പന്തലായനി-വിയ്യൂർ റോഡിൽ അടിപ്പാത വേണം; പ്രക്ഷോഭം കളക്ടറേറ്റിനു മുന്നിലേക്കും

കൊയിലാണ്ടി : നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസിൽ പന്തലായനി-വിയ്യൂർ റോഡ് മുറിച്ചുകടക്കുന്നിടത്ത് അണ്ടർപാസ് അനുവദിക്കണണെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന പ്രക്ഷോഭം കളക്ടറേറ്റിന് മുന്നിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ തുടക്കമെന്നനിലയിൽ നവംബർ ആറിന് കളക്ടറേറ്റിന് മുന്നിൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തുമെന്ന് സമരസമിതി നേതാവ് പി. ചന്ദ്രശേഖരൻ പറഞ്ഞു. വെങ്ങളം മുതൽ അഴീയൂർ വരെയുള്ള ദേശീയപാതാ വികസനത്തിലെ തടസ്സങ്ങൾ പരിഹരിക്കാൻ വെളളിയാഴ്ച കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേരുന്നുണ്ട്. ഷാഫി പറമ്പിൽ എം.പി., എം.എൽ.എ.മാരായ കെ.കെ. രമ, കെ. പ്രവീൺ കുമാർ, കൊയിലാണ്ടി-വടകര നഗരസഭാ ചെയർമാൻമാർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, തിക്കോടി, മൂടാടി, അഴിയൂർ, ചോറോട്, ഒഞ്ചിയം എന്നീ പഞ്ചായത്ത് പ്രസിഡന്റുമാർ, സിറ്റി പോലീസ് കമ്മിഷണർ, വടകര റൂറൽ എസ്.പി, എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ, കൺസ്ട്രക്‌ഷൻ കോൺട്രാക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. യോഗംനടക്കുമ്പോൾ തങ്ങളുടെ വിഷയം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പന്തലായനി, വിയ്യൂർ പ്രദേശവാസികൾ അടിപ്പാത ആവശ്യവുമായി സമരം നടത്തുക.

പന്തലായനി-വിയ്യൂർ റോഡിൽ അടിപ്പാത ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരം 33-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം നടക്കുന്നതിനാൽ കൊല്ലം കുന്ന്യോറമല ഭാഗത്ത് റോഡ് നിർമാണ പ്രവൃത്തി തടസ്സപ്പെട്ടു കിടക്കുകയാണ്.

കൊയിലാണ്ടി ടൗണിൽനിന്ന് വിയ്യൂർ ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണ് ബൈപ്പാസ് നിർമാണത്തോടെ മുറിയുന്നത്. ഈ റോഡ് വഴിയാണ് വിയ്യൂർ, പന്തലായനി ഭാഗത്തെ വിദ്യാർഥികൾ പന്തലായനി ജി.എച്ച്.എസ്.എസിലേക്ക് വന്നിരുന്നത്.

റോഡ് സൗകര്യം ഇല്ലാതായതോടെ സ്കൂളിലേക്ക് കുട്ടികൾക്ക് വരാൻ കഴിയാതായി. ഒട്ടെറെ കുടുംബങ്ങൾ അധിവസിക്കുന്ന സ്ഥലമാണ് ഇത്. വിയ്യൂർ ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോയിരുന്നത്. ബൈപ്പാസ് നിർമിക്കാൻ റോഡ് അടച്ചതോടെ പന്തലായനി, വിയ്യൂർ നിവാസികൾ കടുത്ത യാത്രാക്ലേശം അനുഭവിക്കുകയാണ്. കൊയിലാണ്ടി നഗരസഭയിലെ 14, 12, 11, ഒൻപത്‌ വാർഡുകളിലെ ജനങ്ങളുടെ യാത്രാമാർഗം തടസ്സപ്പെടുത്തിയാണ് ബൈപ്പാസ് നിർമിച്ചിരിക്കുന്നത്.