ലിങ്ക് റോഡിലെ സ്റ്റാൻഡ് വീണ്ടുംമാറ്റി; സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്

വലഞ്ഞ് യാത്രക്കാർ
വടകര : വടകര ലിങ്ക് റോഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന സ്വകാര്യബസുകളെ മുന്നറിയിപ്പില്ലാതെ പഴയ ബസ്‌സ്റ്റാ ൻഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ബസുകൾ ബുധനാഴ്ച മിന്നൽ പണിമുടക്ക് നടത്തി.
വടകര-കൊയിലാണ്ടി, വടകര-പയ്യോളി-പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപ്പാലം എന്നീ സ്ഥലങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കിയത്. രാവിലെ കുറച്ചുസമയം ലിങ്ക് റോഡിലും പിന്നീട് ബസുടമകളുടെ നിർദേശപ്രകാരം പുതിയ ബസ്‌സ്റ്റാ ൻഡ് കേന്ദ്രീകരിച്ചും സർവീസ് നടത്തിയെങ്കിലും പിന്നീട് എല്ലാ ബസുകളും ഓട്ടംനിർത്തി. ഇതോടെ ഈ റൂട്ടുകളിലേക്കുള്ള യാത്രക്കാർ വലഞ്ഞു.
ഏറെക്കാലം ലിങ്ക് റോഡ് സ്റ്റാൻഡാക്കി സർവീസ് നടത്തിയ ബസുകളെ ജൂണിൽ പഴയ സ്റ്റാൻഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇത് വലിയപ്രയാസം തീർക്കുന്നുവെന്ന ബസ്സുടമകളുടെയും തൊഴിലാളികളുടെയും പരാതിപ്രകാരം ജൂലായ് മൂന്നിന് കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഓണംവരെ ബസുകളെ വീണ്ടും ലിങ്ക് റോഡിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇതാണ് വീണ്ടും പഴയ സ്റ്റാൻഡിലേക്ക് മാറ്റിയത്.
എന്നാൽ ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് ട്രാഫിക് പോലീസ് ബസ്സുടമകളോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും മുൻകൂട്ടി എല്ലാവരെയും അറിയിക്കാതെ സ്റ്റാൻഡ് മാറ്റരുതെന്ന് ബസ്സുടമകൾ ആവശ്യപ്പെട്ടിരുന്നു. പഴയ സ്റ്റാൻഡിലേക്ക് മാറ്റാൻ യോഗം ചേർന്ന് തീരുമാനിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്നും വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.
സംഘടനയുടെ കൺവെൻഷൻ നടക്കുന്നദിവസം തന്നെ ബസ് മാറ്റിയത് ശരിയല്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ലിങ്ക് റോഡ് കേന്ദ്രീകരിച്ചുതന്നെ സർവീസ് തുടങ്ങിയെങ്കിലും പത്തുമണിയോടെ പോലീസെത്തി പഴയ സ്റ്റാൻഡിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ആശയക്കുഴപ്പമായി. തത്കാലം പുതിയ സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവീസ് നടത്താൻ ഉടമകൾ തൊഴിലാളികളോട് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ ഓരോരുത്തരായി ഓട്ടംനിർത്തി. ഇത് പിന്നാലെ മിന്നൽപണിമുടക്കായി മാറി.
പ്രയാസത്തിലായി യാത്രക്കാർ
മിന്നൽ പണിമുടക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ബാധിച്ചു. രാവിലെ സ്കൂളുകളിലേക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും പോയ കുട്ടികൾ വൈകീട്ട് ബസ് കയറാൻ എത്തിയപ്പോഴാണ് സർവീസ് നിർത്തിവെച്ചതായി അറിഞ്ഞത്. ഇതോടെ പലരും സ്റ്റാൻഡിൽ കുടുങ്ങി.
ഓട്ടോ വിളിച്ചും മറ്റും പോകാൻ പലരുടെയും കൈയിൽ കൂടുതൽ പണം ഇല്ലാത്തതും പ്രശ്നമായി. ലിങ്ക് റോഡിൽനിന്ന് വിവരമറിഞ്ഞ് കുറെ പേർ പഴയ ബസ്‌സ്റ്റാൻഡിലെത്തി. പിന്നാലെ പുതിയ ബസ് സ്റ്റാൻഡിലേക്ക് പോയി. കൊയിലാണ്ടി, പയ്യോളി ഭാഗത്തേക്കുള്ളവർ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ ആശ്രയിച്ചു. എന്നാൽ മറ്റു റൂട്ടുകളിലെ യാത്രക്കാർ പ്രയാസത്തിലായി.
ഇന്ന് വീണ്ടും ലിങ്ക് റോഡിലേക്ക്
മിന്നൽ പണിമുടക്കിനെത്തുടർന്ന് വടകര ഡിവൈ.എസ്.പി. കെ.കെ. ബിജു വിളിച്ചുചേർത്ത ബസുടമകളുടെയും തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും യോഗത്തിൽ വ്യാഴാഴ്ച മുതൽ ലിങ്ക് റോഡ് കേന്ദ്രീകരിച്ചുതന്നെ സർവീസ് നടത്താൻ തീരുമാനിച്ചു. 14-നുള്ളിൽ വീണ്ടും യോഗംചേർന്ന് സ്റ്റാൻഡ് മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കും. എ.പി. ഹരിദാസൻ, സൽവ കുഞ്ഞമ്മദ്, ജിജുകുമാർ എടവലത്ത്, കെ.ടി. സുഷിൻ, ചന്ദ്രൻ. തുണ്ടിയിൽ, എം. ബാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.