തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നീളുന്നു

നടപടികൾ വേഗത്തിലാക്കാൻ നിർദേശം
കൊയിലാണ്ടി : കൊയിലാണ്ടി മണ്ഡലത്തിൽ തീരദേശ ഹൈവേയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ നീളുന്നു. രണ്ടോ മൂന്നോ മാസംകൂടി സ്ഥലമേറ്റെടുപ്പ് നടപടിക്കായി വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞദിവസം കളക്ടറേറ്റിൽ കെ. പ്രവീൺകുമാർ എം.എൽ.എ., കളക്ടർ എം.എസ്. മാധവിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന വിവിധ വികസനപ്രവൃത്തികളുടെ പുരോഗതി അവലോകനംചെയ്യാൻ വിളിച്ച യോഗത്തിൽ തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ കടലുണ്ടിമുതൽ വടകര പൂഴിത്തല വരെ 77 കിലോമീറ്ററിലാണ് തീരദേശപാത നിർമിക്കുന്നത്. 15.6 മീറ്റർ വീതിയിലാണ് തീരപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നത്. റോഡിന്റെ ഇരുവശത്തും 1.8 മീറ്റർ വീതിയിൽ നടപ്പാതയുണ്ടാവും. റോഡിന്റെ പടിഞ്ഞാറുഭാഗത്ത് സൈക്കിളുകൾക്കുമാത്രം സഞ്ചരിക്കാൻ പാകത്തിൽ രണ്ടുമീറ്റർ വീതിയിൽ സൈക്കിൾട്രാക്കുണ്ടാകും. ബാക്കി 10 മീറ്റർ സ്ഥലത്താണ് രണ്ടുവരിയിൽ ടാർചെയ്ത റോഡ് നിർമിക്കുക.
പുതിയ റോഡ് നിലവിലെ തീരദേശപാതയോട് ബന്ധിപ്പിച്ച്
നിലവിൽ തീരദേശപാതയുള്ള ഇടങ്ങളിൽ അതിനോട് ബന്ധിപ്പിച്ചാണ് പുതിയ റോഡ് നിർമിക്കുന്നത്. കടലുണ്ടിമുതൽ പൂഴിത്തലവരെ 13 റീച്ചുകളായി തിരിച്ചാണ് സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നത്. ഇതിൽ കൊളാവിപ്പാലംമുതൽ കോട്ടയ്ക്കൽ വരെയുള്ള റീച്ചിൽ ഭൂമിയേറ്റെടുപ്പ് നടപടികൾ പൂർത്തിയായി. ഇവിടെ സി.ആർ.സെഡ്. അനുമതി ലഭിച്ചാൽ ടെൻഡർ വിളിച്ച് തീരദേശ നിർമാണപ്രവൃത്തി ആരംഭിക്കും.
തിരുവനന്തപുരം കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഈ അനുമതി നൽകേണ്ടത്. എല്ലാ റീച്ചിലും റോഡ് നിർമാണം ടെൻഡർ ചെയ്യുന്നതിനുമുൻപ് സി.ആർ.സെഡ്. അനുമതി വേണം.
