ലഹരിമാഫിയക്കെതിരേ നാടൊന്നിക്കുന്നതിൽ സന്തോഷം -രമേശ് ചെന്നിത്തല

കുറ്റ്യാടി : എല്ലാ മതത്തിലും രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ടവർ ലഹരി മാഫിയയെ അടുപ്പിക്കാതിരിക്കാൻ ഒറ്റക്കെട്ടായി പ്രതിജ്ഞ എടുക്കുന്നത് സന്തോഷമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

മരുതോങ്കര ജാനകിക്കാട് തൃക്കൈപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിൽ പരവത്ത് ബാലൻനമ്പ്യാരുടെ സ്മരണയ്ക്കായി മക്കൾ നിർമിച്ചു നൽകിയ സ്മൃതിമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്തത്ത് കുടുംബാംഗങ്ങളുടെ വകയായി നിർമിക്കുന്ന ക്ഷേത്ര കിഴക്കേ ഗോപുരനടയുടെ ഉദ്ഘാടനം കെ.എം. അഭിജിത്ത് എം.എൽ.എ. നടത്തി.

മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി അധ്യക്ഷയായി.

ജ്യോതികുമാർ ചാമക്കാല എം.എൽ.എ. ചടങ്ങിൽ മുഖ്യാതിഥിയായി. ജില്ല പോലീസ് മേധാവി മെറിൻ ജോസഫ് തൂഫാൻ പ്രതിജ്ഞയെടുത്തു. സ്വാഗതസംഘം ചെയർമാൻ പി.കെ. സുരേന്ദ്രൻ, ബിജു പരവത്ത്, പി. ഗംഗാധരൻ, കോരങ്കോട്ട് മൊയ്തു, ഷിവിജ വിനോദൻ, കെ.ടി. ജെയിംസ്, കെ.പി. രാജൻ, കോരങ്കോട്ട് ജമാൽ, കെ. ശ്രീധരൻ, ജോൺ പൂതക്കുഴി, കെ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.