ലിങ്ക്‌ റോഡ് ഇരുട്ടിൽത്തന്നെ...

വടകര : വടകര ലിങ്ക് റോഡിലെ തെരുവുവിളക്കുകൾ ഒന്നും കത്തുന്നില്ല. സന്ധ്യകഴിഞ്ഞാൽ ലിങ്ക് റോഡ് ഇരുട്ടിൽ മുങ്ങും. വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന വെളിച്ചവും സമീപത്തെ കടകളിൽനിന്നുള്ള വെളിച്ചവും മാത്രമാണ് ഈ ഭാഗങ്ങളിൽ ഉള്ളത്. ഇവിടെ കടകൾ സാംസ്കാരികചത്വരത്തിന് സമീപത്തുനിന്നും ലിങ്ക് റോഡ് ആരംഭിക്കുന്ന കുറച്ചുഭാഗത്ത് മാത്രമാണ്. രാത്രി കടകൾ അടച്ചുകഴിഞ്ഞാൽ പിന്നെ ഇതുവഴി നടക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്.

പ്രദേശത്ത് തെരുവുനായശല്യവും രൂക്ഷമാണ്. രാവിലെ സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രഭാതനടത്തത്തിനായി തിരഞ്ഞെടുക്കുന്നത് ലിങ്ക് റോഡ് ആണ്. ഇരുഭാഗങ്ങളിലും നടപ്പാതയുള്ളതുകൊണ്ടുതന്നെ വാഹനങ്ങളെ പേടിക്കാതെ സുഗമമായി നടക്കാം. തെരുവുവിളക്കുകൾ കത്താത്തത് കാരണം പലപ്പോഴും നായകളെ അടുത്തെത്തിയാൽമാത്രമേ കാണാൻ സാധിക്കുന്നുള്ളൂ.

ചില ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ലിങ്ക് റോഡിൽനിന്നും സർവീസ് നടത്തുന്നുണ്ട്. രാത്രി ഇവിടെ ബസ് കാത്തുനിൽക്കുന്നവർക്കും വെളിച്ചമില്ലാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. ലിങ്ക് റോഡിന്റെ ഒരു ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. രാത്രിയാകുമ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഇതുവഴി ഒറ്റയ്ക്ക് പോയി വാഹനങ്ങൾ എടുക്കുന്നതിനും പ്രയാസമാണ്.

വിളക്കുകളുടെ അറ്റകുറ്റപ്പണി കരാർ ഏറ്റെടുത്തത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് പ്രവൃത്തികൾ നടത്താൻ കഴിയാത്തത് എന്ന് നഗരസഭാ ചെയർമാൻ പി.കെ. ശശി അറിയിച്ചു. പുതിയ ടെൻഡർ നടപടികളിലേക്ക് കടന്നിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ഉടൻതന്നെ തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.