വടകരയിലെ എം.സി.എഫിൽ തീപ്പിടിത്തം

വടകര : വടകര നഗരസഭയിലെ മാലിന്യസംഭരണകേന്ദ്രത്തിൽ തീപ്പിടിത്തം. ഞായറാഴ്ച രാവിലെ ഒൻപതോടെ നാട്ടുകാരാണ് കേന്ദ്രത്തിൽനിന്ന് പുക ഉയരുന്നതുകണ്ടത്. ഇതോടെ അഗ്നിരക്ഷാനിലയത്തിലും നഗരസഭയിലും ഉൾപ്പെടെ വിവരമറിയിക്കുകയായിരുന്നു. വടകരയിലെ അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപേ തീയണച്ചത് ആശ്വാസമായി.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എം.സി.എഫ്. കേന്ദ്രത്തിൽ നേരത്തേയും തീപ്പിടിത്തമുണ്ടായിരുന്നു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുറമേ വേർതിരിക്കുന്നതിനായി സൂക്ഷിച്ച മാലിന്യത്തിന് മാത്രമാണ് തീപിടിച്ചത്. ഇവിടെ കുറച്ചുദിവസത്തെ മാലിന്യമാണുണ്ടായിരുന്നത്. എങ്കിലും വീണ്ടും തീപ്പിടിത്തമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടത്തെ മാലിന്യം നീക്കി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിയതിനാൽ പ്രദേശത്ത് കറുത്ത പുക വ്യാപിച്ചിരുന്നു. അജൈവമാലിന്യം തരംതിരിക്കാൻ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. സ്ഥലത്തെ ഭിത്തിക്കും പൈപ്പുകൾക്കും ഓഡിയോ സിസ്റ്റം, ഇലക്‌ട്രിക്കൽ സാധനങ്ങൾ എന്നിവയ്ക്കും കേടുപാടുണ്ട്. ബസ്‌സ്റ്റാൻഡ് ഉൾപ്പെടെ തിരക്കേറിയ സ്ഥലത്തിന് സമീപത്താണ് എം.സി.എഫ്. കേന്ദ്രം സ്ഥിതിചെയ്യുന്നത്. തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
എം.സി.എസ്. കേന്ദ്രത്തിനു സമീപത്ത് ഒട്ടേറെ വാഹനങ്ങൾ പാർക്കുചെയ്യാറുണ്ട്. ഇവിടെ വാഹനങ്ങൾ നിർത്തിയിടരുതെന്ന് ജീവനക്കാർ ഉൾപ്പെടെയുള്ളവർ പറയാറുണ്ടെങ്കിലും ഇത് അനുസരിക്കാതെ പലരും ഇവിടെ പാർക്കുചെയ്യുന്നത് പതിവാണ്. മാത്രമല്ല ചിലർ കേന്ദ്രത്തിന് സമീപത്തുനിന്ന് സിഗരറ്റ് ഉൾപ്പെടെ വലിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തീപ്പിടിത്തമുണ്ടായ സമയത്തും ഇവിടെ വാഹനങ്ങളുണ്ടായിരുന്നു. നാരായണ നഗരം ഗ്രൗണ്ടിൽ പരിശീലനത്തിനായി എത്തിയവർ ലോക്ക് ചെയ്ത് നിർത്തിയായിട്ട വാഹനങ്ങൾ എടുത്ത് മറ്റുസ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എം. ഷമേജ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.പി. പ്രജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.എം. സഹീർ, എ.കെ. സരുൺ ലാൽ, ടി.പി. ഷിജു, വി.കെ. അക്ഷയ്, ജെ. ജയകൃഷ്ണൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.