കൂത്താളി ജില്ലാകൃഷിഫാമിൽ ഫാം ടൂറിസത്തിന് സാധ്യതയേറെ

#സ്വന്തം ലേഖകൻ

പേരാമ്പ്ര: പെരുവണ്ണാമൂഴിക്ക് സമീപം കൂവ്വപ്പൊയിലിൽ സ്ഥിതിചെയ്യുന്ന കൂത്താളി ജില്ലാ കൃഷിഫാമിൽ ഫാം ടൂറിസത്തിന് സാധ്യതയേറെ. ഫാമിൽ 2012-13 കാലത്ത് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ചെറിയരീതിയിൽ പൂന്തോട്ടവും കുട്ടികളുടെ പാർക്കും അക്കാലത്ത് സജ്ജീകരിച്ചിട്ടുണ്ട്. 4.60 ലക്ഷം ചെലവിട്ടായിരുന്നു സൗകര്യങ്ങൾ ഒരുക്കിയത്. 2013 ഡിസംബറിൽ കെ. കുഞ്ഞമ്മദ് എം.എൽ.എ. ആണ് ഉദ്ഘാടനം നിർവഹിച്ചത്. ഇത് വിപുലപ്പെടുത്താൻ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പീന്നിട് ആലോചനകൾ നടന്നെങ്കിലും ഫലപ്രദമായില്ല. ഇങ്ങനെയൊരു പാർക്ക് ഇവിടെയുണ്ടെന്ന കാര്യംപോലും അധികമാർക്കും അറിയില്ല.

പൂന്തോട്ടം കൂടുതൽ മനോഹരമാക്കൽ, വെളിച്ച സംവിധാനമൊരുക്കൽ, കുളം സജ്ജമാക്കി മത്സ്യം വളർത്തൽ, വെള്ളത്തിന് കുറു​േക നടപ്പാലങ്ങൾ, മരത്തിന് മുകളിൽ താമസയോഗ്യമായ വീടുകൾ തുടങ്ങിയ കാര്യങ്ങൾ ഒരുക്കുന്നതിനെ പറ്റി 2017-ൽ ചർച്ചകളും നടന്നിരുന്നു. ടൂറിസം ഫണ്ട് ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ് പരിഗണിച്ചിരുന്നത്. സാധ്യത പഠനാർഥം ടൂറിസം ഉദ്യോഗസ്ഥർ കൃഷിത്തോട്ടത്തിൽ സന്ദർശനവും നടത്തിയിരുന്നു. എന്നാൽ ഫണ്ടനുവദിച്ച് പ്രായോഗികമാക്കാൻ തുടർനടപടികളുണ്ടായില്ല. കൃഷിത്തോട്ടത്തിൽ ഫാം ടൂറിസം വികസനത്തിനായി പത്തുവർഷം മുൻപ് ജില്ലാ പഞ്ചായത്ത് നേര​േത്ത തന്നെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. അതും നടപ്പായില്ല.

1963-ലാണ് കൃഷി ഫാം തുടങ്ങിയത്. 100 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കൃഷിത്തോട്ടത്തിൽ പച്ചക്കറികളടക്കമുള്ള തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്. പൂക്കൃഷി ഉൾപ്പടെ ചെയ്യാറുണ്ട്. ​െഡയറി ഫാമും ഇവിടെ പ്രവർത്തിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രമെന്നനിലയിൽ പെരുവണ്ണാമൂഴിയിൽ ഒട്ടേറെപ്പേർ എത്തുന്ന പ്രദേശമാണ്.

പുതിയ ടൂറിസം പദ്ധതി നടപ്പാക്കിയാൽ പെരുവണ്ണാമൂഴിയിൽ എത്തുന്ന സഞ്ചാരികളെ ഫാമിലേക്കും ആകർഷിക്കാനാകും. പഠനയാത്രയ്ക്കായി വിദ്യാർഥികൾക്കും പ്രയോജനമാകും. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിന് സമീപത്താണ് പാർക്കുള്ളത്. ഫാം സമയം കഴിഞ്ഞാൽ ഇപ്പോൾ ഇവിടേക്ക് ആർക്കും പ്രവേശനമില്ല. ഇവിടെ കോമ്പൗണ്ട് കെട്ടിത്തിരിച്ച് കാവൽക്കാരനെ നിയോഗിച്ചാൽ വൈകുന്നേരങ്ങളിലും ജനങ്ങൾക്കും എത്താൻ കഴിയും.