നന്തിക്കും ചെങ്ങോട്ടുകാവിനും ഇടയിൽ സീബ്രാലൈൻ ഇല്ല

കൊയിലാണ്ടി : നന്തിക്കും ചെങ്ങോട്ടുകാവിനും ഇടയിൽ നിലവിലുള്ള ദേശീയപാതയിൽ ഒരിടത്തും സീബ്രാലൈൻ ഇല്ലാത്തത് യാത്രക്കാർക്ക് വലിയപ്രയാസമാകുന്നു.
മുൻപ് വരച്ച സീബ്രാലൈനുകൾ മാഞ്ഞുപോയത് വീണ്ടും വരച്ചിട്ടില്ല. കൊയിലാണ്ടി താലൂക്കാശുപത്രിക്ക് മുന്നിൽ മുൻപ് സീബ്രാലൈൻ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ലാത്തത് കാരണം ആശുപത്രിയിലേക്ക് പോകുന്ന രോഗികളും ബന്ധുക്കളും പ്രയാസത്തിലാണ്. സീബ്രാലൈൻ ഇല്ലാത്തതിനാൽ വാഹനങ്ങൾ ഇവിടെ വേഗം കുറയ്ക്കുന്നില്ല. ഇവിടെ റോഡ് മുറിച്ചുകടക്കുമ്പോൾ ഒട്ടെറെപ്പേർ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
അപകടമരണവും സംഭവിച്ചിട്ടുണ്ട്. ആന്തട്ട, മാർക്കറ്റ്, കൊയിലാണ്ടി ബസ് സ്റ്റാൻഡ്, കോടതി, ഹൈസ്കൂൾ ജങ്ഷൻ, സ്റ്റേറ്റ് ബാങ്ക്, മിനി സിവിൽ സ്റ്റേഷൻ, കൊല്ലം, ആനക്കുളം, പാലക്കുളം, മൂടാടി, ഇവിടങ്ങളിലൊന്നും സീബ്രാലൈൻ കാണാനേയില്ല. തിരക്കുള്ള സമയങ്ങളിൽ വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ രക്ഷിതാക്കൾ സഹായിക്കുകയാണ്. നന്തിക്കും ചെങ്ങോട്ടുകാവിനും ഇടയിൽ റീ ടാറിങ് നടത്തിയെങ്കിലും ചില സ്ഥലങ്ങളിൽ റീ ടാറിങ് നടത്താതെ വിട്ടിട്ടുണ്ട്.
കൊയിലാണ്ടി പഴയ കൃഷ്ണ തിയേറ്ററിനും സിദ്ദിഖ് പള്ളിക്കും സമീപം പെട്ടെന്ന് ടാറിങ് അവസാനിപ്പിച്ചതിനാൽ റോഡിന്റെ ഉപരിതലം ഉയർന്ന് താഴ്ന്നുകിടക്കുകയാണ്. ദേശീയപാതാ അധികൃതരുടെ മേൽനോട്ടത്തിൽ ചെയ്ത ടാറിങ് അത്യന്തം അപകടമുണ്ടാക്കുന്ന തരത്തിലാണ്. വാഹനങ്ങൾ അതിവേഗത്തിൽ വരുമ്പോൾ ടാർചെയ്യാത്ത സ്ഥലത്തേക്ക് പെട്ടെന്ന് വീഴുമ്പോൾ അപകടമുണ്ടാവുകയാണ്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കൊയിലാണ്ടി കോടതി മുൻവശത്തും റീ ടാറിങ് നടന്നിട്ടില്ല.