നീ ആരാ, സൗന്ദര്യറാണിയോ, ഞാൻ നിന്റെ സൗന്ദര്യം കണ്ട് പിറകേ വന്നതല്ല-മട്ടുമാറിയ നേതാവ് ഒച്ചയിട്ടു

'നസിയുടെ നില്‍പ്പില്‍ എന്തോ പന്തികേടുള്ളത് പോലെ എനിക്ക് തോന്നി. ഭയങ്കരമായ ഒരു രഹസ്യം പറയാനെന്നപോലെ അവള്‍ നാലുപാടും നോക്കുന്നുമുണ്ട്. ഇനി ഇവള്‍ മറ്റേതെങ്കിലും പ്രേമത്തില്‍ അകപ്പെട്ടിട്ടുണ്ടാകുമോ. എനിക്ക് സംശയമായി. എന്റെ സംശയത്തെ സാധൂകരിക്കുന്നത് പോലെ പെട്ടന്ന് ഞങ്ങളുടെ പിന്നില്‍ നിന്നും ഒരു സൈക്കിളിന്റെ ബെല്ലടി ശബ്ദം കേട്ടു. തോല് സലീമാണ്. കഴുത്തില്‍ വട്ടം ചുറ്റിയിട്ടിരുന്ന സ്‌കാര്‍ഫിന്റെ തുമ്പെടുത്ത് മുഖം തുടച്ച് കൊണ്ട് സലീം കടന്നുപോകാനായി നസി കാത്തുനിന്നു. എന്നാല്‍ ചവുട്ടിയിട്ടും മുന്നോട്ട് പോകാത്തത് പോലെ സൈക്കിളിന്റെ ഹാന്‍ഡില്‍ വെട്ടിച്ച് സലിം ഞങ്ങളുടെ മുന്നില്‍ നിന്ന് പമ്മിക്കളിച്ചു. അപ്പോള്‍ നസിയുടെ വീടിന് മുന്‍പിലെ ആത്ത മരത്തിന്റെ കൊമ്പിലൊരു കൂവിവിളി കേട്ടു. ഏതോ കുയില്‍ സമയം തെറ്റി പാടുകയാണ്. കുയിലിന്റെ കൂവലിന്റെ തുടര്‍ച്ചപോലെ സൈക്കിളില്‍ കാല്‍ കുത്തിനിന്ന സലീമും കൂവാന്‍ തുടങ്ങി. കൂവി കൂവി സലീമും കുയിലും ഒരു പോലെ തോറ്റതായി എനിക്ക് തോന്നി. ഇതൊക്കെ കണ്ടും കേട്ടും നിന്ന നസി ഇവനിത് എന്തോത്തിന്റെ സോക്കേടാന്ന് അരിശംപൂണ്ടു. ഒടുവില്‍ എടീ നീയിങ്ങോട്ട് വന്നേന്നും പറഞ്ഞ് എന്റെ കൈക്ക് പിടിച്ച് വീടിന്റെ അടുക്കളവശത്തേക്ക് കുട്ടിക്കൊണ്ടുപോയി അടക്കിപിടിച്ചുവച്ച രഹസ്യത്തിന്റെ ചുരുള്‍ തുറന്നു.
'പിന്നെ നാളെ ഞാനും നിന്റെ കൂടെ കോളേജില് വരുന്ന്'. രഹസ്യഭാരം ഒഴിഞ്ഞ് നസി നിശ്വസിച്ചു. ഒന്‍പതാം ക്ലാസില്‍ പഠിത്തം നിര്‍ത്തി അടുക്കളഭരണം ഏറ്റെടുത്ത നസി കോളേജില്‍ വരികയോ? ഇവള്‍ എന്തൊക്കെയാണ് പറയുന്നത്? ഞാന്‍ നസിക്ക് മുന്നില്‍ യാതൊന്നും പിടികിട്ടാത്തത് പോലെ വായും പൊളിച്ച് നിന്നു. 'എന്തുവാടീ നീയിങ്ങനെ മിഴിച്ച് നോക്കുന്നത്. ഞാന്‍ കോളേജില്‍ വരുന്നെന്നല്ലിയോ പറഞ്ഞത്, കള്ളുഷാപ്പിലേക്കല്ലല്ലോ'. നസിയുടെ ചോദ്യത്തില്‍ ന്യായമുണ്ട്. കായംകുളം എം.എസ്.എം കോളേജില്‍ ലൈനടിക്കാനായി മാത്രം പുറത്ത് നിന്നും വരുന്ന ആണ്‍കുട്ടികള്‍ കാമ്പസിലെ സ്ഥിരം കാഴ്ച്ചയാണ്. അവളുടെ വരവിന് അങ്ങനെയുള്ള ദുരുദ്ദേശ്യമൊന്നുമില്ലല്ലോ? പിന്നെ വന്നാലെന്ത് എന്ന് ഞാന്‍ ആലോചിച്ചു. അത് തന്നെയുമല്ല, ആഗ്രഹങ്ങള്‍ക്ക് ആണും പെണ്ണും എന്ന വ്യത്യാസം അനീതി തന്നെയാണ്. ആഗ്രഹങ്ങളുടെ തടാകത്തില്‍ നീന്തി അവളും യഥേഷ്ടം ഉല്ലസിക്കട്ടെ. ഇങ്ങനെയൊക്കെ പലതും ഞാന്‍ ചിന്തിച്ച് നില്‍ക്കുന്നത് കണ്ട് നസിയുടെ മുഖം വാടി. കാരണം, എന്നില്‍ നിന്നും ആവേശപൂര്‍ണമായ ഒരു സ്വീകരണമായിരുന്നു അവള്‍ പ്രതീക്ഷിച്ചിരുന്നത്. 'നീ വീട്ടീ പറഞ്ഞോ' ഞാനവളോട് ചോദിച്ചു.
Content Highlights: memories jaseena rahim, friend, college