അന്ന് അതിന്റെ അർഥമറിഞ്ഞില്ല; പ്രണയത്തിനും വാത്സല്യത്തിനുമിടയിലെ ചുംബനം

ആരവങ്ങൾക്ക് നടുവിലെ ബാല്യം! നാട്ടുകാർക്കും സുഹൃത്തുക്കൾക്കും സമ്മതനും പ്രിയങ്കരനുമായ എന്റെ അച്ഛൻ സ്‌നേഹത്തോടെ എന്നെ സ്പർശിച്ച നിമിഷങ്ങൾ അത്യപൂർവ്വങ്ങളായിരുന്നു... വെറുപ്പിനും വാത്സല്യത്തിനുമിടയിലുള്ള ആ പ്രത്യേകതരം നിസ്സംഗാവസ്ഥയുടെ കാരണം ഇന്നും എനിക്കജ്ഞാതമാണ്. അച്ഛന്റെ ഉറ്റ സുഹൃത്തുക്കളുടെ പരിലാളനകളുടെ നടുവിലും പിതൃവാത്സല്യത്തിന്റെ 'കിട്ടാക്കടം' പേരറിയാത്തൊരു നോവായി എന്നിൽ അവശേഷിച്ചു. അച്ഛന്റെ അതിബൃഹത്തായ സുഹൃദ് വലയം സൃഷ്ടിച്ച ബഹളങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടാൻ ഇളയ ചിറ്റയുമൊത്ത് ദൂരെയുള്ള ഗൗരി മുത്തശ്ശിയുടെ പറമ്പിലേക്ക് നാളികേരം പെറുക്കാനും, കുടംപുളി പൊട്ടിക്കാനുമെന്നുമൊക്കെയുള്ള കാരണങ്ങൾ നിരത്തി പലായനം ചെയ്തു കൊണ്ടിരുന്ന അമ്മ. ഭർത്താവിന്റെ അധിക ബന്ധങ്ങൾ വരുത്തുന്ന ബാധ്യതകൾ തീർക്കാൻ ഓടിനടന്നിരുന്ന അവർക്ക് ഏക സന്താനത്തിനായി ചുരത്താൻ മാതൃവാത്സല്യം നന്നേ കഷ്ടിയായിരുന്നു. അവന് മൂത്തമ്മയുണ്ടല്ലോ (അമ്മ ഗൗരിമുത്തശ്ശിയെ അങ്ങനെയാണ് വിളിച്ചിരുന്നത്) എന്ന ഒറ്റ വാചകത്തിൽ അമ്മ എനിക്ക് മേലുള്ള തന്റെ എല്ലാത്തരം ഉത്തരവാദിത്വങ്ങളെയും അശ്രദ്ധകളെയും നിസ്സാരമാക്കിക്കളയുമായിരുന്നു!സത്യത്തിൽ 'ഗൗരി മുത്തശ്ശി'യില്ലായിരുന്നുവെങ്കിൽ ഈ ബഹളങ്ങൾക്കിടയിൽ എന്റെ ബാല്യം മുങ്ങിച്ചത്തുപോയേനെ...
ഏകാധിപതികളായ രണ്ട് സ്വതന്ത്രരാഷ്ട്രങ്ങൾ പോലെയായിരുന്നു അച്ഛനും അമ്മയും. ഒരേ മുറിക്കുള്ളിലെ അദൃശ്യമായ വന്മതിൽ പക്ഷേ എനിക്കുമാത്രം കാണാമായിരുന്നു. ഉറക്കം വരാത്ത വിരസ രാത്രികളുടെ അവസാനം ഞാൻ ഗൗരിമുത്തശ്ശിയുടെ സ്‌നേഹച്ചൂടിൽ അഭയം തേടി. സ്വർണ്ണ നാഗങ്ങളുടെ ദംശനങ്ങൾ എന്റെ ഉറക്കം ഞെട്ടിച്ചപ്പോഴൊക്കെ
'ഓം അനന്തായ നമഃ
ഓം വാസുദേവായ നമഃ
ഓം തക്ഷകായ നമഃ
ഓം ശംഖപാലായ നമഃ
ഓം ഗുളികായ നമഃ
ഓം സർപ്പനായകായ നമഃ ' എന്നോതിത്തന്നു സാന്ത്വനിപ്പിച്ചുറക്കിയ എത്രയെത്ര രാത്രികൾ...
