ഖത്തർ കെ.എം.സി.സി.യിലെ കവർച്ച പ്രതി ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊയിലാണ്ടി : ഖത്തർ കെ.എം.സി.സി. ഓഫീസിലെ ലോക്കർ കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിൽക്കഴിയുന്ന നാലാംപ്രതി പരപ്പിൽ ബാലകൃഷ്ണനെ രണ്ടുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കൊയിലാണ്ടി മജിസ്‌ട്രേറ്റ് കെ. കാർത്തിക ഉത്തരവിട്ടു.
കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. പ്രശാന്ത് നൽകിയ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. പോലീസ് കസ്റ്റഡയിൽ ലഭിച്ച ബാലകൃഷ്ണനെ താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. താൻ നിരപരാധിയാണെന്നും മറ്റുള്ളവർ തന്നെ കുടുക്കുകയായിരുന്നുവെന്നും ബാലകൃഷ്ണൻ പോലീസ് വാഹനത്തിൽ കയറുംമുൻപ് പറഞ്ഞു. കേസിനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാൻ അദ്ദേഹം വിസമ്മതിച്ചു.
കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളായ ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, സാലിഹ് എന്ന ബാവ, ഹസ്സൻ മമ്മളി, നിസാർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇതിൽ ഒരു പ്രതി വിദേശത്താണെന്നാണ് പോലീസ് പറയുന്നത്. ബാക്കിയുള്ളവർ മുൻകൂർജാമ്യത്തിന് ശ്രമംതുടങ്ങിയെന്ന വിവരമുണ്ട്. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.