രക്തദാനത്തിൽ ഒരു കൂരാച്ചുണ്ട് മാതൃക

ഇന്ന് ദേശീയ രക്തദാന ദിനം

കൂരാച്ചുണ്ട് : ഇടവേളകളില്ലാതെ രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ച് മാതൃകയാവുകയാണ് ജെ.സി.ഐ. കൂരാച്ചുണ്ട് ചാപ്റ്റർ. എം.വി.ആർ. കാൻസർ സെന്റർ, കോട്ടപ്പുറം ഗവ. ആശുപത്രി, മലബാർ മെഡിക്കൽ കോളേജ് എന്നിവയുമായി സഹകരിച്ചാണ് രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നത്.

ഓരോ മൂന്നുമാസ ഇടവേളകളിലും ജെ.സി.ഐ. കൂരാച്ചുണ്ട് ചാപ്റ്റർ രക്തദാനക്യാമ്പ് നടത്താറുണ്ട്. ഇതുവരെ ഇരുപതിലധികം ക്യാമ്പുകളിലൂടെ ആയിരങ്ങളിലേക്ക് രക്തമെത്തിക്കാൻ സാധിച്ചിട്ടുണ്ട്. 50 മുതൽ 100 വരെ ആളുകളാണ് ഓരോ ക്യാമ്പിലും രക്തം ദാനംചെയ്യാനായി എത്താറുള്ളത്.

കുളത്തുവയൽ ഹൈസ്കൂൾ, കല്ലാനോട് ഹയർ സെക്കൻഡറി സ്കൂൾ, സെയ്ന്റ്‌ തോമസ് യു.പി. സ്കൂൾ കൂരാച്ചുണ്ട് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയും വിവിധഘട്ടങ്ങളിലായി ക്യാമ്പുകളുമായി ബന്ധപ്പെടുത്തി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണം നടത്താറുണ്ട്.

രക്തദാനക്യാമ്പുകളിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ രക്തദാനം എന്നത് ഒരു ജീവകാരുണ്യ പ്രവർത്തനം മാത്രമല്ലെന്നും സമൂഹത്തോടുള്ള ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും മനസ്സിലാക്കിക്കൊടുക്കുകയാണ് ലക്ഷ്യം. ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ വിദ്യാർഥിക്കൂട്ടായ്മകളുടെ പങ്കാളിത്തവും ക്യാമ്പുകളിൽ ശ്രദ്ധേയമായി ഉണ്ടാവാറുണ്ട്.

രക്തദാനത്തിനു പുറ​േമ, കുട്ടികൾക്കും യുവാക്കൾക്കും ആവശ്യമായ നൈപുണിവികസന പരിശീലനം നൽകുന്നതിനായി ഇൻസൈറ്റ് ലൈഫ് സ്കിൽ അക്കാദമിയും ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സേവന പ്രവർത്തനങ്ങളെ ദീർഘകാല സാമൂഹിക ഇടപെടലുകളാക്കി മാറ്റുകയാണ് ജെ.സി.ഐ. കൂരാച്ചുണ്ടിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രസിഡന്റ് അരുൺ സാക്ക്, സെക്രട്ടറി റിജിൻ ടി. ആന്റണി, അനൂപ് തോമസ്, ഡോ. അനിൽ ജേക്കബ്, അഗസ്റ്റിൻ ദേവസ്യ, സിജിൽ ജോയ്, ജിതിൻ പതിയിൽ, ജിബിൻ, സിജോ കപ്പിലുമാക്കൽ, റോബിൻ തേനംമാക്കൽ, ശ്രീജിത്ത് സൗതേൺ, ജോബിൻ പാലത്തുംതലയ്ക്കൽ, ഡാർവിൻ ജോസഫ്, സോണി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ജെ.സി.ഐ. കൂരാച്ചുണ്ടിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.