'കൗശലക്കാരനായ ഒരു കുറുക്കൻ' അങ്ങനെയാണ് കൊച്ചുമകനെ ഗൗരിമുത്തശ്ശി വിശേഷിപ്പിച്ചിരുന്നത്! ഏക പുത്രി 'സാവിത്രി'യുടെ മൂന്ന് സന്താനങ്ങളിൽ മൂത്തവനായതിന്റെ പേരിലും ആദ്യപുത്രനെന്ന അധികപരിഗണനയിലും ഏറെ പരിലാളനങ്ങളേറ്റുവാങ്ങിയാണ് അച്ഛൻ വളർന്നത്. ചെറുപ്പത്തിലേ വിധവയായ സാവിത്രിക്ക് കടിഞ്ഞൂൽപുത്രന് മേലുള്ള അമിതവാത്സല്യവും അച്ഛനില്ലാത്ത കുട്ടി എന്ന പരിഗണനയും എല്ലാത്തരം തോന്ന്യാസങ്ങൾക്കുമുള്ള ഒത്താശകളായിത്തീർന്നുവന്നു പറഞ്ഞാലും അതിശയോക്തിയില്ല. ഭർത്താവിന്റെ മരണശേഷം കോട്ടയത്തുനിന്നും ചേർത്തലയിലേക്ക് മടങ്ങിയെത്തിയ സാവിത്രി എന്നെന്നും ഗൗരിയമ്മയുടെ തണലിൽ കഴിയാനായിരുന്നു താൽപ്പര്യപ്പെട്ടത്.
ചെറുപ്പത്തിലേ കൈവന്ന വൈധവ്യം, സ്വതവേ കറുപ്പ് നിറക്കാരിയായ അവരിൽ കരിമംഗല്യത്തിന്റെ അടയാളങ്ങളും., ഇരുകവിളുകളിലും നിരാശയുടെ പുറ്റുകൾ പോലെയുള്ള മുഖക്കുരുക്കളും സമ്മാനിച്ചു. പിതാവിന്റെ ശാസനയില്ല, അമ്മയുടെ നിയന്ത്രണമില്ല, ഭയഭക്തിയോടെ നിൽക്കുന്ന രണ്ട് ഇളയ സഹോദരിമാർ., എല്ലാമെല്ലാം ആൺമകനു അനുകൂലമായിരുന്നു. നാട്ടിലെ പ്രധാനിയായ, ചെറുതല്ലാത്ത ഭൂസ്വത്തുക്കൾക്ക് ഉടമയായ മുത്തശ്ശി, സ്പ്രിംഗ് പോലെ ചുരുണ്ടമുടിയുള്ള, ഇരുനിറക്കാരനും സുമുഖനുമായ തന്റെ കൊച്ചുമകന്റെ വേലത്തരങ്ങൾക്കും കുരുത്തക്കേടുകൾക്കും സമാധാനം പറഞ്ഞും സന്ധി ചെയ്തും മടുത്തുകഴിഞ്ഞിരുന്നു. അവസാനം എല്ലാത്തിനുമുള്ള പരിഹാരം വിവാഹം മാത്രമാണെന്നുള്ള ധാരണയിൽ അതും കേമമായി നടത്തപ്പെട്ടു.
വിവാഹാനന്തരം കുറച്ചുകാലം 'നല്ലപിള്ള'യായ കൊച്ചുമകനെക്കണ്ട് അധികകാലം ആശ്വസിക്കാൻ മുത്തശ്ശിക്ക് യോഗമുണ്ടായില്ല. എല്ലാം വീണ്ടും പഴയപടി. ഉത്തരവാദിത്വബോധമില്ലാത്ത ധൂർത്തനായ തന്റെ കൊച്ചുമകൻ പക്ഷേ നാട്ടുകാർക്കും ബന്ധുജനങ്ങൾക്കും സമ്മതനും പ്രിയങ്കരനുമായിരുന്നു!സാമ്പത്തികകാര്യങ്ങളിലെ തിരിമറികൾക്കായിരുന്നു വീട്ടിൽ പതിവായി കലഹങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നത്. അറിയാത്ത വ്യാപാരങ്ങൾ ചെയ്തു കടം വരുത്തുക, വാതുവയ്പ്പ്, പണംവച്ചുള്ള ചീട്ടുകളി, രേഖകളില്ലാതെ പണം വായ്പ നൽകുക, നാളികേരവും പറമ്പിലെ മറ്റു ആദായങ്ങളുടെ കണക്കുകളിലും വ്യാജങ്ങൾ ചമയ്ക്കുക... തർക്കങ്ങളും വാദപ്രതിവാദങ്ങളും കൊണ്ട് സംഭവബഹുലമായ സംവത്സരങ്ങൾ. കാലം കടന്നുപോയി. ഗൗരി മുത്തശ്ശി മുൻകൈ എടുത്തുതന്നെ കൊച്ചുമക്കളായ രണ്ടു പെൺകുട്ടികളുടെയും വിവാഹം നടത്തി., 'സഹോദരസ്ഥാന'ത്ത് മാത്രമല്ലാതെ തന്റെ കൊച്ചുമകന്റെ ആധിപത്യം മറ്റൊന്നിലും ഏശാതെ നോക്കാൻ സാമർത്ഥ്യവതിയായ ആ മുത്തശ്ശിക്ക് കഴിഞ്ഞു.
