മണിയൂർ പോക്സോ കേസ്: കർമസമിതിയുടെ എസ്.പി. ഓഫീസ് മാർച്ചിൽ സംഘർഷം

പോലീസ് ജലപീരങ്കി പ്രയോഗിച്ചു

വടകര : മണിയൂർ മങ്കരയിലെ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച വടകര ബാങ്ക് റോഡ് സ്വദേശി അബ്ദുൾ റഫീഖിനെ പോലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് കർമസമിതി നടത്തിയ റൂറൽ എസ്.പി. ഓഫീസ് മാർച്ചിൽ സംഘർഷം. പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പോലീസിന്റെ ജലപീരങ്കിപ്രയോഗത്തിലും പിന്മാറിയില്ല.

ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് കർമസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ എസ്.പി. ഓഫീസിലേക്ക് മാർച്ചായി എത്തിയത്. ഓഫീസിനുസമീപം ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കയറാൻ കർമസമിതി പ്രവർത്തകർ 15 മിനിറ്റോളം ശ്രമിച്ചു. പോലീസ് ഇതിനെ പ്രതിരോധിച്ചുനിന്നെങ്കിലും ഒടുവിൽ ഇവരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

രണ്ടുതവണ വെള്ളം ചീറ്റിയിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. ഇതിനിടെ സമീപത്തെ വീട്ടുപറമ്പിലൂടെ ഉള്ളിലേക്കുകയറാൻ ശ്രമിച്ചവർക്കുനേരേ പോലീസ് ലാത്തിച്ചാർജ് നടത്തിയതും സംഘർഷത്തിനിടയാക്കി. പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു.

12-കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ബാങ്ക് റോഡ് സ്വദേശിയുടെ പേരിൽ പയ്യോളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, റഫീഖ് വിദേശത്തേക്ക് കടന്നു. ലുക്കൗട്ട് സർക്കുലർ നിലനിൽക്കെ അടുത്തിടെ ഇയാൾ നാട്ടിലെത്തിയിട്ടും അറസ്റ്റുചെയ്യാൻ പോലീസിന് കഴിയാത്തതാണ് വിവാദമായത്. ഇതിനിടെ ഇയാൾക്ക് മുൻകൂർജാമ്യം ലഭിച്ചു. പ്രതിഷേധം ശക്തമായതോടെ പയ്യോളി പോലീസ് നൽകിയ അപ്പീൽ പ്രകാരം കൊയിലാണ്ടി പോക്സോകോടതി ജാമ്യം റദ്ദാക്കി. ജാമ്യം റദ്ദാക്കിയ നടപടി കഴിഞ്ഞദിവസം ഹൈക്കോടതി സ്‌റ്റേചെയ്തിരുന്നു.

ഇതോടെ വീണ്ടും അറസ്റ്റുചെയ്യാൻ കഴിയാതായി. എന്നാൽ, ജാമ്യം റദ്ദാക്കിയശേഷവും ഇയാളെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാണിച്ചെന്നാണ് കർമസമിതിയുടെ ആരോപണം.

മാർച്ച് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനംചെയ്തു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ദിൻഷ അധ്യക്ഷതവഹിച്ചു. അഹമ്മദ് സ്വാലിഹ്, സുരേഷ് പുതിയോട്ടിൽ, ഷഹബത്ത് ജൂന, പി.ടി. രാജേഷ്, നവാസ് കല്ലേരി, വിഷ്ണു മുതുവീട്ടിൽ, പി.എം. അബൂബക്കർ, എ.കെ. സജീവൻ, പി.കെ.കെ. അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.