രാമനാട്ടുകര നഗരസഭയിൽ ബഹളം, പ്രതിഷേധം, വാക്കൗട്ട്

രാമനാട്ടുകര : നഗരസഭയിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിഷേധിച്ച് കൗൺസിൽ വിട്ടിറങ്ങി എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങൾ. ഭരണസമിതിക്കെതിരേയുള്ള പ്ലക്കാർഡുകളുയർത്തിയാണ് പ്രകടനം നടത്തിയത്.

മുസ്‌ലിംലീഗ് ഭരണത്തിലുള്ള രാമനാട്ടുകര നഗരസഭയ്ക്കെ‌തിരേ പാർട്ടി മുനിസിപ്പൽ കമ്മിറ്റിതന്നെ അഴിമതിയാരോപണം ഉയർത്തുന്ന സർക്കുലർ ‘മാതൃഭൂമി’ പുറത്തുവിട്ടിരുന്നു. ഇതിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും ഇതിന് കൂട്ടുനിൽക്കുന്ന പാർട്ടി പ്രവർത്തകർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

അഴിമതിക്കാരായ ഏജന്റുമാരെ ഒഴിവാക്കാൻ നഗരസഭാ അധ്യക്ഷനോട് ആവശ്യപ്പെടുമെന്നും സർക്കുലറിലുണ്ട്. ഇക്കാര്യം കൗൺസിൽ നിർത്തിവെച്ച് ചർച്ചയ്‌ക്കെടുക്കണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ചട്ടവിരുദ്ധമെന്ന് പറഞ്ഞ് അധ്യക്ഷനായിരുന്ന മുനിസിപ്പൽ ചെയർപേഴ്സൺ അനുമതി നൽകിയില്ല. ഇതോടെയാണ് എൽ.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തിയത്.

എല്ലാ ജീവനക്കാരെയും പഴിചാരാതെ ആരാണ് അഴിമതിനടത്തുന്നതെന്ന് സ്പഷ്ടമായി പറയാനും ഏജന്റുമാർ ആരാണെന്ന് പറയാനും മുനിസിപ്പൽ ലീഗ് കമ്മിറ്റിയും മുനിസിപ്പൽ ഭരണസമിതിയും തയ്യാറാവണമെന്ന് എൽ.ഡി.എഫ്. ആവശ്യപ്പെട്ടു. അഴിമതി ആരോപണം ഉന്നയിച്ചത് ഇടതുപക്ഷ പത്രങ്ങളോ കമ്മറ്റിയോ ആയിരുന്നെങ്കിൽ അത് രാഷ്ട്രീയപ്രേരിതമാണെന്ന് പറയാനാവുമായിരുന്നു. ഇത് ഭരണപക്ഷ പാർട്ടി തന്നെയാണ് ആരോപണം ഉയർത്തിയതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വരുംദിവസങ്ങളിൽ കടുത്ത സമരപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.

പ്രതിഷേധയോഗത്തിൽ പ്രതിപക്ഷകക്ഷി നേതാവ് കെ. സുധീഷ് കുമാർ അധ്യക്ഷതവഹിച്ചു. വാഴയിൽ ബാലകൃഷ്ണൻ, കെ. പുഷ്പ, റെമിന വെള്ളാശ്ശേരി, കെ. ഷെൽമ, പി.എം. ബീന, കമറുലൈല, ഷിനോദ് ഓട്ടുപാറ, മിഥുൻ ചിറക്കാംകുന്ന് എന്നിവർ സംസാരിച്ചു.

അതേസമയം, മുനിസിപ്പൽ ചട്ടപ്രകാരമല്ല പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും അതിനാലാണ് അനുമതി നിഷേധിച്ചതെന്നും എന്നിട്ടുപോലും വിഷയം ഉന്നയിക്കാൻ കൗൺസിലിൽ സമയം അനുവദിച്ചുവെന്നും നഗരസഭാ അധ്യക്ഷൻ കല്ലട മുഹമ്മദലി പറഞ്ഞു.