കൊച്ചുമകന് ഒരു സന്താനം പിറന്നു. കുടുംബത്തിലെ ആദ്യത്തെ കുഞ്ഞ്. അപ്പോഴും നാട്ടുകാര്യങ്ങളിലും സ്വാർഥസുഖങ്ങളിലും അഭിരമിച്ചുനടക്കുന്ന കൊച്ചുമകനിൽ 'പിതൃത്വ'ത്തിന്റെ ഭരമേതും ഏൽപ്പിക്കാതെ മുത്തശ്ശി ആ കുഞ്ഞിനു വേണ്ടുവോളം സ്‌നേഹംനൽകി വളർത്തി. ഒരായിരം കഥകൾ ചൊല്ലിക്കൊടുത്തു. കൈവിരൽ പിടിച്ചുകൊണ്ട് ഒരുപാടു യാത്രകൾ പോയി. ആ കുഞ്ഞിന്റെ കെട്ടുപിണഞ്ഞ ചോദ്യങ്ങൾക്കെല്ലാം ചിരിച്ചുകൊണ്ട് സരസമായ മറുപടികൾ കൊടുത്തു. അവന്റെ (അവളുടെ) എല്ലാത്തരം സങ്കീർണ്ണതളുടേയുമുത്തരമായിരുന്നു ആ മുതുമുത്തശ്ശി!
അറിവുള്ള, ധനം കൊണ്ടും കാരുണ്യം കൊണ്ടും സമ്പന്നയായ, മെലിഞ്ഞ ദേഹവും എഴുപതുകളിലും അത്രയൊന്നും നര കയറാത്ത ചുരുണ്ട., തോളൊപ്പം കിടക്കുന്ന ഇടതിങ്ങിയ കേശവുമുള്ള സുന്ദരിയായ 'ഗൗരി ചീരമ്മ' എന്ന ആ സ്ത്രീ എന്റെ അച്ഛന്റെ മുത്തശ്ശിയായിരുന്നു. ആ 'കൗശലക്കാരനായ കുറുക്കൻ'എന്റെ അച്ഛനും!
**** **** **** **** **** ****
അന്ന് ദൂരദർശന്റെ ഏഴു മണി വാർത്തകൾ ഞങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷന്റെ പതിനാലിഞ്ച് ചതുരത്തിൽ നിറഞ്ഞപ്പോഴാണ് അച്ഛനും അമ്മയും തമ്മിലുള്ള കലഹത്തിന്റെ ഒച്ചയൊലികൾ അതിന്റെ പാരമ്യത്തിലെത്തിയത്. പെട്ടെന്നാണത് സംഭവിച്ചത് വണ്ടി വലിച്ചുകൊണ്ട് കുതിര ഓടുംപോലെ അച്ഛനെന്റെ കൈ പിടിച്ചു പുറത്തേക്കിറങ്ങി ഒറ്റ നടത്തം. എന്താണ് സംഭവിക്കുന്നതെന്നു ചിന്തിക്കാനുള്ള സമയം പോലും കിട്ടിയില്ല... ' എടാ ആ കൊച്ചിനേം കൊണ്ട് നീയെങ്ങോട്ട് പോവുകാ ' ഗൗരി മുത്തശ്ശിയുടെ ചോദ്യം ഞങ്ങളുടെ പിന്നിൽവന്നലച്ചു. അച്ഛനതു ഗൗനിച്ചതേയില്ല. എനിക്ക് ചെരുപ്പ് കൂടിയിടാനുള്ള സാവകാശം കിട്ടിയില്ല... ഇതെന്തു കൂത്ത് എന്ന് ഞാനും മനസ്സിൽ ചോദിച്ചു. വഴക്കിടുകയോ വീടു വിട്ടുപോകയോ എന്തു വേണമെങ്കിലും ആയിക്കോളൂ... അതിനു മനസ്സമാധാനമായി ടിവിയും കണ്ടിരിക്കുന്ന എന്നെ പിടിച്ചുവലിച്ചു കൊണ്ടുപോകേണ്ട ആവശ്യമെന്ത്!?
