'പറുദീസ'യിലേക്ക് വനിതകളുടെ കൂട്ടായ്മ

കോഴിക്കോട് : സംരംഭകത്വത്തിന്റെ കരുത്തും കോഴിക്കോടിന്റെ രുചിയും സംസ്കാരവും ആഘോഷപ്പെരുമയും ഒരേവേദിയിൽ സംഗമിക്കുമ്പോൾ അത് ഒരു ബിസിനസ് കൂട്ടായ്മയ്ക്കപ്പുറമുള്ള അനുഭവമാകും. വനിതാ സംരംഭകരുടെ കൂട്ടായ്മയായ വെൻ (വിമൻ ഓൻട്രപ്രനേഴ്‌സ് നെറ്റ്‌വർക്ക്) കാലിക്കറ്റ് ചാപ്റ്റർ ഒരുക്കുന്ന വെൻ കാർണിവൽ 2026- പറുദീസ ശനിയാഴ്ച കോഴിക്കോട് ആസ്പിൻ കോർട്ട്‌യാർഡിൽ അരങ്ങേറും.
വനിതകളുടെ സംരംഭകമികവും കൂട്ടായ പരിശ്രമവും ആഘോഷിക്കുന്നതിനൊപ്പം കോഴിക്കോടിന്റെ തനത് സംസ്‌കാരത്തെയും പൈതൃകത്തെയും രുചികളെയും പരിചയപ്പെടുത്തുന്ന സമ്പൂർണ കാർണിവലായിരിക്കും 'പറുദീസ'യെന്ന് കാലിക്കറ്റ് ചാപ്റ്റർ പ്രസിഡന്റ് ചാരുമതി രമേശ് പറഞ്ഞു.
സംരംഭകത്വ യാത്രയിൽ ഒറ്റയ്ക്കല്ലെന്ന ആത്മവിശ്വാസം നൽകുകയും അനുഭവങ്ങളും അറിവുകളും പങ്കുവെച്ച് പരസ്പര വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുകയാണ് വെന്റെ പ്രവർത്തനം. 2021-ൽ രൂപംകൊണ്ട വെൻ കാലിക്കറ്റ് ചാപ്റ്റർ ഇതിനോടകം 140-ലധികം വനിതാ സംരംഭകരുടെ ശക്തമായ കൂട്ടായ്മയായി വളർന്നു.
ഷോപ്പിങ്, ഭക്ഷണം, സംഗീതം, കലാപരിപാടികൾ, ഗെയിമുകൾ, വിനോദങ്ങൾ, വിവിധ ആഘോഷ പരിപാടികൾ എന്നിവ കാർണിെവലിന്റെ ഭാഗമാകും. ഇതിനൊപ്പം വെനിന്റെ വിവിധ ചാപ്റ്ററുകളിൽനിന്നുള്ള സംരംഭകർ പങ്കെടുക്കുന്ന ബിസിനസ്, സാംസ്കാരിക മത്സരങ്ങളും വനിതാ സംരംഭകരുടെ ഉത്‌പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഒരുക്കും.
ഉദ്ഘാടനച്ചടങ്ങിൽ കെ. ജയന്ത് എം.എൽ.എ.യും സമാപനച്ചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യാതിഥികളാകും.
വെൻ ഫൗണ്ടേഷൻ പ്രസിഡന്റ് മഞ്ജു തോമസിന്റെയും വെൻ കാലിക്കറ്റ് പ്രസിഡന്റ് ചാരുമതി രമേശിന്റെയും നേതൃത്വത്തിലാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.