കോരപ്പുഴമുതൽ കൊയിലാണ്ടി ഹാർബർവരെ 10 കി.മീറ്റർ ദൈർഘ്യത്തിലുള്ള തീരദേശപാത വികസിപ്പിച്ചാണ് ഹൈവേ നിർമിക്കുക. ഈ റീച്ചിൽ കോരപ്പുഴമുതൽ കണ്ണങ്കടവ് വരെ പുതിയ റോഡ് നിർമിക്കണം. കോരപ്പുഴ പാലം കടന്ന് അല്‌പം വടക്കോട്ടുമാറി അവിടെനിന്നാണ് കണ്ണങ്കടവുവരെ പുതിയ തീരദേശപാത നിർമിക്കുക. കണ്ണങ്കടവ് മുതൽ ഏഴുകുടിക്കൽവരെയുള്ള റീച്ചിൽ കല്ലിടൽ പൂർത്തിയായി. ഏഴുകുടിക്കൽമുതൽ കൊയിലാണ്ടി ഹാർബർ വരെയുള്ള ഭാഗത്ത് ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി റവന്യൂവകുപ്പ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഹാർബർ മുതൽ മുത്തായംവരെയുള്ള 6.8 കിലോമീറ്ററിൽ പാറപ്പള്ളി വരെ ഏറ്റെടുക്കുന്ന സ്ഥലവും അടയാളപ്പെടുത്തിയിട്ടുണ്ട്. പാറപ്പള്ളിമുതൽ മുത്തായം ബീച്ച് വരെ കല്ലിടൽ പൂർത്തിയായി. മുത്തായംമുതൽ കോടിക്കൽ വരെ 4.05 കിലോമീറ്റർ ദൂരത്തിൽ കല്ലിട്ടു. കോടിക്കൽമുതൽ കൊളാവിപ്പാലംവരെയുളള 7.05 കീലോമീറ്റർ റീച്ചിലും കൊളാവിപ്പാലംമുതൽ കോട്ടക്കൽവരെ 2.08 കിലോമീറ്റർ റീച്ചിലും കോട്ടക്കലിൽ പാലം നിർമിക്കുന്ന ഒരു കിലോമീറ്റർ റീച്ചിലും ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. കോട്ടക്കലും വടകര സാൻഡ് ബാങ്കുമായി ബന്ധിപ്പിച്ച് ഒരു കിലോമീറ്റർ നീളത്തിൽ കുഞ്ഞാലിമരക്കാരുടെ സ്മാരകമായി പാലം വരുന്നുണ്ട്. സാൻഡ് ബാങ്കും പൂഴിത്തലയും ബന്ധിപ്പിച്ചാണ് അവസാനത്തെ റീച്ച്.
കടലുണ്ടിമുതൽ മഠത്തിൽപാടം വരെയുള്ള അഞ്ചര കിലോമീറ്ററാണ് തീരദേശഹൈവേയുടെ ജില്ലയിലെ ആദ്യ റീച്ച്. ഈ ഭാഗത്ത് ഹൈവേക്കായി സ്ഥലമേറ്റെടുപ്പിന് കല്ലിടൽ പ്രവൃത്തി പൂർത്തിയായി. മഠത്തിൽപാടം മുതൽ ബി.സി. റോഡ് വരെ 1.2 കിലോമീറ്റർ ദൈർഘ്യമാണ് രണ്ടാം റീച്ചിനുള്ളത്. അടുത്ത റീച്ചിൽ ഉൾപ്പെടുന്ന ബി.സി. റോഡ് മുതൽ കോതിപ്പാലംവരെയുള്ള ആറുകിലോമീറ്ററിലും കല്ലിടൽ പൂർത്തിയായി. കോതിപ്പാലംമുതൽ പുതിയാപ്പവരെ നിലവിലുള്ള പാത തന്നെയാണ് തീരദേശ ഹൈവേയായി മാറുക. പുതിയാപ്പമുതൽ പുതിയ നിരത്തുവരെ 450 മീറ്റർ വരുന്ന റീച്ചിൽ പുതുതായി സ്ഥലം ഏറ്റെടുത്ത് തീരദേശപാത നിർമിക്കണം. കല്ലിടൽ നടപടികൾ ഈ ഭാഗത്ത് പൂർത്തിയാക്കി സാമൂഹികാഘാതപഠനവും പൂർത്തീകരിച്ചിട്ടുണ്ട്. പുതിയാപ്പമുതൽ കോരപ്പുഴ പാലം വരെ 4.09 കിലോമീറ്ററിൽ നിലവിലുള്ള ദേശീയപാത തീരദേശപാതയായി പരിഗണിക്കും. കാപ്പാട് തുവ്വപ്പാറയ്ക്കും ഏഴുകുടിക്കലിനും ഇടയിൽ നിലവിലുള്ള തീരദേശപാതയിൽനിന്ന് അല്‌പം കിഴക്കോട്ടുമാറിയാണ് സ്ഥലമേറ്റെടുത്തത്. ഏറ്റവുംകൂടുതൽ കടലേറ്റത്തിനു സാധ്യതയുളള സ്ഥലമായതിനാലാണ് നിലവിലുളള കടൽഭിത്തിയിൽനിന്ന് പത്തുമീറ്ററോളം വിട്ട് സ്ഥലം അളന്ന് നിർണയിച്ചത്.
തീരദേശ ഹൈവേ യാഥാർഥ്യമായാൽ വാഹനത്തിരക്ക് ഇല്ലാതെ കടലോരക്കാഴ്ചകൾ കണ്ട് സഞ്ചരിക്കാൻ കഴിയും. ടൂറിസം വികസനത്തിനും പ്രയോജനപ്പെടും.