അച്ഛന്റെ പ്രധാന ഉപദേഷ്ടാവും നാട്ടിലെ പ്രമാണിയുമായ ഒരർത്ഥത്തിൽ അച്ഛന്റെ മുതലാളിയുമായ ആ ആളിന്റെ വീട്ടിലേക്കു കഷ്ടിച്ച് അര കിലോമീറ്ററേയുള്ളൂ... മൂന്ന് മക്കളിൽ രണ്ടാൺ മക്കൾക്ക് ശേഷമുണ്ടായ പെൺസന്താനത്തിന്റെ പേരിലുള്ള രണ്ടു ബസ് സർവീസുകൾ, ഒരു ധാന്യമില്ല്, മതിലിന്നോട് ചേർന്നുള്ള ജാതിമരങ്ങൾ വളരുന്ന കൃത്രിമപുല്ലുകൾ സശ്രദ്ധം വെട്ടിയൊരുക്കി ഭംഗിയായി പരിപാലിക്കപ്പെടുന്ന ഉദ്യാനം... എൺപതുകളിലെ ചലച്ചിത്രങ്ങളിൽ കാണുന്നതുപോലെ പാൽവെള്ളചായം പൂശിയ നാല് പാളി ജന്നാലകളും ഇളം നീല ചുമരുകളും വിശാലമായ സ്വീകരണമുറിയിലെ സോണിയുടെ വലുപ്പമേറിയ ഒരു ടെലിവിഷനും തൊട്ടടുത്ത ഊണുമുറിയിൽ ചെറുതായി ഇരമ്പിമൂളിക്കൊണ്ടിരിക്കുന്ന വേൾപൂൾ റഫ്രിഡ്ജറേറ്ററും... സമ്പന്നതയുടെ അടയാളങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ആ വീട്ടിൽ വെളിവാക്കപ്പെട്ടിരുന്നു.അവിടുത്തെ ബസുകളിൽ കണ്ടക്ടറായും കിളിയായും അച്ഛൻ ആളൊഴിവനുസരിച്ചു വേഷപ്രച്ഛന്നനായിക്കൊണ്ടിരുന്നു... വീട്ടിലെ ചില്ലറ വഴക്കുകൾ തീർക്കാൻ അച്ഛന്റെ ഉദാരമനസ്‌കനായ ആ മുതലാളി പലപ്പോഴും മധ്യസ്ഥത വഹിച്ചിരുന്നു.
അന്ന് സ്വസ്ഥമായി ടീവിയും കണ്ടിരുന്ന എന്നെ അച്ഛൻ പിടിച്ചുവലിച്ചുകൊണ്ട് പോയത് ആ വീട്ടിലേക്കായിരുന്നു. അച്ഛന്റെ മുതലാളിയുടെ സ്‌നേഹമയിയും പ്രൗഢയുമായ ഭാര്യ എന്നെക്കണ്ടു വാത്സല്യപൂർവ്വം പുഞ്ചിരിച്ചു. മുതിർന്നവർ കലഹകാരണങ്ങളുടെ നൂലിഴ കീറി പരിശോധിക്കാനായി പോയി. ഞാൻ ഞങ്ങളുടെ വീട്ടിലെ ടീവിയേക്കാളും പതിന്മടങ്ങു വലുപ്പമുള്ള നിറങ്ങൾ നിർലോഭം നിറയുന്ന ആ ചതുരപ്പെട്ടിയുടെ മുന്നിൽ തറഞ്ഞിരുന്നു.
വി-ഗാർഡിന്റെ പരസ്യത്തിലെ ശോഭനയുടെ ബ്ലൗസിന് ഇളം പിങ്ക് നിറമാണെന്നും ബ്ലാക്ക് ആൻഡ് വൈറ്റ് ചതുരത്തിൽ കാണുന്നതിന്റെ പതിന്മടങ്ങു സുന്ദരിയാണ് അവർ ഈ സോണിയുടെ കളർ ടെലിവിഷനിലെന്നും ഞാനന്ന് വിസ്മയത്തോടെ മനസ്സിലാക്കി.
വർണ്ണങ്ങളുടെ ധാരാളിത്തത്തിൽ മതിമറന്നിരുന്ന എന്നെ രണ്ടു തണുത്ത കൈകൾ മെല്ലെവന്നു തൊട്ടു. ഞാനൊന്നു ചെറുതായിട്ട് ഞെട്ടിയതുപോലെ തോന്നിയിട്ടോ എന്തോ., അച്ഛന്റെ മുതലാളിയുടെ രണ്ടാണ്മക്കളിൽ ഇളയവനായ 'അയാൾ' 'കുട്ടാ പേടിച്ചോ' എന്ന് ചോദിച്ചുംകൊണ്ട് എന്റെ അരികിൽ വന്നിരുന്നു. ഞാൻ ആണെന്നോ ഇല്ലെന്നോ എന്ന മട്ടിൽ ചുമലൊന്ന് മൃദുവായി അനക്കി.
