കുറ്റിച്ചിറ വാർഡ് നിലനിർത്തി യു.ഡി.എഫ്.

കോഴിക്കോട് : കോർപ്പറേഷൻ കുറ്റിച്ചിറ വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി. എന്നാൽ, കഴിഞ്ഞവർഷത്തെക്കാൾ ഭൂരിപക്ഷം അഞ്ചിലൊന്നായി കുറഞ്ഞു. ലീഗിലെ ഫർസീന അറയ്ക്കലാണ് ജയിച്ചത്. 2711 വോട്ടാണ് ഫർസീന നേടിയത്. ഐ.എൻ.എലിലെ ടി.ടി. ജംഷീനയ്ക്ക് 2275 വോട്ടും ലഭിച്ചു. 436 വോട്ടുകൾക്കാണ് ഫർസീനയുടെ ജയം.

ഫാത്തിമ തഹിലിയ പേരാമ്പ്ര എം.എൽ.എ. ആയതോടെയാണ് കുറ്റിച്ചിറയിൽ ഉപതിരഞ്ഞെടുപ്പുണ്ടായത്. അന്ന് തഹിലിയക്ക് ലഭിച്ചത് 2273 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.

എട്ടുബൂത്തുകളാണ് കുറ്റിച്ചിറയിലുള്ളത്. വോട്ടെണ്ണൽ തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾത്തന്നെ യു.ഡി.എഫ്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചുതുടങ്ങി. വിജയപ്രഖ്യാപനം വന്നതോടെ ആഘോഷം തുടങ്ങി. വോട്ടുയർന്നതിന്റെ സന്തോഷം എൽ.ഡി.എഫ്. പ്രവർത്തകർക്കിടയിലുമുണ്ടായി.

വോട്ടുകുറഞ്ഞു, ഭൂരിപക്ഷവും

കുറ്റിച്ചിറയിലെ പോളിങ് ഇത്തവണ 54.38 ശതമാനമാണ്. കഴിഞ്ഞതവണ 58 ശതമാനവും. 9712 വോട്ടർമാരിൽ 5281 പേർ വോട്ടുരേഖപ്പെടുത്തി.

2025-ൽ യു.ഡി.എഫിന് 3740 വോട്ടാണ് ലഭിച്ചത്. ഇത്തവണ 2711 വോട്ടും. എൽ.ഡി.എഫാകട്ടെ 1467-ൽനിന്ന് 2275 ആയി വോട്ടുയർത്തി. എൻ.ഡി.എ.ക്കും വോട്ടുകുറഞ്ഞു. കഴിഞ്ഞ തവണ 272 ഉള്ളത് 204 ആയി.

നേരത്തേ എല്ലാ ബൂത്തിലും യു.ഡി.എഫായിരുന്നു മുന്നിലെങ്കിലും ഇത്തവണ ബൂത്ത് നാലിലും അഞ്ചിലും ആറിലും എൽ.ഡി.എഫ്. മുന്നേറി. യു.ഡി.എഫിന് മേൽക്കൈ ഉണ്ടെങ്കിലും കുറ്റിച്ചിറയിൽ സ്ഥിരമായി ഒരേ രീതിയിൽ ഭൂരിപക്ഷം ഉണ്ടാവാറില്ല.

2015-ൽ 1007, 2020-ൽ 92, 2025-ൽ 2273 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുണ്ടായത്. 2025-ൽ ഫാത്തിമ തഹിലിയ നിന്നത് ഭൂരിപക്ഷം കൂടാൻ കാരണമായി. പ്രദേശത്തുതന്നെയുള്ള കുടുംബത്തിലെ അംഗത്തെയാണ് ഇത്തവണ മത്സരിപ്പിച്ചത്. കഴിഞ്ഞതവണ ലീഗിന്റെ സ്ഥാനാർഥിയാക്കാൻ പരിഗണിച്ചവരാണ് എതിർപക്ഷത്ത് മത്സരിച്ചത്. വനിതാലീഗ് നേതാക്കളെ തഴഞ്ഞതും ആക്ഷേപമുണ്ടാക്കി. പാർട്ടിക്കുള്ളിലെ വിഭാഗീയതയും യു.ഡി.എഫിന് തിരിച്ചടിയായി.

ആരോപണവുമായി ലീഗ്

യു.ഡി.എഫ്. സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പിലെ വിജയം സർക്കാരിന്റെ വിലയിരുത്തലായിട്ടാണ് കണക്കാക്കുന്നത്. കോർപ്പറേഷൻ ഭരിക്കുന്ന എൽ.ഡി.എഫ്. പല വാഗ്ദാനങ്ങളും നൽകിയത് വോട്ടിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പൊളിറ്റ് ബ്യൂറോ നേരിട്ട് ഇറങ്ങിയ ഉപതിരഞ്ഞെടുപ്പായിരുന്നു കുറ്റിച്ചിറയിലേത്. നേതാക്കളിറങ്ങി വാഗ്ദാനങ്ങൾ നൽകുകയായിരുന്നെന്ന് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ പറഞ്ഞു.

സ്വാധീനവും സമ്മർദവും ഉണ്ടായിട്ടും യു.ഡി.എഫ്. വിജയിച്ചെന്നും വോട്ടുശതമാനം കുറഞ്ഞതിലുള്ള വ്യത്യാസമാണ് ഫലത്തിലുള്ളതെന്നും വി.കെ. ഫൈസൽബാബു എം.എൽ.എ. പറഞ്ഞു.

വിജയത്തെപ്പോലെ മധുരം

വിജയത്തെപ്പോലെ മധുരമുണ്ട് കുറ്റിച്ചിറയിലെ തോൽവിക്കെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. യു.ഡി.എഫ്. സർക്കാരിന്റെ ജനവിരുദ്ധനിലപാടുകളും മതനിരപേക്ഷതയിൽ വെള്ളംചേർത്ത്‌, ബി.ജെ.പി. രാഷ്ട്രീയത്തോടുള്ള മൃദുസമീപനവും യു.ഡി.എഫ്. പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെ എൽ.ഡി.എഫിന് വോട്ടുചെയ്തതിന് കാരണമായിട്ടുണ്ടെന്ന് റിയാസ് സാമൂഹികമാധ്യമത്തിൽ കുറിച്ചു.