തിരുവോത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ആഴത്തിൽ അടയാളങ്ങൾ പതിപ്പിച്ചു -എം. ലിജു

വടകര : കേരളം മുഴുവൻ അറിയപ്പെടുന്ന സഹകാരി, സാഹിത്യകാരൻ, ഉന്നതനായ കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ തിരുവോത്ത് നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ ആഴത്തിലുള്ള അടയാളങ്ങൾ പതിപ്പിച്ചതായി മന്ത്രി എം.ലിജു പറഞ്ഞു.

ബി.കെ. തിരുവോത്ത് അനുസ്മരണവും പ്രഥമ അവാർഡ് സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.കെ. തിരുവോത്തിന്റെ ബഹുമുഖ വ്യക്തിത്വത്തെയും സാമൂഹിക ഇടപെടലുകളെയും മന്ത്രി അനുസ്മരിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രൻ ആദർശ രാഷ്ട്രീയത്തിന്റെ ഉജ്ജ്വലമായ പ്രതീകമാണ്. പൊതുപ്രവർത്തനം എന്നാൽ അധികാരത്തിന്റെ വഴിയിലൂടെയുള്ള യാത്ര മാത്രമാണെന്ന് അബദ്ധജടിലമായ ചിന്ത ഒരിക്കൽപോലും മുല്ലപ്പള്ളിയിൽ കാണാൻ കഴിഞ്ഞിട്ടില്ല. മുല്ലപ്പള്ളിയുടെ നിലപാടുകൾക്ക് സ്പടികം പോലെ വ്യക്തതയുണ്ടായിരുന്നുവെന്നും പുരസ്കാരം സമർപ്പിച്ച ലിജു പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഥമ ബി.കെ. തിരുവോത്ത് പുരസ്കാരം ഏറ്റുവാങ്ങി. ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ ഐ. മൂസ അധ്യക്ഷനായി. ഡി.സി.സി.പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ. അനുസ്മരണ പ്രഭാഷണം നടത്തി.

കെ.കെ.രമ എം.എൽ.എ., വി.എം.ചന്ദ്രൻ, സുനിൽ മടപ്പള്ളി, കളത്തിൽ പീതാംബരൻ, പി.സി.ഷീബ, സി.വി.അജയൻ, ശശിധരൻ കരിമ്പനപ്പാലം, സതീശൻ കുരിയാടി, പുറന്തോടത്ത് സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

രാജീവ് ഗാന്ധിയുമായും കരുണാകരനുമായുള്ള ആത്മബന്ധം പങ്കുവെച്ച്‌ മുല്ലപ്പള്ളി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള തന്റെ ആത്മബന്ധം മുല്ലപ്പള്ളി സദസിനു മുന്നിൽ പങ്കുവെച്ചു. രാഷ്ട്രീയ നേതാവെന്നതിലുപരി ജ്യേഷ്ഠ-സഹോദര ബന്ധത്തിന്റെ ഊഷ്മളതയായിരുന്നു താനും രാജീവ് ഗാന്ധിയും തമ്മിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായിരുന്നു രാജീവ് ഗാന്ധിയുമായുണ്ടായിരുന്നതെന്നും ആ ബന്ധത്തിന്റെ ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.