ആ സമ്പന്ന കുടുംബത്തിലെ ഗൃഹനാഥന്റെ മൂന്ന് മക്കളിൽവച്ചു 'ഇയാൾ' തികച്ചും വിഭിന്നനായിരുന്നു. ഞാൻ അപൂർവ്വമായിമാത്രം കണ്ടിട്ടുള്ള ഏറ്റവും മൂത്ത പുത്രൻ ഗൗരവത്തിന്റെ ഒരു നേർത്ത പാളി എല്ലായ്‌പ്പോഴും അണിഞ്ഞിരുന്നു. ഏറ്റവും ഇളയവളായ പെൺകുട്ടി സിനിമാനടി ഗൗതമിയുടെ വിഷാദമോ കുസൃതിയോ തിരയടിഞ്ഞ മനോഹര നേത്രങ്ങളും ചുരുണ്ടു തിങ്ങിയ തലമുടിയുമായി വല്ലപ്പോഴും കണ്ടാൽ ചിരിച്ചു ചിരിച്ചില്ല എന്ന മട്ടിലൊന്നു നോക്കി കടന്നു പോകും.
അച്ഛന്റെ മുതലാളിയും ഭാര്യയും നീളം കുറഞ്ഞു തെളിഞ്ഞ നിറമുള്ളവരായിരുന്നു. പക്ഷേ മക്കൾക്ക് നല്ല ഉയരവും പവന്മാറ്റു നിറവും ഈശ്വരൻ കനിഞ്ഞു നൽകിയിരുന്നു.
എന്നെ കാണുമ്പോഴെല്ലാം വളരെയധികം അടുപ്പവും എന്തൊക്കെയോ പറഞ്ഞു എന്നെ ചിരിപ്പിക്കാനുള്ള വിഫലശ്രമവും നടത്തുന്ന ആ 'ചേട്ടൻ' തീർച്ചയായും വ്യത്യസ്തനായിരുന്നു. അയാൾ പറഞ്ഞ തമാശകൾ ഞാൻ ഓർക്കുന്നില്ല. അത് ആസ്വദിച്ചു ചിരിക്കാനുള്ള സൗമനസ്യമോ ബുദ്ധിവികാസമോ അന്നത്തെ പത്തു വയസ്സുകാരനായ എനിക്ക് ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കില്ല.
അയാളുടെ കണ്ണുകൾ സ്ത്രീകളുടേതുപോലെ നീണ്ടതും മനോഹരവുമായിരുന്നു. പൊന്നിൻ നിറമുള്ള ദേഹത്തു കറുത്ത് നിബിഡമായ രോമങ്ങളുടെ സമൃദ്ധിയുണ്ടായിരുന്നു. രണ്ടറ്റവും ചെറുതായി കൂർപ്പിച്ച കനമുള്ള മീശയ്ക്ക് താഴെ എല്ലായ്‌പ്പോഴും പ്രസന്നത പ്രസരിപ്പിക്കുന്ന രക്തവർണ്ണമുള്ള അധരങ്ങൾ... യൗവ്വനം അതിന്റെ എല്ലാത്തരം തീക്ഷ്ണസൗഭഗത്തോടും കൂടി ലക്ഷണമൊത്ത ആ ശരീരത്തിൽ വിളങ്ങി വിരാജിച്ചിരുന്നു.
അദ്ദേഹം അടുത്തു വരുമ്പോഴും എന്നെ വാത്സല്യത്തോടെ ചേർത്തണയ്ക്കുമ്പോഴും സാധാരണയിൽ കവിഞ്ഞ എന്തോ 'ഒന്ന്' എന്നിൽ വന്നു നിറഞ്ഞു. ഒരു ഇരുപത്തിരണ്ടു വയസ്സുകാരൻ തന്റെ അച്ഛന്റെ സുഹൃത്തും ജോലിക്കാരനുമായ ആളുടെ പത്തുവയസ്സുകാരനായ മകനെ നിഷ്‌കളങ്കമായി വെറുതെ ലാളിക്കുന്നതിനുമപ്പുറമായിരുന്നുവത്.
പണ്ടൊരിക്കൽ കൂട്ടുകാരോടൊപ്പം ജാതിക്ക മോഷ്ടിക്കാൻ ചെന്നതും പ്രസ്തുത ചേട്ടൻ കയ്യോടെ പിടിച്ചതും കൂടെയുണ്ടായിരുന്നവർ വിദഗ്ധമായി ഓടി രക്ഷപ്പെട്ടപ്പോൾ എന്നെമാത്രം അയാൾ തന്റെ കൈവലയത്തിൽ ഒതുക്കിനിർത്തിയതും പിടിക്കപ്പെട്ടതിന്റെ മാത്രമല്ല അവിടെ തീർത്തും ഒറ്റപ്പെട്ടുപോയതിന്റെ പരിഭ്രമത്താലും വിറച്ചു നിന്ന എന്നെ പതിയെ നിലത്തു മുട്ടുകുത്തി കുപ്പായമിടാത്ത ദേഹത്തോട് ചേർത്തുനിർത്തി 'നിനക്ക് ജാതിക്ക വേണെങ്കിൽ പറഞ്ഞാൽ പോരേ' എന്ന് അത്യധികം കരുണയോടെ ചോദിച്ചത്... എന്നിട്ട് നിലത്തു വീണ മൂപ്പൊത്ത ജാതിക്കായകൾ ചിരിയോടെ എന്റെ കയ്യിൽ വച്ചുതന്നത്... നീണ്ട ആ കരങ്ങളുടെ പിടി ഒന്നയഞ്ഞ തക്കത്തിനു ഞാൻ ശരവേഗത്തിൽ കുതിച്ചോടിയത്... അൽപ്പനാളുകളേയായിട്ടുള്ളൂ ഈ സംഭവം നടന്നിട്ടു. അതിനുശേഷം എപ്പോൾ അയാളെ കണ്ടാലും എന്റെയുള്ളിൽ ഒരു കിടുകിടുപ്പ് ഉണ്ടാകും... ജാതിക്കായ മോഷ്ടിച്ചതെങ്ങാൻ അച്ഛനോട് പറഞ്ഞുകൊടുത്താൽ... പക്ഷേ അങ്ങനെ ഒരിക്കൽപോലും സംഭവിച്ചില്ല.
