കായികവികസനത്തിന് കുതിപ്പേകാൻ നാദാപുരം മേഖലയിൽ 1.45 കോടിയുടെ പദ്ധതികൾ

ചേലക്കാട് സ്റ്റേഡിയത്തിൽ എസ്റ്റിമേറ്റ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കെ.എം.അഭിജിത്ത് എം.എൽ.എ.യും സംഘവും എത്തിയപ്പോൾ
ചേലക്കാട് സ്റ്റേഡിയത്തിൽ എസ്റ്റിമേറ്റ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കെ.എം.അഭിജിത്ത് എം.എൽ.എ.യും സംഘവും എത്തിയപ്പോൾ

നാദാപുരം: നിയോജകമണ്ഡലത്തിലെ കായികമേഖലയ്ക്ക് പുതിയ ഉണർവേകുന്ന സുപ്രധാന വികസനപദ്ധതികൾക്ക് തുടക്കമായി. നാദാപുരം ചേലക്കാട് സ്റ്റേഡിയം നവീകരണത്തിനായി ഒരുകോടി രൂപയും വാണിമേൽ, എടച്ചേരി, കായക്കൊടി എന്നിവിടങ്ങളിലെ ജിംനേഷ്യങ്ങൾക്കായി 45 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതികളുടെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി.

ചേലക്കാട് സ്റ്റേഡിയത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി ആകെ ഒരുകോടി രൂപയാണ് വകയിരുത്തിയത്. കായികവകുപ്പ് മന്ത്രിയുടെ ഫണ്ടിൽനിന്ന്‌ 50 ലക്ഷം രൂപയും, എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന്‌ 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. മൂന്ന് ജിംനേഷ്യങ്ങൾക്ക് 45 ലക്ഷം രൂപയും അനുവദിച്ചു.

ഗ്രാമീണമേഖലയിലെ യുവാക്കളുടെ കായികക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാണിമേൽ, എടച്ചേരി, കായക്കൊടി എന്നിവിടങ്ങളിൽ ജിംനേഷ്യങ്ങൾ ഒരുങ്ങും. കായികവകുപ്പ് മന്ത്രിയുടെ ഫണ്ടിൽനിന്ന്‌ ഓരോ ജിംനേഷ്യത്തിനും 15 ലക്ഷം രൂപ വീതം ആകെ 45 ലക്ഷം രൂപയാണ് അനുവദിച്ചത്.

പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ പൂർത്തിയാക്കിയതോടെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നാടിന്റെ കായികസ്വപ്നങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാകുന്ന ഈ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ കായികതാരങ്ങൾക്കും യുവാക്കൾക്കും മികച്ച പരിശീലനസൗകര്യങ്ങൾ ലഭ്യമാകും.

പദ്ധതി പ്രദേശത്ത് ഉദ്യോ​ഗസ്ഥരോടൊപ്പം കെ.എം. അഭിജിത്ത് എം.എൽ.എ, ​നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, വൈസ് പ്രസിഡന്റ് കെ.എം. രഘുനാഥ്, വാണിമേൽ ​ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്കുമാർ, കായക്കൊടി ​ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, എടച്ചേരി ​ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി.​ഗോപാലൻ എന്നിവരും ജനപ്രതിനിധികളും വാണിമേൽ, ചേലക്കാട്, കായക്കൊടി, എടച്ചേരി ഭാ​ഗങ്ങളിൽ സന്ദർശനം നടത്തിയാണ്‌ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

Content Highlights: Development projects worth 1.45 crore rupees have been sanctioned to boost the sports sector in the Nadapuram constituency.