സംരക്ഷണഭിത്തിയില്ല; പെരുമണ്ണ-മുണ്ടുപാലം റോഡിൽ അപകടക്കെണി

പെരുമണ്ണ : പെരുമണ്ണ-മുണ്ടുപാലം റോഡിൽ, പനച്ചിങ്ങൽപ്പള്ളി മുതൽ കരിപ്പാൽത്താഴം വരെയുള്ള ഭാഗത്ത് സംരക്ഷണഭിത്തിയില്ലാത്തത് അപകടക്കെണിയാകുന്നു. പെരുമ്പട്ട വലിയപാടം-മാമ്പുഴത്തോടിനോട് ചേർന്നുള്ള, 168 മീറ്ററോളം റോഡിലാണ് സംരക്ഷണഭിത്തിയില്ലാത്തത്. ഇതോടെ, ഇരുചക്രവാഹനയാത്രക്കാരടക്കം ഒന്നരയാൾ താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുന്ന സ്ഥിതിയാണ്. ഒട്ടേറെ ഇരുചക്രവാഹനയാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷയും ഈ തോട്ടിലേക്ക് പതിച്ചതായി സമീപവാസികൾ പറയുന്നു.

പെരുമണ്ണ അങ്ങാടിയിൽനിന്ന് പൊറ്റമ്മൽ-പുത്തൂർമഠം റോഡിലേക്കും കുറ്റിക്കാട്ടൂർ വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ വാഹനത്തിരക്കേറെയുള്ള പ്രധാന റോഡിലാണ് ഈ ദുരവസ്ഥ.

പെരുമണ്ണ ഇ.എം.എസ്. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, വിദ്യാത്മിക പബ്ലിക് സ്‌കൂൾ, നെച്ചിയിൽത്താഴം അങ്കണവാടി, പനച്ചിങ്ങൽ ജുമാ മസ്ജിദ്, പെരുമണ്ണ എ.എൽ.പി. സ്കൂൾ, പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കുടുംബാരോഗ്യകേന്ദ്രം, കൃഷിഭവൻ, കെ.എസ്.ഇ.ബി., എസ്.ബി.ഐ. അടക്കമുള്ള വിവിധ ബാങ്കുകൾ എന്നിവിടങ്ങളിലേക്കടക്കമുള്ളവർ ഈ റോഡിലൂടെയാണ് ദിവസേന യാത്രചെയ്യുന്നത്.

കാലവർഷം കനക്കുന്നതോടെ പെരുമ്പട്ട വലിയപാടം-മാമ്പുഴത്തോട് നിറഞ്ഞൊഴുകുന്ന അവസ്ഥയുമാണ്. ഇരുചക്രവാഹനയാത്രക്കാരടക്കം നിരന്തരമായി തോട്ടിലേക്ക് വീണ് അപകടത്തിൽപ്പെടുന്നതോടെ റോഡരികിലായി പ്ലാസ്റ്റിക് കയർ വലിച്ചുകെട്ടിയിരിക്കുകയാണ് നാട്ടുകാരിപ്പോൾ. പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് ഇടപ്പെട്ട് ഈ റോഡിൽ അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.