍ ലുക്കിലുള്ള മാലിനി എന്ന കഥാപാത്രത്തില്‍ കേരള സ്റ്റൈല്‍ സാരികളുമുണ്ടായിരുന്നു. ഉത്തര എന്ന ഡിസൈനറാണ് ഈ സാരികള്‍ തിരഞ്ഞെടുത്തത്. സീമരാജ എന്ന സിനിമയില്‍ പട്ടുസാരികളാണ് ഉപയോഗിച്ചത്.'-സിമ്രാന്‍ അഭിമുഖത്തില്‍ പറയുന്നു.
Content Highlights: actress simran talks about her saree collection