തസ്തികകളില്ല; പേരാമ്പ്ര താലൂക്ക് ആശുപത്രി പദവിയിൽ മാത്രം

പേരാമ്പ്ര: 18 വർഷംമുൻപ് പേരാമ്പ്രയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തുമ്പോൾ നാടിന് വലിയപ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇതുവരെ ആവശ്യത്തിന് തസ്തികകൾ അനുവദിക്കാൻമാത്രം നടപടിയുണ്ടായില്ല. അടുത്തിടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പുതിയ തസ്തികകൾ അനുവദിച്ചപ്പോഴും പേരാമ്പ്ര പരിഗണിക്കപ്പെട്ടില്ല. 1961-ലെ തസ്തിക പാറ്റേണിലാണ് ഇപ്പോഴും പ്രവർത്തനം. ഇതിനനുസരിച്ചുള്ള ജീവനക്കാരുടെ തസ്തികയാണുള്ളത്. ഇതിനാൽ താത്കാലിക ജീവനക്കാരെ നിയോഗിച്ചാണ് കാര്യങ്ങളെല്ലാം നടന്നുപോകുന്നത്.
ആശുപത്രി വികസനഫണ്ടിൽനിന്ന് നല്ലൊരുഭാഗം മാസംതോറും ഇതിനായി മാറ്റിവെക്കേണ്ടിവരുന്നു. ഡയാലിസിസ് യൂണിറ്റിലടക്കം 42-ഓളം താത്കാലിക ജീവനക്കാരാണ് താലൂക്ക് ആശുപത്രിക്ക് കീഴിലുള്ളത്. എട്ടുലക്ഷത്തോളം രൂപ ഇവർക്കെല്ലാമായി വേതനം നൽകാൻ വേണം. ഇവർക്ക് വേതനം നൽകിക്കഴിഞ്ഞാൽ എച്ച്.എം.സി. ഫണ്ടിൽ മിച്ചംവെക്കാൻ ഒന്നുമുണ്ടാകാറില്ല.
മലയോരത്തെ രോഗികളുടെ പ്രധാന ആശ്രയമായ താലൂക്ക് ആശുപത്രിയിൽ മാസത്തിൽ കാൽലക്ഷത്തോളം പേർ ചികിത്സയ്ക്കെത്താറുണ്ട്. ചക്കിട്ടപാറയിലെ ആദിവാസി ജനവിഭാഗങ്ങളുൾപ്പടെ ഒട്ടേറെ പഞ്ചായത്തിലുള്ളവരുടെ ചികിത്സയ്ക്കായുള്ള ആശ്രയകേന്ദ്രമാണിത്. വർഷങ്ങളായി കൂടുതൽ തസ്തികകൾ അനുവദിക്കാനായി സർക്കാരിനുമുന്നിൽ പ്രൊപ്പോസൽ സമർപ്പിക്കാറുണ്ടെങ്കിലും അനുമതി കാത്തുകിടക്കുകയാണ്. പുതിയസർക്കാർ അധികാരത്തിൽവന്നതിനുശേഷവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഇതിനായി നിവേദനം നൽകിയിട്ടുണ്ട്.
14 ഡോക്ടർമാരുടെ തസ്തികയാണുള്ളത്. അഞ്ച് ജൂനിയർ കൺസൾട്ടന്റ്, നാല് അസിസ്റ്റന്റ് സർജൻ, ഒരു ഡെന്റൽ ഡോക്ടർ, അത്യാഹിതവിഭാഗത്തിൽ നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ എന്നിങ്ങനെയാണ് ആശുപത്രിയിൽ അനുവദിച്ച ഡോക്ടർമാർമാരുടെ തസ്തിക. താത്കാലിക അടിസ്ഥാനത്തിലുള്ള ഡോക്ടർമാർ അടക്കം 18 പേരുടെ സേവനം ലഭിക്കുന്നു. താലൂക്ക് ആശുപത്രിയായിട്ടും സൂപ്രണ്ടിന്റെ തസ്തികയില്ല. മെഡിക്കൽ ഓഫീസറാണ് മേലധികാരി. ഓർത്തോ ഡോക്ടറുടെ തസ്തിക വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഗൈനക്കോളജിയിലും ഒഫ്താൽമോളജിയിലും അടുത്തിടെ ഓരോ ഒഴിവുകളുണ്ടായിട്ടുണ്ട്. നാല് കൺസൾട്ടന്റ്, ഏഴ് ജൂനിയർ കൺസൾട്ടന്റ്, നാല് അസിസ്റ്റന്റ് സർജൻ എന്നിവരുടെ തസ്തിക കൂടുതലായി വേണമെന്നാണ് നേരത്തേ സർക്കാരിന് സമർപ്പിച്ച പ്രൊപ്പോസലിൽ ആവശ്യപ്പെട്ടത്.
നഴ്സുമാരും അറ്റൻഡർമാരും കുറവ്
നഴ്സിങ് അസിസ്റ്റന്റുമാരുടെയും അറ്റൻഡർമാരുടെയും (ഗ്രേഡ് രണ്ട്) തസ്തികയാണ് ഏറ്റവുംകൂടുതൽ സൃഷ്ടിക്കേണ്ടത്. മൂന്ന് ഹെഡ് നഴ്സിന്റെയും എട്ട് സ്റ്റാഫ് നഴ്സിന്റെയും ഒരു നഴ്സിങ് അസിസ്റ്റന്റിന്റെയും തസ്തികയാണുള്ളത്. ഇവയിലെല്ലാമായി 34 പേർ കൂടിവേണം. നഴ്സിങ് സൂപ്രണ്ടിന്റെയും തസ്തിക സൃഷ്ടിക്കണം. ഹോസ്പിറ്റൽ അറ്റൻഡന്റ് രണ്ട് തസ്തികകളേയുള്ളൂ. 18 പേർ ഇനിയും വേണം. താലൂക്ക് ആശുപത്രിയായിട്ടും ലേ സെക്രട്ടറി തസ്തികയില്ല. രണ്ട് ക്ലാർക്കും ഒരു ഓഫീസ് അറ്റൻഡന്റുമേയുള്ളൂ.