വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം; രണ്ടാംഘട്ട പുനരധിവാസത്തിന് ഒച്ചിഴയും വേഗം

നാദാപുരം : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് രണ്ടാംഘട്ട പുനരധിവാസത്തിന് ഒച്ചിന്റെ വേഗം. ഫയലുകളിൽ പലതും സെക്രട്ടേറിയറ്റിലും ജില്ലാ, താലൂക്ക് ഭരണകേന്ദ്രങ്ങളിലായി ഇഴഞ്ഞുനീങ്ങുകയാണ്. രണ്ടാംഘട്ട സഹായവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ദുരിതബാധിതർ റോഡ് പ്രവൃത്തി തടഞ്ഞുകൊണ്ട് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി 37 കുടുംബങ്ങൾക്കുള്ള സഹായധന വിതരണമാണ് അനിശ്ചിതമായി വൈകുന്നത്.

വീട് ഏറെ അപകടനിലയിലായതും താമസയോഗ്യമല്ലാത്തതെന്ന് വിദഗ്‌ധസംഘം വിലയിരുത്തിയ കുടുംബങ്ങൾക്കുള്ള സഹായവിതരണമാണ് ചുവപ്പുനാടയിൽ കുരുങ്ങിയത്. ഫയലുകൾ സെക്രട്ടേറിയറ്റിൽനിന്നും വീണ്ടും ക്വറി എഴുതി കളക്ടറേറ്റിലേക്ക് അയച്ചതായാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങളിൽനിന്ന്‌ ലഭിക്കുന്ന വിവരം. അടിയന്തര പ്രാധാന്യത്തോടെ നീങ്ങേണ്ട ഫയലുകളാണ് വളരെ ലാഘവത്തോടെ ഉദ്യോഗസ്ഥർ കൈകാര്യംചെയ്യുന്നതെന്നാണ് ദുരിതബാധിതരുടെ ആക്ഷേപം. 37 കുടുംബങ്ങളെ അടിയന്തരപ്രാധാന്യത്തോടെ മാറ്റിത്താമസിപ്പിക്കേണ്ടതുണ്ട്. എന്നാൽ, 32 കുടുംബങ്ങൾക്കുമാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്നാണ് വിദഗ്‌ധസംഘം അവസാനം നൽകിയ വിവരം. സാങ്കേതിക കാരണങ്ങളാൽ അഞ്ച് കുടുംബങ്ങൾക്ക് സഹായം നൽകാൻ സാധിക്കുകയില്ലെന്നും ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

റോഡിന് കോടികളുടെ ഫണ്ട്, പ്രവൃത്തിക്ക് വേഗമില്ല

വിലങ്ങാട് ദുരന്തമേഖലയിലേക്ക് കോടികളുടെ ഫണ്ട് ഉപയോഗിച്ചുളള പ്രവൃത്തികൾക്ക് വേഗമില്ലെന്ന് നാട്ടുകാർ പറഞ്ഞു.

മലയോര ഹൈവേയിലെ അനുബന്ധ റോഡായി പരിഗണിക്കുന്ന മുടിക്കൽ കന്നുകുളം വിലങ്ങാട് റോഡിന്റെ നവീകരണത്തിനായി 32 കോടി രൂപയാണ് അനുവദിച്ചത്. റോഡിന്റെ നിർമാണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതായി നാട്ടുകാർ പറഞ്ഞു. വിലങ്ങാട് വില്ലേജ് ഓഫീസ് മുതൽ പുല്ലുവാപ്പുഴ വരെയുള്ള റോഡിന്റെ നവീകരണത്തിനായി എട്ടുകോടി രൂപ അനുവദിച്ചിരുന്നു. വിലങ്ങാട് ടൗണിൽ വലിയ പാലം നിർമിക്കാൻ 13 കോടി രൂപ നേരത്തേ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ പ്രവൃത്തി എന്ന് തുടങ്ങുമെന്നതിനെക്കുറിച്ച് ഒരു വിവരവും അധികൃതരിൽനിന്ന്‌ ലഭ്യമല്ല. യു.ഡി.എഫ്. സർക്കാരിന്റെ ബജറ്റിൽ വിലങ്ങാടിനായി അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ നടപടികളും ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.