ദൂരദർശന്റെ വാർത്തകൾ കഴിഞ്ഞു. വി-ഗാർഡിന്റെയും കോംപ്ലാന്റെയും ഒനിഡയുടെയും പരസ്യങ്ങൾ കഴിഞ്ഞു. ആഴ്ചയിലൊരിക്കൽ മാത്രമുള്ള ഒരു പരമ്പരയും കഴിയാറായി... അതിൽ നായകൻ സഞ്ചരിച്ച വെള്ള ടെമ്പോ വാൻ നിലതെറ്റി കരണം മറിഞ്ഞു... ചുവന്ന നിറത്തിൽ ചോരച്ചാലുകൾ ഒഴുകിപ്പരന്നു. സോണിയുടെ വിലപിടിപ്പുള്ള ആ കളർ ടെലിവിഷൻ അത്യന്തം വ്യക്തതയോടുകൂടി എല്ലാം കാണിച്ചുതന്നുകൊണ്ടിരുന്നു.
'വാ പോകാം' അച്ഛൻ വന്നു. ചർച്ചയും പരിഹാരനിർദ്ദേശങ്ങളും കഴിഞ്ഞു കാണും. 'താൻ ഇനി ഒറ്റയ്ക്ക് പോകണ്ട, ഞാനും വരാം' അയാൾ അച്ഛനെ അങ്ങനെയാണ് സംബോധന ചെയ്തത്. അച്ഛന്റെ മുതലാളിയും അത് ശരി വച്ചു. ഞങ്ങൾ പുറത്തിറങ്ങി. അയാൾ എന്റെ ഇടതുകയ്യിൽ മൃദുവായി പിടിച്ചു പതുക്കെ നടന്നു.
അദ്ദേഹം എന്തൊക്കെയോ സംസാരിച്ചു... കൂടുതലും അച്ഛനുള്ള ഉപദേശങ്ങൾ... 'നിങ്ങളിങ്ങനെ തുടങ്ങിയാൽ ഈ കൊച്ചിന്റെ കാര്യം എന്താകും ' ഗൗരിമുത്തശ്ശിക്കുശേഷം ലോകത്തു ആദ്യമായി ഒരാൾ എന്നെപ്പറ്റി വിചാരിച്ചു ആകുലപ്പെടുന്നു! ഏകദേശം വീട്ടിലെത്താറായി... ചിറയ്ക്കൽ വീടിന്റെ മതിലോരം പിന്നിട്ടു ഞങ്ങൾ പൊതുവഴിയുൾപ്പെടുന്ന മൺപാതയിലേക്ക് കടന്നു. അയാൾ വീണ്ടും... 'താനീ കൊച്ചിനെ ചെരുപ്പ് പോലും ഇടീക്കാതെ കൊണ്ടുപോന്നല്ലോ' എന്ന് ചോദിച്ചുംകൊണ്ട് എന്നെ എടുത്തുപൊക്കി നെഞ്ചോടടുക്കിപ്പിടിച്ചു... 'മച്ചമ്പീ ഇവന് നല്ല വെയ്റ്റുണ്ടല്ലോ' എന്ന് വീണ്ടും അച്ഛനോട് പറഞ്ഞു. അച്ഛൻ അന്നേരം ചിരിച്ചതെന്തിനാണെന്ന് എനിക്ക് തീരെ മനസിലായില്ല. ശരിയായിരുന്നു... അത്ര മെലിഞ്ഞതല്ലാത്ത ഒരു പത്തുവയസ്സ്‌കാരന്റെ ഭാരം എനിക്കുണ്ടായിരുന്നു... പക്ഷേ ആ ബലിഷ്ഠമായ കൈകളിൽ ഞാനൊരു തൂവലിന്റെ ലാഘവത്വം മാത്രമായിരുന്നു... അയാളുടെ ഇടതു കൈ എന്നെ സുരക്ഷിതമായി ചുറ്റിപ്പിടിച്ചിരുന്നു... എന്റെ വലതു കൈ സ്വതന്ത്രമായി ഉയർന്ന., കരുത്താർന്ന., ആ ചുമലിനു മുകളിലൂടെ പിന്നിലേക്ക് വീണുകിടന്നുകൊണ്ട് നടപ്പിന്റെ താളത്തിനൊപ്പം., മൃദുവായി ആ പുറത്തു കുഞ്ഞുകുഞ്ഞു പ്രഹരങ്ങൾ ഏൽപ്പിച്ചുകൊണ്ടിരുന്നു. വീടിന്റെ അടുക്കളപ്പുറത്തേക്ക് ഞങ്ങളെത്തിക്കഴിഞ്ഞു. അച്ഛൻ അൽപ്പം മുന്നിലേക്ക് നടന്നുകൊണ്ട് 'സൂക്ഷിക്കണം വല്ല ഇഴജന്തുക്കളും കാണും' എന്നുപറഞ്ഞു ഞങ്ങളെ ഒരു നാലടി പിന്നിലാക്കി.
