പൂർവ വിദ്യാർഥിയുടെ കൈത്താങ്ങിൽ വിലങ്ങാട് സ്കൂളിന് ലൈബ്രറിയൊരുങ്ങി

വാണിമേൽ : ചുരുക്കം ചില പുസ്തകങ്ങൾ, സൗകര്യമില്ലാത്ത ലൈബ്രറി. കഴിഞ്ഞദിവസംവരെ വിലങ്ങാട് സെയ്‌ന്റ് ജോർജ് ഹൈസ്കൂളിലെ കുട്ടികൾക്കുണ്ടായിരുന്ന വായനാസൗകര്യം ഇത്രമാത്രമായിരുന്നു. എന്നാലിപ്പോൾ അവർക്ക് വായിക്കാനുള്ളത് നിരവധി പുസ്തകങ്ങൾ, ആധുനികസൗകര്യങ്ങളുള്ള ലൈബ്രറി. 33 വർഷം മുൻപ് സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ ഒരു പൂർവ വിദ്യാർഥിയാണ് ക്ലാസ്‌മുറിയെ ഒന്നാന്തരമൊരു ലൈബ്രറിയാക്കിമാറ്റി സ്കൂളിന് സമ്മാനിച്ചത്.
1993-94-ൽ സ്കൂളിൽ പഠിച്ച റോബിൻ മാത്യുവാണ് സ്വന്തം വിദ്യാലയത്തിന് പതിറ്റാണ്ടുകൾക്കുശേഷം ലൈബ്രറി നവീകരിച്ചുനൽകിയത്. ബെംഗളൂരുവിൽ പ്രൈഡ് വെൽത്ത് എൽ.എൽ.പി. എന്ന ധനകാര്യ മാനേജ്മെന്റ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ. യുമായ റോബിൻ മാതാപിതാക്കളായ ഉത്തരത്തിനാൽ കുട്ടിച്ചൻ, പെണ്ണമ്മ എന്നിവരുടെ ഓർമ്മയ്ക്കായാണ് രണ്ടുലക്ഷം രൂപയോളം മുടക്കി ലൈബ്രറി നവീകരിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എം. അഭിജിത്ത് എം.എൽ.എ. ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി ഉപയോഗപ്പെടുത്തി വായനാക്കുറിപ്പ് തയ്യാറാക്കൽ മത്സരം നടത്താനാണ് തീരുമാനം.
സ്‌കൂൾ മാനേജർ ഫാദർ ഡോ. വിൽസൺ മുട്ടത്തുകുന്നേൽ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഷെബി സെബാസ്റ്റ്യൻ, രാജു അലക്‌സ്, ലൗലി ബിജു, പി.ടി.എ. പ്രസിഡന്റ് ബിബിൻ തോമസ്, എം.പി.ടി.എ. പ്രസിഡന്റ് പി.സി. ധനിഷ, സ്റ്റാഫ് സെക്രട്ടറി സിജോ തോമസ്, ബിജു മാത്യു, സ്കൂൾ ലീഡർ എലൈന ഷെബി, മൂഴയിൽ ബേബി, അന്നക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.