വിലങ്ങാട് ദുരന്തബാധിതർ രണ്ടാംദിവസവും പ്രവൃത്തിതടഞ്ഞു

നാദാപുരം : വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിലെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് രണ്ടാംദിവസവും റോഡിന്റെ നിർമാണ പ്രവൃത്തി തടഞ്ഞു. മഞ്ഞച്ചീളി-അടിച്ചിപ്പാറ റോഡിന്റെ സൈഡ് പ്രൊട്ടക്‌ഷന്റെ നിർമാണ പ്രവൃത്തിയാണ് തടഞ്ഞത്.

രാവിലെ എട്ടോടെ ആരംഭിച്ച പ്രവൃത്തി ദുരന്തബാധിതർ സംഘടിച്ചെത്തി തടയുകയായിരുന്നു. വാണിമേൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. രാജീവൻ, സി.പി.എം. ലോക്കൽ സെക്രട്ടറി എൻ.പി. വാസു എന്നിവർ സ്ഥലത്തെത്തി ദുരന്തബാധിതരുമായി സംസാരിച്ചു. തുടർന്ന് നേതാക്കൾ അധികാരികളുമായി ഫോണിൽ ബന്ധപ്പെട്ടു. 11-ഓടെ തഹസിൽദാരും, വില്ലേജ് ഓഫീസറുമടങ്ങുന്ന ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി ചർച്ചനടത്തി.

മഞ്ഞച്ചീളിയിൽ ഉദ്യോഗസ്ഥരും ദുരിതബാധിതരും തമ്മിൽ ചർച്ചനടത്തിയത്. ജില്ലാ ദുരന്തനിവാരണസമിതി അംഗീകരിച്ച 32 പേരടങ്ങുന്ന ദുരന്തബാധിതരുടെ പുനരധിവാസ ലിസ്റ്റ് വ്യാഴാഴ്ച തന്നെ വെരിഫിക്കേഷൻ നടത്തി ഗുണഭോക്താക്കളുടെ സത്യവാങ്‌മൂലം വാങ്ങി തിരിച്ചയക്കുന്നതിനുള്ള നടപടി പൂർത്തികരിക്കുമെന്ന് തഹസിൽദാർ അനിൽകുമാർ ഉറപ്പുനൽകി. ധനസഹായം ലഭിക്കുന്നതിനുള്ള അടിയന്തരനടപടി കൈക്കൊള്ളുമെന്നും തഹസിൽദാർ ഉറപ്പുകൊടുത്തതിനെത്തുടർന്ന് താത്‌കാലികമായി പ്രതിഷേധം അവസാനിപ്പിച്ചു.

രണ്ടുദിവസത്തിനുള്ളിൽ നടപടി പൂർത്തീകരിച്ചില്ലെങ്കിൽ വില്ലേജ് ഓഫീസിനുമുമ്പിൽ അനിശ്ചിതകാല സമരം നടത്തുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. നാല് എം.പി.മാരുടെ ഫണ്ടുകൾ ചേർത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തിയെ സംബന്ധിച്ചും പ്രദേശവാസികൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

ആൾത്താമസമില്ലാത്ത പ്രദേശത്തേക്ക് ഭൂവുടമകളുടെ പറമ്പ് സംരക്ഷിക്കുന്നതിനാണ് ലക്ഷങ്ങൾ മുടക്കി സൈഡ് പ്രൊട്ടക്‌ഷൻ നടത്തുന്നതെന്നാണ് ദുരന്തബാധിതരുടെ ആക്ഷേപം. വടകര തഹസിൽദാർ അനിൽകുമാർ പുതിയെടുത്ത്, വാണിമേൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. രാജീവൻ, വാർഡ് മെമ്പർ ഷെബി സെബാസ്റ്റ്യൻ, എൻ.പി. വാസു, വിലങ്ങാട് വില്ലേജ് ഓഫീസർ കെ.ജെ. ജോസ്, ജോണി പന്തമാക്കൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.