അവിടൊരു ഉയരം കുറഞ്ഞ മൂവാണ്ടൻ മാവ് നിന്നിരുന്നു. ചെറുതെങ്കിലും സമൃദ്ധമായി കായ്ക്കുന്നത്...തൊട്ടടുത്തായി ഒരു ചെന്തെങ്ങ്. അടുക്കളപ്പുറത്തു കത്തുന്ന ഫിലമെന്റ് ബൾബിന്റെ നേർത്ത പ്രകാശം മാവിനും തെങ്ങിനുമിടയ്ക്കുള്ള കനമില്ലാത്ത ഇരുളിനെ കൂടുതൽ നിഴൽമയമാക്കി.
ആ നിഴലിൽ ഒരു നിമിഷം എനിക്ക് അച്ഛനെ പൂർണ്ണമായും നഷ്ടപ്പെട്ടു. എന്നെ നെഞ്ചോട് ചേർത്തിരുന്ന കൈകൾ അൽപ്പമൊന്നു മുറുകി... അദ്ദേഹത്തിന്റെ വലതു കൈ പെട്ടെന്ന് എന്റെ ഇടതു കവിളിൽ തൊട്ടുകൊണ്ട് മെല്ലെ എന്റെ മുഖം അയാൾക്കഭിമുഖമായി തിരിച്ചു... പതുക്കെയാണ്... എനിക്ക് തെല്ലും വേദനിക്കരുതെന്നപോലെ... ഇടതു കവിളിൽ ആ കരതലം മുഴുവനായി വിടർന്നുനിറഞ്ഞു... വലതു കവിളിൽ കുറെ കനത്ത മീശരോമങ്ങൾക്കൊപ്പം ആ ചുണ്ടുകൾ മൃദുവായി എന്നാൽ തീക്ഷ്ണമായി മുത്തി... നാവിന്റെ ലോലമായ ഒരു സ്പർശവും ഉമിനീരിന്റെ നനവും ഒരു ചുടുനിശ്വാസത്തിന്റെ അകമ്പടിയോട് കൂടി എന്റെ വലതു കവിളിൽ മുദ്രണം ചെയ്യപ്പെട്ടു.
