രാമകൃഷ്ണ മിഷൻ സ്കൂളിൽ ജലപരിശോധന ലാബ് തുടങ്ങി

.
.

കോഴിക്കോട്: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ - സി.ഡബ്ലൂ.ആർ.ഡി.എമ്മിന്റെ സഹകരണത്തോടെ  ശാസ്ത്ര സാങ്കേതിക ഡിപ്പാർട്ട്മെന്റിന്റെയും നെതർലാന്റ്സ് ഓർഗനൈസേഷൻ ഫോർ സയന്റിഫിക് റിസർച്ചിന്റെയും കീഴിൽ വാട്ടർ ഫോൽക്സ് പ്രോഗ്രാമിന്റെ ഭാഗമായി രാമകൃഷ്ണ മിഷൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജല പരിശോധന ലാബ് തുടങ്ങി. 

റിട്ട. ചീഫ് സയന്റിസ്റ്റ് ഡോ. ഹരികുമാർ പി നേതൃത്വം നൽകി വന്നിരുന്ന വാട്ടർ ഫോർ ചേഞ്ച് എന്ന ഗവേഷണ പ്രോഗ്രാമായ വാട്ടർ ഫോൽക്സിനെ ഇപ്പോൾ നയിക്കുന്നത് സയന്റിസ്റ്റ് ഡോ. ചിന്നി വി നാഗകുമാറാണ്.

കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്കും അവരുടെ വീട്ടിലെ വെള്ളം ഇനി മുതൽ സ്ക്കൂളിൽ പരിശോധിക്കാൻ കൊടുക്കാം. പി.എച്ച്(pH), ഹാർഡ്നസ്, ക്ലോറൈഡ്, കോളിഫോം, അയേൺ, നൈട്രേറ്റ്, ആൽക്കലിനിറ്റി, ടിഡിഎസ് തുടങ്ങി 10 ൽ അധികം പരിശോധനകളാണ് നടത്തുക. 

സി.ഡബ്ല്യൂ.ആർ.ഡി.എം. തയ്യാറാക്കിയ വാട്ടർ ഫോൽക്സ് ആപ്പ് വഴി പരിശോധന വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും വിവരങ്ങൾ വിദ​ഗ്ധർ പരിശോധിച്ച ശേഷം ഫലം ഉടമയ്ക്ക് നൽകുകയും ചെയ്യും. ഒപ്പം വെള്ളത്തിന് പ്രശ്നങ്ങളുണ്ടെങ്കിൽ അതിന്റെ പരിഹാര മാർ​ഗങ്ങളും പറഞ്ഞു നൽകും. 

കൂടുതൽ പരിശോധന ആവശ്യമെങ്കിൽ വെള്ളം സി.ഡബ്ല്യൂ.ആർ.ഡി.എംൽ വച്ചു തന്നെ പരിശോധിക്കും. രാമകൃഷ്ണ മിഷൻ സ്കൂളിലെ പൃഥ്വി പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്ക്കൂളിൽ ജല പരിശോധന നടത്തുന്നത്. അതിനായി വിദ്യാർഥികൾക്കും, അധ്യാപകർക്കും പല ഘട്ടങ്ങളിലായി പരിശീലനങ്ങളും സംഘടിപ്പിച്ചിരുന്നു. കൂടാതെ, പരിശോധനയ്ക്കുള്ള കിറ്റുകളും മറ്റ് ഉപകരണങ്ങളും നേരത്തെ നൽകിയിരുന്നു. 

സി.ഡബ്ല്യൂ.ആർ.ഡി.എം.ൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ സ്കൂളിന് വാട്ട‍ർ ടെസ്റ്റ് കിറ്റ് കൈമാറി. സയന്റിസ്റ്റ് ഡോ. ചിന്നി വി. നാഗ കുമാർ, റിസർച്ച് സ്കോളർ നവനീത് എ, അധ്യാപകരായ മാധവാനന്ദ്, രഞ്ജിത് രാജ് എന്നിവർ പങ്കെടുത്തു. 

കോഴിക്കോട് ജില്ലയിലെ വെള്ളത്തിന്റെ പ്രശ്നങ്ങൾ പഠിക്കാനും അതിന് പരിഹാരം കാണാനും ഭൂഗർഭ ജലത്തിന്റെ ഏറ്റകുറച്ചിൽ മനസിലാക്കി ജലക്ഷാമം ഇല്ലാതാക്കാനുമുള്ള ശ്രമമാണിതെന്ന് ഡോ. മനോജ് പി സാമുവൽ പറഞ്ഞു.

Content Highlights: Water testing lab started at Ramakrishna Mission School