ധനാഢ്യനായ ഒരു അച്ഛന്റെ യൗവ്വനയുക്തനായ മകൻ ആശ്രിതന്റെ പത്തു വയസ്സുള്ള കുട്ടിയെ ചുംബിക്കുന്നതിൽ എന്താണ് അസാധാരണത്വം... ഒന്നുമില്ല. പക്ഷേ അത് വാത്സല്യനിർഭരമായ ഒരു 'വെറും' ഉമ്മ മാത്രമായിരുന്നില്ലെന്നു ഇന്നെനിക്കറിയാം... ആ സംഭവത്തിന് അൽപ്പനാളുകൾക്കുമാത്രം മുന്നേ വിശാഖപുരം ക്ഷേത്രത്തിലെ ഉത്സവദിനങ്ങളിലൊന്നിൽ നേർത്ത കസവുകരയുള്ള മുണ്ടും ചന്ദനനിറത്തിലെ കുപ്പായവും ധരിച്ചു നെറ്റിയിൽ കുറി തൊട്ടു ചുറ്റുവിളക്ക് തെളിയിച്ചുകൊണ്ട് നിന്നിരുന്ന അയാളെ ഞാൻ ഓർത്തു. ഗൗരിമുത്തശ്ശിയോടൊപ്പം തൊഴുതു പുറത്തുകടന്ന എന്നെ മെല്ലെ വിളിച്ചു കൊണ്ട് അയാൾ ക്ഷണിച്ചത്... മുത്തശ്ശി സന്തോഷത്തോടെ അടുത്തേക്ക് ചെന്ന് എന്തോ കുശലം പറഞ്ഞു... പതിയെ ചിരിച്ചുകൊണ്ട് എന്നെനോക്കി 'നീ പോവണ്ട, ഇവിടെ നിക്ക് എന്റെ കൂടെ' എന്ന് പറഞ്ഞുകൊണ്ട് മെല്ലെ എണ്ണ പുരണ്ട വിരലുകൾകൊണ്ട് കവിളിൽ തൊട്ടത് ... ഉംമ്ഹൂം ഇല്ലെന്നു ഞാൻ ചുമൽ കൂച്ചിയത്. സ്വർണ്ണനാളങ്ങളുടെ പ്രഭയിൽ ആ മുഖം അത്യന്തം തേജസ്സാർന്നതായി കാണപ്പെട്ടു. ലോകത്തെ ഏറ്റവും സുഭഗനായ ഒരു പുരുഷനെയെന്നപോലെ ഞാൻ അദ്ദേഹത്തെ നോക്കി... ചിരിക്കുന്ന കണ്ണുകളാൽ അദ്ദേഹം എന്നെയും. പതിവിലുമധികമധികം ആ മിഴികൾ തിളങ്ങിയിരുന്നു... പ്രണയവും വാത്സല്യവും കാമവും അതിഗൂഢമായി എരിഞ്ഞു കത്തുന്ന കണ്ണുകൾ... എന്നെ ഹൃദയപൂർവ്വം ക്ഷണിക്കുന്ന കണ്ണുകൾ... നിന്നെ ഞാൻ തെല്ലും നോവിക്കില്ലെന്നു വിളംബരം ചെയ്യുന്ന രോമാവൃതമായ നീണ്ട കൈകൾ...
വികാരതീക്ഷ്ണമെങ്കിലും എന്റെ ചുംബനങ്ങൾ നിന്നെ അൽപ്പം പോലും പൊള്ളിക്കില്ലെന്നു വിളിച്ചോതുന്ന അധരങ്ങൾ...
കാലത്തിന്റെ ഭ്രാന്തു പിടിച്ചതുപോലുള്ള ഓട്ടപ്പാച്ചിലിൽ ഒട്ടും മാറ്റു കുറയാതെ ഓർമ്മകൾ.
കഴിഞ്ഞ നാളുകളിൽ എപ്പോഴോ ഞാനറിഞ്ഞു അദ്ദേഹം അകാലത്തിൽ ഈ ലോകം വിട്ടുപോയെന്ന്. എനിക്ക് തെല്ലും സങ്കടം തോന്നിയില്ല... എന്റെ ഓർമ്മകളിൽ അദ്ദേഹം അത്യന്തം തേജസ്സാർന്നവനായി ഇന്നും ജീവിക്കുകയാണ്... എപ്പോഴും ചിരിച്ചുല്ലസിച്ചുകൊണ്ട്... കരുണയേറിയ നോട്ടവും പ്രസാദാത്മകമായ വാക്കുകളുമായി... ഏകനായി നിന്ന് വിശാഖപുരം ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾ തെളിയിച്ചുകൊണ്ട്...
നിദ്രയനുഗ്രഹിക്കാത്ത രാവുകളിൽ ഇരുളിൽ കണ്ണുകൾ മലർക്കെ തുറന്നുകൊണ്ട് ഭൂതകാലത്തിലേക്ക് ഞാനൊരു പിൻ നടത്തം പോകും. സംവത്സരങ്ങൾക്കപ്പുറമുള്ള മൂവാണ്ടൻ മാവിന്റെയും ചെന്തെങ്ങിന്റെയും ഇടയിൽപ്പരന്ന നിഴലിൽ, അച്ഛൻ ഞങ്ങളെ പിന്നിലാക്കിയ അതേ നിമിഷത്തിൽ., കവിളിൽ പതിച്ച ചുണ്ടുകളുടെ നനവ്.. ആ ചുടുനിശ്വാസം..എന്നോട് പറയാനാകാതെ സ്വകാര്യതയുടെ ദുർഗ്രാഹ്യതയിൽ മുങ്ങിച്ചത്തുപോയ ഒരായിരം വാക്കുകൾ.
സ്മരണകളിൽ ഊതനിറത്തിലുള്ള ചിരഞ്ജീവികളായ ഒരു പറ്റം പക്ഷികൾ മൂളിപ്പറക്കുകയാണ്..എന്റെ ആത്മാവിനെ കാർന്നുതിന്നുകൊണ്ട്..
Content Highlights: Explore the childhood memories of Gowri Savithri, a transgender model, amidst familial complexities and the warmth of a loving grandmother.